കഴുത്തറക്കാതെ സെൽറ്റോസിനും വില കൂട്ടി, ഇനി പുതിയ വില നൽകണം; വർധിപ്പിച്ചത് എത്രയാണെന്നോ
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ച മോഡലാണ് കിയ സെൽറ്റോസ്. കൊറിയയിൽ നിന്നും ഇന്ത്യയിലേക്ക് പറന്നിറങ്ങിയപ്പോൾ കമ്പനി പോലും പ്രതീക്ഷിക്കാത്ത രീതിയിലാണ് മോഡലിന് സ്വീകാര്യത ലഭിച്ചത്. ഇതിനിടയിൽ പല ന്യൂജെൻ എസ്‌യുവികളും രാജ്യത്ത് എത്തിയെങ്കിലും ആളുകൾക്ക് സെൽറ്റോസിനോടുള്ള ഇഷ്‌ടം കുറഞ്ഞതേയില്ല. കൃത്യമായ ഇടവേളകളിൽ വാഹനത്തിലേക്ക് മാറ്റങ്ങളും അപ്ഡേറ്റുകളും കൊണ്ടുവരാൻ കിയ കാണിക്കുന്ന താത്പര്യമെല്ലാം ആളുകൾ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാറുണ്ട്. ആഗോളതലത്തിലുള്ള ടെല്ലുറൈഡിൻ്റെ സ്റ്റൈലും പോക്കറ്റിന് ഇണങ്ങുന്ന വിലയും മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ പുതുതലമുറ പതിപ്പിനെ ആളുകൾ ഏറ്റെടുത്തതിന്റെ കാരണവും ഇതുതന്നെയാണ്.
എന്നാൽ വാഹന നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോള തലത്തിലുണ്ടായ പ്രവര്‍ത്തന ചെലവുകളിലെ വര്‍ധനവും കാരണം കിയ ഇന്ത്യയിലെ മോഡലുകളുടെ വില പരിഷ്ക്കരിച്ച് ഇക്കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു. ഇതുകാരണം സെൽറ്റോസ് വാങ്ങാനിരുന്നവരും അധിക പണം കണ്ടെത്തേണ്ടതായി വരും. എന്നാൽ വലിയ തുക കൂട്ടാതെ സാധാരണക്കാർക്കും താങ്ങാനാവുന്ന തരത്തിലാണ് കിയ വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്.

സെൽറ്റോസിന്റെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില മാത്രമാണ് കൂട്ടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. മാത്രമല്ല, പുതുതലമുറ എസ്‌യുവിക്ക് ലഭിക്കുന്ന ആദ്യ വില വർധനവ് കൂടിയാണിത്. വേരിയന്റിനെ ആശ്രയിച്ച് 2,900 രൂപ വരെ വില വർധനവുണ്ടായിട്ടുണ്ട്. പക്ഷേ ഏതൊക്കെ ട്രിമ്മുകളെയാണ് ബാധിച്ചതെന്നും ഏതൊക്കെ ബാധിച്ചിട്ടില്ലെന്നും കൃത്യമായി വിശദീകരിച്ചു തരാം.
കിയ സെൽറ്റോസിന്റെ HTK (O) ടർബോ iMT, GTX (A) ടർബോ DCT, X Line (A) പെട്രോൾ CVT, HTE 1.5 പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 900 രൂപയുടെ വില വർധനവ് ഉണ്ടായിട്ടുണ്ട്. ചിലത് ഒഴികെ മറ്റെല്ലാ വേരിയന്റുകളുടെയും വില 2,900 രൂപ വരെ ഉയർത്തി. അതേസമയം, GTX 1.5 CVT, GTX Turbo DCT, GTX (A) 1.5 CVT, GTX (A) Turbo DCT ട്രിമ്മുകൾ വിലയിൽ മാറ്റമില്ലാതെ തുടരുന്നത് വാങ്ങാനെത്തുന്നവർക്ക് ആശ്വാസകരമായ കാര്യമാണ്.

പുതിയ വില പരിഷ്ക്കാരത്തെ തുടർന്ന് സെൽറ്റോസ് എസ്‌യുവിക്ക് ഇപ്പോൾ 10.99 ലക്ഷം രൂപയിൽ ആരംഭിച്ച് 20.19 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില എത്തുന്നു. വിലയിൽ കാര്യമായ വർധനവില്ലാത്തത് വിൽപ്പനയെ നേരിട്ട് ബാധിക്കാനിടയില്ല. വില കൂടിയെങ്കിലും വാഹനത്തിന് മറ്റ് മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇൻ്റീരിയർ അന്യായ ഫ്യൂച്ചറിസ്റ്റിക്കായാണ് വരുന്നത്. 12.3 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേകൾ, പുതിയ ത്രീ-സ്പോക്ക് കിയ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം യാത്രകൾ ആഡംബരമാക്കും.
അതോടൊപ്പം ബോസ് സൗണ്ട് സിസ്റ്റം, ലെവൽ-2 ADAS, പനോരമിക് സൺറൂഫ്, HUD, കണക്റ്റഡ് കാർ ടെക്നോളജി, ആംബിയൻ്റ് ലൈറ്റിംഗ്, എൽഇഡി ലൈറ്റ് പാക്കേജ്, പിൻ സീറ്റിന് റീക്ലൈൻ ഫങ്ഷൻ, 60:40 അനുപാതത്തിൽ മടക്കാനാവുന്ന രണ്ടാം നിര സീറ്റ്, പവർഡ് ടെയിൽഗേറ്റ്, 447 ലിറ്റർ ബൂട്ട്സ്പേസ് എന്നീ ഫീച്ചറുകളും കൂടിയാവുമ്പോൾ സെൽറ്റോസിലെ യാത്രകൾ ശരിക്കും സുഖകരമായിരിക്കും. സേഫ്റ്റിക്കും പ്രത്യേക പ്രാധാന്യം നൽകിയാണ് എസ്‌യുവി പണിതിറക്കിയിരിക്കുന്നത്.

6 എയർബാഗുകൾ, ESC, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് എസ്‌യുവിയിലുള്ളത്. ഈ വർഷം നടത്തിയ ഏറ്റവും പുതിയ ക്രാഷ് സേഫ്റ്റി അസസ്‌മെന്റിൽ ന്യൂജെൻ സെൽറ്റോസ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. മുതിർന്നവരുടെ സേഫ്റ്റിക്ക് 32 ൽ 31.70 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49 ൽ 45 പോയിന്റുമാണ് മിഡ്-സൈസ് എസ്‌യുവി ഇടിപ്പരീക്ഷയിൽ കരസ്ഥമാക്കിയത്.
പുതിയ സെൽറ്റോസിന്റെ K3 പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി ബോഡിഷെൽ കാഠിന്യം വർധിച്ചതായും കിയ അവകാശപ്പെടുന്നു. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ന്യൂജെൻ കിയ സെൽറ്റോസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.


Click it and Unblock the Notifications