കുറഞ്ഞ വിലയുള്ള കൺട്രിമാൻ എസ്‌യുവിക്കായുള്ള ബുക്കിംഗ് തുടങ്ങി മിനി, തുടിപ്പേകുന്നത് 1.5 പെട്രോൾ എഞ്ചിൻ
ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ മിനിക്ക് ഇന്ത്യയിൽ പ്രത്യേക ഫാൻബേസ് തന്നെയാണുള്ളത്. നിലവിൽ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ മോഡലുകളെ പുതുക്കുന്നതും പുതിയ കാറുകൾ അവതരിപ്പിക്കുന്നതും ബ്രാൻഡിന്റെ പ്രധാന വിനോദമാണ്. ഇപ്പോഴിതാ ലക്ഷ്വറി കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ സാന്നിധ്യം വിപുലീകരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മിനി ഇന്ത്യ പുതിയ കൺട്രിമാൻ സിയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. മിനിയുടെ പുത്തൻ സുന്ദരിയെ വാങ്ങാൻ താത്പര്യമുള്ളവർക്ക് രാജ്യവ്യാപകമായി എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും എത്തി നേരിട്ട് വാഹനം ബുക്ക് ചെയ്‌തിടാം.
തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിൽ പ്രാദേശികമായിട്ടാണ് മിനി കൺട്രിമാൻ C നിർമിക്കുന്നത്. പെട്രോൾ എഞ്ചിനിൽ മാത്രം അവതരിപ്പിക്കുന്ന പുതിയ വേരിയന്റ് കൺട്രിമാൻ ശ്രേണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായിരിക്കുമെന്നതാണ് ശ്രദ്ധേയം. ബ്രാൻഡിന്റെ വ്യതിരിക്തമായ സ്റ്റൈലിംഗ് നഷ്ടപ്പെടുത്താതെ കൂടുതൽ സ്പേസ് തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ എസ്‌യുവിക്ക് സാധിച്ചേക്കും.

പ്രാദേശികമായി അസംബിൾ ചെയ്യുന്ന കൺട്രിമാൻ സിയുടെ വില പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന JCW All4 പതിപ്പിനെ അപേക്ഷിച്ച് വളരെ കുറവായിരിക്കുമെന്നാണ് അനുമാനം. ഏകദേശം 54 ലക്ഷം രൂപയുടെ പ്രാരംഭ വിലയുള്ള ബിഎംഡബ്ല്യു X1 എസ്‌യുവിക്ക് വളരെ അടുത്തായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപത്തിലാണ് ആഡംബര എസ്‌യുവി ഒരുക്കിവെച്ചിരിക്കുന്നത്.
സ്മോക്കി ഗ്രീൻ, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, നാനുക് വൈറ്റ്, ചില്ലി റെഡ്, സ്ലേറ്റ് ബ്ലൂ എന്നിങ്ങനെ ആകർഷകമായ 5 കളർ ഓപ്ഷനുകളിലാവും മിനി കൺട്രിമാൻ C അവതരിപ്പിക്കുക. കാറുകളിലെ മഹാറാണിയെന്നറിയപ്പെടുന്ന മിനിയുടെ പരിചിതമായ ഡിസൈൻ നിലനിർത്തിയാണ് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. മാറ്റ് ഷാംപെയ്ൻ-ഫിനിഷിലുള്ള ഗ്രിൽ, സ്കിഡ് പ്ലേറ്റുകൾ, ബാഡ്ജിംഗ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

അതേസമയം 19 ഇഞ്ച് അലോയ് വീലുകൾ ഇലക്ട്രിക് പതിപ്പിൽ കാണുന്നതിന് സമാനമാണ്. പിൻഭാഗത്തേക്ക് വന്നാൽ കസ്റ്റമൈസ് ചെയ്യാനാവുന്ന ലൈറ്റിംഗ് സിഗ്നേച്ചറുകളുള്ള മാട്രിക്സ് എൽഇഡി ടെയിൽ ലാമ്പുകൾ തന്നെയാണ് ആദ്യം കണ്ണിലുടക്കുക. എക്സ്റ്റീരിയറിനേക്കാൾ ആഡംബരമായാണ് മിനി കൺട്രിമാൻ സിയുടെ ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള 9.4 ഇഞ്ച് OLED ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, HVAC വെന്റുകൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, മിനിമൽ ഡാഷ്‌ബോർഡ് ലേഔട്ട് എന്നിവ എല്ലാവർക്കും ഇഷ്ടമാവും.
ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ലെതറെറ്റ് സീറ്റുകൾ, സൺറൂഫ്, മൾട്ടി-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ യൂണിറ്റ്, ഒന്നിലധികം എയർബാഗുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയാണ് മിനി ആഡംബര എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ. ബിഎംഡബ്ല്യു X1 മോഡലിന്റെ അതേ UKL2 ഫ്രണ്ട്-വീൽ-ഡ്രൈവ് ആർക്കിടെക്ചറാണ് ഇതിനും അടിത്തറ.

7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് മിനി കൺട്രിമാൻ C എസ്‌യുവിയുടെ ഹൃദയം. ഇത് ഏകദേശം 136 bhp കരുത്തിൽ പരമാവധി 230 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ മെർസിഡീസ് ബെൻസ് ജിഎൽഎ, ബിഎംഡബ്ല്യു X1, ഔഡി Q3 തുടങ്ങിയ വമ്പൻമാരുമായാണ് കൺട്രിമാന്റെ കുറഞ്ഞ വിലയുള്ള മോഡൽ മത്സരിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications