സെഗ്മെൻ്റിലെ ഏറ്റവും വലിയ എസ്‌യുവി, ഫോർച്യൂണറിനെ തോൽപ്പിക്കാൻ എംജിയുടെ പുത്തൻ ആയുധം
ഇന്ത്യയിലെ ഡി-സെഗ്മെൻ്റ് എസ്‌യുവി നിരയിൽ കാലങ്ങളായി കിരീടം കൈവശം വെച്ചിരിക്കുന്ന മോഡലാണ് ടൊയോട്ട ഫോർച്യൂണർ. സാക്ഷാൽ ഫോർഡ് എൻഡവർ പോലും വിചാരിച്ചിട്ട് പോലും ജാപ്പനീസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തെ താഴെയിറക്കാൻ സാധിച്ചിട്ടില്ലെന്നതാണ് സത്യം. പിന്നീട് ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക്, എംജി ഗ്ലോസ്റ്റർ പോലുള്ള വമ്പൻമാർ ശ്രമിച്ചിട്ടും ഫോർച്യൂറിൻ്റെ കോട്ടയ്ക്ക് അനക്കമൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ ഒരിക്കൽ കൂടി ടൊയോട്ടയുടെ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ഇറങ്ങിത്തിരിക്കുകയാണ് എംജി മോട്ടോർസ്. മജസ്റ്റർ എന്ന കൊലകൊമ്പനെ ഇന്ത്യയിലെത്തിച്ച് എല്ലാത്തിനും ഉത്തരം നൽകാനാണ് ബ്രാൻഡിൻ്റെ തീരുമാനം.
ഫെബ്രുവരി 12-ന് എംജി മജസ്റ്റർ ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഹൈപ്പ് ഉയർത്തുന്ന കിടിലൻ ടീസർ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് കമ്പനി. സെഗ്‌മെൻ്റിലെ ഏറ്റവും നീളമേറിയതും വീതിയുള്ളതും ഉയരമുള്ളതുമായ എസ്‌യുവിയായിരിക്കും മജസ്റ്റർ എന്നാണ് ബ്രാൻഡിൻ്റെ അവകാശവാദം. 2025 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച എംജി മജസ്റ്ററിൻ്റെ വരവ് എന്തായാലും ആരവം സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്.

ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന മാക്‌സസ് D90 എസ്‌യുവിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് മജസ്റ്റർ. അന്യായ റോഡ് പ്രസൻസ് നൽകുന്ന രൂപത്തിനൊപ്പം മുന്നിൽ നേർത്ത എൽഇഡി ഘടകങ്ങളാൽ ചുറ്റപ്പെട്ട വലിയ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും, കട്ടിയുള്ള സ്‌കിഡ് പ്ലേറ്റും ഡിസൈൻ കൂടുതൽ മസ്ക്കുലറാക്കും. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, ബോണറ്റ് ലൈനിനൊപ്പം സ്ഥാപിച്ചിരിക്കുന്ന ഡിആർഎല്ലുകൾ, സ്കൾപ്പഡ് ബോണറ്റ് എന്നിവ എസ്‌യുവിയുടെ മസ്ക്കുലാരിറ്റി വർധിപ്പിക്കുമുണ്ട്.
വശക്കാഴ്ച്ചയിലേക്ക് വന്നാൽ മജസ്റ്റർ വലിപ്പത്തിലും 20 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളും ഉപയോഗിച്ച് ഞെട്ടിക്കാനാണ് തയാറെടുക്കുന്നത്. കട്ടിയുള്ള ക്ലാഡിംഗിൽ പൂർത്തിയാക്കിയ ഫ്ലേർഡ് വീൽ ആർച്ചുകൾ വാഹനത്തിൻ്റെ പരുക്കൻ ആകർഷണം ഉയർത്തും. അകത്തേക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനുമായി സൈഡ് സ്റ്റെപ്പുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. കോസ്മെറ്റിക് റൂഫ് റെയിലുകളും സൈഡ് ഭാഗത്തെ മനോഹരമാക്കുന്നുണ്ട്.

പിൻഭാഗത്തേക്ക് നോക്കിയാൽ റാപ്പർറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളാവും ആദ്യം കണ്ണിൽപ്പെടുക. ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ഫിനിഷറുകളും ഒരു പ്രൊമിനൻ്റ് സ്‌കിഡ് പ്ലേറ്റും ഉൾക്കൊള്ളുന്ന കരുത്തുറ്റ ബമ്പറും റിയർ എൻഡിനെ പൂർത്തിയാക്കുന്നു. മജസ്റ്ററിൻ്റെ അകത്തളം കറുപ്പ് നിറത്തിലാണ് ഒരുക്കിവെച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനുമായി ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രീമിയം ഓഡിയോ സിസ്റ്റവും എംജി മജസ്റ്ററിൻ്റെ ഭാഗമാണ്. വയർലെസ് ഫോൺ ചാർജിംഗ്, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇലക്ട്രിക്കൽ ടെയിൽഗേറ്റ് എന്നിവ എസ്‌യുവിയുടെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. സേഫ്റ്റിയുടെ കാര്യത്തിലും ഫോർച്യൂണറിനെ വെല്ലുന്ന തരത്തിലാണ് മജസ്റ്റർ പണികഴിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട്, സൈഡ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട്, ഹിൽ-ഡിസെന്റ് അസിസ്റ്റ്, TPMS, ISOFIX മൗണ്ടുകൾ എന്നീ ഫീച്ചറുകളാണ് പ്രധാന ഹൈലൈറ്റ്.

ഒപ്പം തിരഞ്ഞെടുത്ത വകഭേദങ്ങളിൽ ലെവൽ 2 ADAS ലഭിക്കും. ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ മജസ്റ്ററിന് 5,046 mm നീളവും 2,016 mm വീതിയും 1,876 mm ഉയരവും 2,950 mm വീൽബേസുമാണുള്ളത്. വെറുതേയാണോ സെഗ്മെൻ്റിലെ ഏറ്റവും വലിയ എസ്‌യുവിയായി എംജി ഇതിനെ മാർക്കറ്റ് ചെയ്യുന്നത്.
മജസ്റ്ററിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളാവും തുടിപ്പേകാൻ എത്തുക. സിംഗിൾ ടർബോ എഞ്ചിൻ 158.7 bhp കരുത്തിൽ 373.5 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ വാഹനത്തിലെ ട്വിൻ-ടർബോ ഡീസൽ 212.5 bhp പവറിൽ 478.5 Nm ടോർക്കാണ് വികസിപ്പിക്കുക. രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കും. സ്റ്റാൻഡേർഡായി റിയർ-വീൽ ഡ്രൈവ്, ഓപ്ഷനായി ഫോർ-വീൽ ഡ്രൈവ് എന്നിവയും വാഹനത്തിൽ ലഭ്യമാകും.


Click it and Unblock the Notifications








