ഡീസൽ അടിച്ച് കാശ് കളയേണ്ട! കറണ്ടിൽ 332 കിലോമീറ്റർ ഓടിക്കാം, ടാക്‌സി ഇലക്‌ട്രിക് കാറുമായി എംജി
ഇലക്‌ട്രിക് കാർ വിപണിയിൽ തരംഗം തീർത്ത് മുന്നേറുകയാണ് എംജി വിൻഡ്‌സർ ഇവി. വിമാനത്തിലേത് പോലെ യാത്രാസുഖം തരുന്ന അകത്തളവുമായി എത്തിയ മോഡൽ ഹിറ്റടിച്ചത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. സാക്ഷാൽ ടാറ്റ നെക്സോൺ ഇവിയെ വരെ പിന്നിലാക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായി വിൻഡ്‌സർ മാറിയതും വളരെ പെട്ടന്നായിരുന്നു. ഇപ്പോഴിതാ ടാക്‌സിയോടിക്കാൻ താത്പര്യമുള്ളവർക്കായി വിൻഡ്‌സർ ഇവിയുടെ ഒരു ഫ്ലീറ്റ്-ഒൺലി 'കമ്മ്യൂട്ട്' വേരിയന്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഡീസൽ കാറുകളേക്കാൾ കൂടുതൽ ലാഭമുണ്ടാക്കാൻ വൈദ്യുത മോഡലുകൾ ഡ്രൈവർ മാരെ സഹായിക്കുന്നതായിരിക്കും.
പിന്നെ അഡാറ് യാത്രാസുഖം കൂടിയാവുമ്പോൾ ടാക്‌സിയായി വാങ്ങിയിട്ടാൽ വെറുതേയിരിക്കേണ്ടി വരില്ല കേട്ടോ. മെട്രോ നഗരങ്ങളിൽ ടാക്‌സിയോടാൻ പുതിയ കാർ തിരയുന്നവർ ഇനി നേരെ എംജിയുടെ ഷോറൂമിലേക്ക് വണ്ടിവിട്ടോളൂ. ചെലവ് കുറഞ്ഞ ബാറ്ററി ആസ് എ സർവീസ് വഴിയും ഈ വേരിയന്റ് സ്വന്തമാക്കാനാവുമെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എക്‌സൈറ്റ് ബേസ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്മ്യൂട്ട് വേരിയന്റിന് ഏകദേശം 61,000 രൂപ കുറവാണ്.

ചെലവ് കുറയ്ക്കുന്നതിനായി ഇവിയിലെ ചില സവിശേഷതകൾ ഒഴിവാക്കിയാണ് ടാക്‌സി വേരിയന്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ORVM-മൗണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ തുടങ്ങിയ സവിശേഷതകൾ മറ്റ് ട്രിമ്മുകൾക്ക് സമാനമായി ഇതിലും ലഭിക്കുന്നതാണ്. എങ്കിലും അലോയ് വീലുകൾക്ക് പകരം 17 ഇഞ്ച് സ്റ്റീൽ വീലുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
ഇന്റീരിയർ പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. സീറ്റ് അപ്ഹോൾസ്റ്ററിയിൽ ക്ലോത്ത് മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. എക്സൈറ്റ് പതിപ്പിൽ നിന്ന് കടമെടുത്ത 7 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതലുണ്ട്. എന്നാൽ കമ്മ്യൂട്ടിന് സെൻട്രൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ നഷ്ടമായിട്ടുണ്ട്. പകരം യുഎസ്‌ബി, എഫ്എം, ബ്ലൂടൂത്ത് പോലുള്ള പരിമിതമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് വാഗ്ദാനം ചെയ്യുന്നത്.

മാനുവൽ എസി, ഒആർവിഎം, ക്രൂയിസ് കൺട്രോൾ, ടിൽറ്റ്-ആൻഡ്-ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ, പവർ വിൻഡോകൾ, യുഎസ്ബി ചാർജറുകൾ എന്നിവയാണ് എംജി വിൻഡ്‌സർ ഇവിയുടെ കമ്മ്യൂട്ട് ടാക്‌സി വേരിയന്റിലെ മറ്റ് സവിശേഷതകൾ. പിന്നിൽ ഇരിക്കുന്നവർക്ക് സീറ്റുകൾ ചാരിയിരുന്ന് യാത്രാ സുഖം വർധിപ്പിക്കാനും കഴിയും. സുരക്ഷയുടെ കാര്യത്തിലും കോംപ്രമൈസ് ഒന്നും നടത്തിയിട്ടില്ല കേട്ടോ.
എംജിയുടെ ഇലക്‌ട്രിക് കാറിൽ 4 ഡിസ്ക് ബ്രേക്കുകൾ, 2 എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയെല്ലാം ലഭിക്കുന്നതായിരിക്കും. എക്‌സൈറ്റ് മോഡലിനെപ്പോലെ വിൻഡ്‌സർ കമ്മ്യൂട്ട് പതിപ്പിലും 38kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. സിംഗിൾ ചാർജിൽ ഇവിക്ക് 332 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ചാർജിംഗിന്റെ കാര്യത്തിലും മോശക്കാരനല്ല കക്ഷി.

7.4kW AC ചാർജർ ഉപയോഗിച്ച് എംജി വിൻഡ്‌സർ ഇവിയിലെ ബാറ്ററി പായ്ക്ക് 10-100 ശതമാനം ചാർജ് ചെയ്യാൻ 7 മണിക്കൂർ സമയമാണ് വേണ്ടിവരിക. അതേസമയം 45kW DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 45 മിനിറ്റിനുള്ളിൽ 20-80 ശതമാനം റീചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. എന്തായാലും പുതുവേരിയന്റിന്റെ വരവോടെ സിയുവിയുടെ വിൽപ്പന കുറച്ചുകൂടി വർധിപ്പിക്കാനാവുമെന്നാണ് കമ്പനിയുടെ വിശ്വാസം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








