ഫോർച്യൂണറിന് ഇനി അൽപം വിശ്രമിക്കാം, രാജ്യം കാത്തിരുന്ന ആ വലിയ എസ്‌യുവിയുടെ ഡെലിവറി തുടങ്ങി
ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് എംജിയുടെ രണ്ടാംവരവിനായി ദീർഘകാലമായി കാത്തിരിക്കുകയായിരുന്നു ഇന്ത്യക്കാർ. ആദ്യ മോഡലായ ഗ്ലോസ്റ്ററിന് തിളങ്ങാനാവാതെ പോയെങ്കിലും രാജ്യത്ത് ബ്രിട്ടീഷ് പൈതൃകമുള്ള ചൈനീസ് വാഹന നിർമാതാക്കളുടെ ഇമേജ് കാര്യമായ രീതിയിൽ തന്നെ മാറിയിട്ടുണ്ട്. ഇവികളിലൂടെ തങ്ങളുടെ കഴിവുകൾ രാജ്യത്തിന് തെളിയിച്ച് കൊടുത്ത കമ്പനി ഗ്ലോസ്റ്ററിന്റെ പകരക്കാരനെ അവതരിപ്പിക്കുന്നത് കാത്തിരിക്കാൻ ഇത്രയൊക്കെ കാരണങ്ങൾ മതിയായിരുന്നു. വിഭാഗത്തിലെ കിങായ ടൊയോട്ട ഫോർച്യൂണറിനെ മലർത്തിയടിക്കാൻ കഴിവുള്ള മജസ്റ്റർ എന്ന എസ്‌യുവിയെയാണ് കമ്പനി ഇത്തവണ കൊണ്ടുവന്നത്. അടിപൊളി വിലയോടെ എത്തിയ മജസ്റ്റർ ബുക്ക് ചെയ്‌തവർക്ക് സന്തോഷ വാർത്തയുമായാണ് എംജി ഇപ്പോൾ എത്തുന്നത്.
രാജ്യം കാത്തിരുന്ന 40.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന എംജി മജസ്റ്ററിനായുള്ള ഡെലിവറി ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഇന്ത്യയിലെ ആദ്യത്തെ മജസ്റ്ററിന്റെ വിതരണം ഛത്തീസ്ഗഢിലെ ഉടമയ്ക്കാണ് ബ്രാൻഡ് പൂർത്തിയാക്കിയിരിക്കുന്നത്. എംജിയുടെ ഡീലർഷിപ്പായ മോട്ടോർ ശിവായ കാർസിൽ നിന്നുമാണ് ആദ്യ മോഡൽ നിരത്തിലിറങ്ങിയിരിക്കുന്നത്. മെയ് 27-ന് വില പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ എസ്‌യുവി ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ബ്രാൻഡിനായത് ശ്രദ്ധേയമായ കാര്യമാണ്.

സാവി 4x2 7-സീറ്റർ വേരിയന്റിന് 40.99 ലക്ഷം രൂപ, സാവി 4x2 6-സീറ്റർ വേരിയന്റിന് 40.99 ലക്ഷം രൂപ, സാവി 4x4 7-സീറ്റർ വേരിയന്റിന് 44.99 ലക്ഷം രൂപ എന്നിവയുടെ വില മാത്രമാണ് എംജി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഷാർപ്പ് വേരിയന്റുകളുടെ വിലയും എംജി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഗ്ലോസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ മജസ്റ്റർ കൂടുതൽ പ്രീമിയവും ഗംഭീരവുമായി കാണപ്പെടുന്നുവെന്ന് പറയാം.
മനോഹരമായ ഡിസൈനാണ് എസ്‌യുവിക്ക് നൽകിയിരിക്കുന്നത്. മുൻവശത്ത് എസ്‌യുവിക്ക് ഒരു വലിയ ഗ്ലോസ്-ബ്ലാക്ക് ഗ്രില്ലും പ്രൊമിനന്റായ "മോറിസ് ഗാരാജസ്" എന്ന എഴുത്തും എറിച്ചുനിൽക്കുന്നത് കാണാം. മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലിം എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ബമ്പറിൽ സംയോജിപ്പിച്ചിരിക്കുന്ന ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകളും ഉള്ള സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സജ്ജീകരണവും മുൻവശത്തെ ആകർഷകമാക്കുന്ന കാര്യങ്ങളാണ്.

മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന എംജി മജസ്റ്ററിന് 5,046 മില്ലീമീറ്റർ നീളവും 2,016 മില്ലീമീറ്റർ വീതിയും 1,876 മില്ലീമീറ്റർ ഉയരവും 2,950 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. എംജി ഇതിനെ ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് സെഗ്മെന്റ് എസ്‌യുവിയെന്നാണ് വിശേഷിപ്പിക്കുന്നത്. വശക്കാഴ്ച്ചയിൽ ഈ വലിപ്പം പ്രകടവുമാണ്. ഓൾ-ടെറൈൻ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകളാണ് മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം.
കട്ടിയുള്ള ബോഡി ക്ലാഡിംഗ്, പുതുക്കിയ സൈഡ് മോൾഡിംഗുകൾ, ശക്തമായ ഷോൾഡർ ലൈനുകൾ എന്നിവയും എസ്‌യുവിയുടെ സവിശേഷതകളാണ്. പിൻഭാഗത്ത്, ഗ്ലോസ്-ബ്ലാക്ക് സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ തന്നെയാവും ഏതൊരാളുടേയും കണ്ണിൽ ആദ്യമുടക്കുക. ഇന്റീരിയറിലേക്ക് വന്നാൽ പ്രീമിയം ഫീച്ചറുകൾ കുത്തിനിറച്ചുള്ളൊരു അകത്തളമാണ് ആളുകളെ കാത്തിരിക്കുന്നത്.

ഇൻഫോടെയ്ൻമെൻ്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കായി ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, 2-വേ പവർഡ്, വെന്റിലേറ്റഡ്, മസാജിംഗ് ഫ്രണ്ട് സീറ്റുകൾ, 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ വയർലെസ് ഫോൺ ചാർജറുകൾ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, പവർഡ് ടെയിൽഗേറ്റ്, വെന്റിലേറ്റഡ് റിയർ സീറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെല്ലാം വാഹനത്തിലുണ്ട്.
ഇതുകൂടാതെ ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്കുകൾ, ക്രാൾ കൺട്രോൾ, 810 മില്ലീമീറ്റർ വാട്ടർ വേഡിംഗ് ഡെപ്ത് എന്നിവ പോലുള്ള ചില പ്രധാന സവിശേഷതകൾ കൂട്ടിച്ചേർത്തുകൊണ്ട് എത്തുന്ന എസ്‌യുവി ഫോർച്യൂണറിനെ വിറപ്പിക്കും. 10 ഓഫ്-റോഡ് മോഡുകൾ, ലെവൽ 2 ADAS എന്നീ ഫീച്ചറുകളുടെ അകമ്പടിയും പുത്തൻ എംജി മജസ്റ്ററിലുണ്ടാവും. സേഫ്റ്റിയിലേക്ക് വന്നാൽ 6 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നിവയെല്ലാം കൂട്ടിനുണ്ട്.
അതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ് (HHA), ഓട്ടോ-ഹോൾഡ് ഉള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എംജി മജസ്റ്ററിൽ ഒരുക്കിയിട്ടുണ്ട്. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp പവറിൽ പരമാവധി 478 Nm ടോർക്ക് വരെ നിർമിക്കാനും കഴിവുണ്ട്.


Click it and Unblock the Notifications