ഫ്രോങ്ക്‌സിനേക്കാൾ സൗകര്യം, വിലയും ഒരുപോലെ; പുതിയ മാറ്റങ്ങളോടെ സിറോസിന്റെ 2026 മോഡൽ ഇങ്ങെത്തി
ഇന്ത്യക്കാരെ വിസ്‌മയിപ്പിക്കുവാനായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കൊണ്ടുവന്നൊരു കുഞ്ഞൻ എസ്‌യുവിയായിരുന്നു സിറോസ് (Kia Syros). സോനെറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്ന അതേ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ രണ്ടാമതൊരു മോഡലിനെ കൂടി കൊണ്ടുവരുന്ന ബ്രാൻഡിന്റെ തന്ത്രം പക്ഷേ വിലപ്പോയില്ലെന്ന് വേണം പറയാൻ. ചെറിയ വിലയ്ക്ക് കിട്ടുന്ന ആഡംബര കാറായിട്ടും ആളുകൾക്ക് എന്തോ സിറോസിനെ കാര്യമായി ബോധിച്ചില്ല. പല ആഡംബര കാറുകളിലും മാത്രം കണ്ടിരുന്ന ഫീച്ചറുകളെല്ലാം ചെറിയ വിലയ്ക്ക് എത്തിക്കാൻ മോഡലിലൂടെ കിയയ്ക്ക് സാധിച്ചുവെങ്കിലും പരാജയമായിരുന്നു കാത്തിരുന്നത്.
പക്ഷേ തോറ്റുപിൻമാറാൻ കിയ തയാറല്ലെന്നതാണ് സത്യം. അതിന്റെ ഭാഗമായിതാ പുതുക്കിയ ഡിസൈൻ, പുത്തൻ വേരിയന്റ് ലൈനപ്പ്, പ്രീമിയം സവിശേഷതകളിലേക്കുള്ള മെച്ചപ്പെട്ട ആക്‌സസിബിലിറ്റി എന്നിവയോടെ സിറോസിന്റെ അപ്‌ഡേറ്റ് ചെയ്‌ത 2026 മോഡൽ കിയ ഇന്ത്യ അവതരിപ്പിച്ചു. 8.39 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് കോംപാക്‌ട് എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നത്.

2026 കിയ സിറോസിലേക്ക് HTE, HTE(O), HTK+(O), HTX(O) എന്നീ പുതിയ വകഭേദങ്ങൾ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ HTK+ ട്രിം മുതൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കമ്പനി നൽകുന്നുണ്ടെന്നത് കൂടുതൽ ആളുകളെ ആകർഷിച്ചേക്കും. ഡീസൽ ഉപഭോക്താക്കൾക്കായി ബ്രാൻഡ് ഓട്ടോമാറ്റിക് ഓപ്ഷനുകൾ വിപുലീകരിച്ചിട്ടുണ്ടെന്നതും ഇനിയങ്ങോട്ട് വിൽപ്പന വർധിക്കാൻ കാരണമാവും.
ഡീസൽ ഓട്ടോമാറ്റിക്കിന്റെ ഇപ്പോൾ വില 12.73 ലക്ഷം രൂപയിൽ നിന്നാണ് തുടങ്ങുന്നത്. പുതിയ മോഡലിന്റെ ഡിസൈനിൽ നിന്നും പറഞ്ഞുതുടങ്ങാം. അടിസ്ഥാന രൂപം അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും ചില പ്രത്യേക മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും സിറോസിലേക്ക് കൊണ്ടുവരാണ് കിയ തയാറായി. റീഡിസൈൻ ചെയ്ത ബമ്പർ, ബോഡി കളർ എയ്‌റോ ഇൻസേർട്ടുകൾ, എൽഇഡി ഫോഗ് ലാമ്പുകളുമായി സംയോജിപ്പിച്ച ഗ്ലോസി ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകൾ എന്നിവ എസ്‌യുവിയുടെ മുൻവശത്തിന് കൂടുതൽ സ്‌പോർട്ടി ലുക്ക് സമ്മാനിക്കുന്നുണ്ട്.

വശക്കാഴ്ച്ചയിൽ ഗ്ലോസ് ബ്ലാക്ക് റൂഫ് റെയിലുകൾ, ഒആർവിഎമ്മുകൾ, ബോഡി കളർ സൈഡ് ഗാർണിഷുകൾ എന്നിവ കൊടുത്ത് ലുക്ക് കൂടുതൽ മികച്ചതാക്കിയപ്പോൾ പിന്നിലെ ബമ്പർ പുനർനിർമിച്ചു. കൂടാതെ പുതിയ എൽഇഡി ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലാമ്പും വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ സംഭവം കൂടുതൽ കളറായിട്ടുണ്ട്. ടോപ്പ് HTX, HTX(O) ട്രിമ്മുകൾ ഇപ്പോൾ നിയോൺ ബ്രേക്ക് കാലിപ്പറുകളുള്ള പുതിയ 17 ഇഞ്ച് ക്രിസ്റ്റൽ-കട്ട് അലോയ് വീലുകളിലാണ് എത്തുന്നത്.
വിൽപ്പന കണക്കുകൾ മെച്ചപ്പെടുത്തുന്നതിനായി മാഗ്മ റെഡ്, ഐവറി സിൽവർ മാറ്റ്, ഐവറി സിൽവർ ഗ്ലോസ് എന്നിവയുൾപ്പെടെ പുതിയ കളർ ഓപ്ഷനുകളും 2026 മോഡൽ സിറോസിലേക്ക് കിയ ചേർത്തിട്ടുണ്ട്. എക്സ്റ്റീരിയറിലേത് പോലെ പരിഷ്ക്കാരങ്ങൾ ഇന്റീരിയറിലും കാണാം. ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റേഷൻ, കണക്റ്റഡ് നാവിഗേഷൻ എന്നിവ സംയോജിപ്പിക്കുന്ന 30 ഇഞ്ച് വലിയ പനോരമിക് ഡിസ്പ്ലേ സജ്ജീകരണമാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഒപ്പം ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, 60:40 സ്പ്ലിറ്റ് കോൺഫിഗറേഷനോടുകൂടിയ സ്ലൈഡിംഗ്, റീക്ലൈനിംഗ് രണ്ടാം നിര സീറ്റുകൾ എന്നിവയും 2026 കിയ സിറോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കമ്പനി കൊടുത്തിട്ടുണ്ട്. എസ്‌യുവിക്ക് ഇതിനകം തന്നെ BNCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.
കൂടാതെ 80-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, OTA അപ്‌ഡേറ്റുകൾ, കിയ കണക്റ്റ് ഡയഗ്നോസ്റ്റിക്സ് എന്നിവയും വാഹനത്തിൽ ലഭ്യമാണ്. 2026 മോഡലിൽ എഞ്ചിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുകയാണ്. കിയ സിറോസ് ബേസ് പെട്രോൾ മാനുവൽ വേരിയന്റിന് 8.39 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ്-സ്പെക്ക് ഡീസൽ ഓട്ടോമാറ്റിക് ട്രിമിന് 15.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








