വിമാനത്തിലെ യാത്രാസുഖം തരുന്ന കറണ്ടിൽ ഓടുന്ന കാറിന് വില കൂട്ടി, ഇനി 60,000 രൂപയോളം അധികം വേണം
ഇലക്‌ട്രിക് വാഹനങ്ങളിലൂടെ ഇന്ത്യക്കാരുടെ മനസിളക്കിയവരാണ് എംജി മോട്ടോർ. കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 75 ശതമാനവും ഇപ്പോൾ ഇവികളാണ് സംഭാവന ചെയ്യുന്നത്. വിൻഡ്‌സർ ഇവി, കോമെറ്റ് ഇവി, ZS ഇവി, സൈബർസ്റ്റർ, M9 എന്നീ വമ്പൻമാരെ മുൻനിർത്തിയാണ് ഇപ്പോൾ ബ്രാൻഡ് പണംവാരുന്നതും. ശരിക്കും ഇക്കൂട്ടത്തിൽ തുറപ്പുചീട്ടായത് രാജ്യത്തെ ആദ്യത്തെ ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനമായ (CUV) വിൻഡ്‌സർ തന്നെയാണെന്ന് നിസംശയം പറയാം. ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര ബോൺ ഇലക്ട്രിക് എസ്‌യുവികൾ എന്നിവയെ കടത്തിവെട്ടി 2025 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ വൈദ്യുത വാഹനമായി മാറിയതൊന്നും വെറുതെയാവില്ലല്ലോ.
എന്നാൽ ഇനി മുതൽ വിൻഡ്‌സർ ഇവി വാങ്ങാൻ പോവുന്നവർ പണം കൂടുതൽ കരുതേണ്ടി വരും. ഇലക്ട്രിക് കാറിന്റെ വില ഒറ്റയടിക്ക് കമ്പനി 60,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി വർധിച്ചുവരുന്ന ചില ഇൻപുട്ട് ചെലവുകൾ ഭാഗികമായിട്ടാവാം ഇത്തരത്തിലൊരു വില പരിഷ്ക്കാരം എംജി നടപ്പിലാക്കിയിരിക്കുന്നത്. കിയ, ടൊയോട്ട തുടങ്ങിയ മറ്റ് വിവിധ കാർ നിർമാതാക്കൾ സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2026 ജൂലൈയിൽ വില ഉയർത്തിയിരുന്നു.

വിൻഡ്‌സർ ഇവിയുടെ വില എംജി 40,000 മുതൽ 60,000 രൂപ വരെയാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്. ഇനി ശതമാനക്കണക്കിൽ പറഞ്ഞാൽ 2026 ജൂലൈയിൽ ഇലക്ട്രിക് കാറിന്റെ വില വർധനവ് 2.15 ശതമാനം മുതൽ 4.26 ശതമാനം വരെയാണെന്ന് സാരം. നിലവിൽ മോഡൽ അഞ്ച് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. ഇവ ഒന്നിനെ പോലും വെറുതെ വിടാതെ വില കൂട്ടിയിട്ടുണ്ട് കമ്പനി എന്നതാണ് ആളുകളെ നിരാശപ്പെടുത്തുന്ന കാര്യം.
എക്‌സൈറ്റ് ബേസ് വേരിയന്റിനാണ് ഏറ്റവും ഉയർന്ന വില വർധനവ് ഉണ്ടായിരിക്കുന്നത്. അതായത് മുകളിൽ പറഞ്ഞതുപോലെ ഈ വേരിയന്റിന് 60,000 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരുന്നത്. മുമ്പത്തെ വിലയായ 14.10 ലക്ഷം രൂപയിൽ നിന്ന് 14.70 ലക്ഷം രൂപയായി ഇതിന്റെ എക്സ്ഷോറൂം വില. എക്‌സ്‌ക്ലൂസീവ് വേരിയന്റിന്റെ വില 15.52 ലക്ഷത്തിൽ നിന്നും 46,900 രൂപയോളം വർധിച്ച് 15.99 ലക്ഷമായി മാറിയിട്ടുണ്ട്.

എംജി വിൻഡ്‌സർ ഇവിയുടെ മിഡ് എസെൻസ് വേരിയന്റിന്റെ കാര്യത്തിലേക്ക് വന്നാൽ 16.52 ലക്ഷമായിരുന്ന എക്സ്ഷോറൂം വില 46,900 രൂപ കൂടി 16.99 ലക്ഷമായി മാറിയിട്ടുണ്ട്. എക്‌സ്‌ക്ലൂസിവ് പ്രോയുടെ വിലയാണെങ്കിൽ 17.37 ലക്ഷത്തിൽ നിന്നും 52,000 രൂപ ഉയർന്ന് 17.89 ലക്ഷമായി. അതേസമയം ടോപ്പ് എൻഡ് എസെൻസ് പ്രോയ്ക്കാണ് ഏറ്റവും കുറഞ്ഞ വില വർധനവ് ലഭിച്ചിരിക്കുന്നത്.
18.59 ലക്ഷമായിരുന്ന വില 40,000 രൂപ ഉയർന്ന് 18.99 ലക്ഷം രൂപയായിട്ടാണ് മാറിയിരിക്കുന്നത്. വില കൂടിയെങ്കിലും മറ്റ് പരിഷ്ക്കാരങ്ങളൊന്നും വാഹനത്തിൽ സംഭവിച്ചിട്ടില്ല. എംജി വിൻഡ്‌സർ ഇവി എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് വേരിയന്റുകളിൽ 38 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. എക്‌സ്‌ക്ലൂസീവ് പ്രോ, എസെൻസ് പ്രോ എന്നിവയിൽ വലിയ 52.9 kWh ബാറ്ററി പായ്ക്കും കമ്പനി ഉപയോഗിക്കുന്നു.

സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന രണ്ട് ബാറ്ററി പായ്ക്ക് മോഡലുകൾക്കും ഒരേ പെർഫോമൻസ് കണക്കുകളാണുള്ളത്. അതായത് വിൻഡ്‌സർ ഇവി 134 bhp പവറിൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് സാരം. ചെറിയ ബാറ്ററി പായ്ക്ക് വേരിയന്റുകൾക്ക് 332 കിലോമീറ്റർ റേഞ്ചും വിൻഡ്‌സർ പ്രോ വേരിയന്റുകൾക്ക് 449 കിലോമീറ്റർ ഉയർന്ന റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്.
ചാർജിംഗിന്റെ വിശേഷങ്ങളിലേക്ക് വരികയാണെങ്കിൽ വിൻഡ്‌സർ ഇവിയുടെ ചെറിയ ബാറ്ററി പായ്ക്ക് ഉള്ള വകഭേദങ്ങൾ 45 kW വരെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായാണ് വരുന്നത്. അതേസമയം പ്രോ വേരിയന്റുകൾ 60 kW വരെ ഉയർന്ന ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ഏകദേശം 45 മിനിറ്റിനുള്ളിൽ ചെറിയ ബാറ്ററി പാക്കിന് 20-80% ചാർജ് നേടാൻ കഴിയും. വലിയ ബാറ്ററി പായ്ക്ക് ഇതേ രീതിയിൽ ചാർജാവാൻ ഏകദേശം 50 മിനിറ്റ് എടുക്കും.
എംജി വിൻഡ്‌സർ ഇവിയിൽ വിപുലമായ പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 15.6 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ, ഗ്ലാസ് റൂഫ്, വെഹിക്കിൾ ടു ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) ചാർജിംഗ്, ഇൻഫിനിറ്റിയുടെ 9 സ്പീക്കർ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, 80+ ഐ-സ്മാർട്ട് കണക്റ്റഡ് സവിശേഷതകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോണമസ് ലെവൽ 2 ADAS എന്നിവയാണ് സേഫ്റ്റി ഫീച്ചറുകൾ.


Click it and Unblock the Notifications