വാഗൺആറിന് ചെക്ക്, 5.49 ലക്ഷത്തിൻ്റെ കാറിലേക്ക് സ്റ്റൈലൻ മാറ്റങ്ങളുമായി സിട്രൺ! ചെത്ത് ഫീച്ചറുകളുമുണ്ട്
ഇന്ത്യക്കാരുടെ ഗുഡ്ബുക്കിൽ ഇടംനേടാതെ കഷ്‌ടപ്പെടുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ (Citroen). ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എന്ന് ഇംഗ്ലീഷിൽ പറയുന്നത് എത്ര ശരിയാണെന്ന് സിട്രണിൻ്റെ ഇന്ത്യയിലെ അവസ്ഥ കണ്ടാൽ മനസിലാക്കാം. തുടക്കം പാളിയതോടെ പിന്നീട് എത്തിയ നല്ല മോഡലുകളെ പോലും ഇവിടെയുള്ളവർ മൈൻഡ് ചെയ്‌തില്ല. കോസ്റ്റ് കട്ടിംഗിനും നിർമാണ ചെലവുകൾ കുറയ്ക്കാനുമായി മെയ്‌ഡ് ഇൻ ഇന്ത്യ മോഡലുകളിൽ വരുത്തിയ കുറവുകൾ തിരിച്ചടിയാവുകയായിരുന്നു. ഇന്ത്യക്കാരെ കമ്പനി ശരിക്കും പഠിക്കാതെ അണ്ടർഎസ്റ്റിമേറ്റ് ചെയ്‌തുവെന്ന് പറയുന്നതാവും ശരി.
തങ്ങൾക്കുണ്ടായിരുന്ന കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിക്കാൻ തയാറായ ബ്രാൻഡ് ഇന്ത്യക്കാരുടെ മനസിൽ കയറിപറ്റാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുകയാണിപ്പോൾ. മോഡലുകളിലുണ്ടായിരുന്ന കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിച്ച് മിടുക്കൻമാരാക്കിക്കൊണ്ടിരിക്കുകയാണ് സിട്രൺ. മാറ്റത്തിൻ്റെ പാതയിലായ കമ്പനി ഇന്ത്യൻ വിപണിയിൽ സിട്രൺ 2.0 എന്ന പുതിയ തന്ത്രം പ്രയോഗിച്ച് വാഹനങ്ങളെ കൂടുതൽ ആകർഷകമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇതിൻ്റെ ഭാഗമായി X എന്ന പേരിൽ പുതിയ വേരിയൻ്റുകൾ സിട്രൺ മോഡൽ നിരയിൽ ചേർത്തിരുന്നു. ആളുകളുടെ മനസ് ചെറുതായൊന്ന് ഇളക്കായ കമ്പനി ഇപ്പോഴിതാ എയർക്രോസ് X, C3 ഹാച്ച്ബാക്ക് മോഡലുകളുടെ പുതിയ വകഭേദങ്ങൾ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. ബ്രാൻഡിൻ്റെ വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള C3 ലൈവ് (O) മോഡലിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിശദീകരിക്കാൻ പോവുന്നത്.
സിട്രൺ ഇന്ത്യയുടെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള C3 ഹാച്ച്ബാക്കിലേക്ക് ബേസ് ലൈവ് ട്രിം ലെവലിൻ്റെ ഒരു പുതിയ ഓപ്ഷണൽ വേരിയൻ്റാണ് കൊണ്ടുവന്നിരിക്കുന്നത്. ലൈവ് (O) എന്ന് വിളിക്കപ്പെടുന്ന ഇത് ലൈവിന് മുകളിലും ഫീൽ, ഫീൽ (O), ഷൈൻ ട്രിം ലെവലുകൾക്ക് താഴെയുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് 5.49 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. പെർല നേര ബ്ലാക്ക് എന്ന കിടിലൻ കളർ ഓപ്ഷനിൽ മാത്രമേ ഇത് ലഭിക്കൂവെന്ന് മാത്രം.

സിട്രൺ C3 ലൈവ് (O) വേരിയൻ്റിൽ പത്തിലധികം ശ്രദ്ധേയമായ സവിശേഷതകൾ ഉണ്ടെന്നും ഫ്രഞ്ച് വാഹന നിർമാതാക്കൾ പറയുന്നു. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 10.1 ഇഞ്ച് ആൻഡ്രോയിഡ് സിസ്റ്റം, സ്പീക്കറുകൾ, റിയർ-വ്യൂ ക്യാമറ, ക്രോം ടച്ച് ഫോഗ് ലൈറ്റുകൾ, വീൽ കവറുകൾ, ക്രോം ഇൻസേർട്ടുകളുള്ള സൈഡ് ബോഡി ക്ലാഡിംഗ്, വീൽ ആർച്ച് ക്ലാഡിംഗുകൾ തുടങ്ങിയവയാണ് വാഹനത്തിലെ ആ ഫീച്ചറുകൾ.
C3X മോഡലിന് മെക്കാനിക്കൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ബേസ് മോഡലായതിനാൽ തന്നെ 1.2 ലിറ്റർ പ്യുർടെക് 82 NA പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ പുതിയ C3 ലൈവ് (O) വേരിയൻ്റ് വാങ്ങാനാവൂ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 80.4 bhp പവറിൽ പരമാവധി 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഹാച്ച്ബാക്കിൻ്റെ ടോപ്പ് വേരിയൻ്റുകളിൽ 1.2 ലിറ്റർ പ്യുർടെക് 110 ഡയറക്ട് ഇൻജക്ഷൻ ടർബോ പെട്രോൾ എഞ്ചിനുമുണ്ട്.
ഇതിന് 108.54 bhp കരുത്തിൽ 205 Nm ടോർക്ക് വരെ നിർമിക്കാനാവുന്നതാണ്. ടർബോ വേരിയൻ്റുകൾക്ക് 10 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കുന്നതാണ്. 19.3 കിലോമീറ്റർ വരെ മൈലേജും വാഹനത്തിൽ ലഭിക്കുമെന്നാണ് സിട്രൺ പറയുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും തെരഞ്ഞെടുക്കുന്ന എഞ്ചിൻ ഓപ്ഷനെ അനുസരിച്ച് ലഭിക്കും.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ (EBD), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം (TPMS), എഞ്ചിൻ ഇമ്മൊബിലൈസർ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, പെരിമെട്രിക് അലാറം എന്നിവയെല്ലാം സിട്രൺ C3 മോഡലിലുണ്ട്. ഇന്ത്യയിൽ മാരുതി ഹാച്ച്ബാക്കുകൾക്ക് ബദലായി തെരഞ്ഞെടുക്കാവുന്ന മിടുക്കൻ കാറാണിത്.


Click it and Unblock the Notifications








