സേഫ്റ്റിയിലും ഫുൾ മാർക്ക്, ടാറ്റയേയും മഹീന്ദ്രയേയും ഞെട്ടിച്ച് BNCAP ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്കുമായി ഡസ്റ്റർ
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ കഷ്‌ടകാലമെല്ലാം അവസാനിപ്പിക്കുവാനായി രണ്ടാം ജന്മമെടുത്തിരിക്കുകയാണ് റെനോ. രാജ്യത്തെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയായി അരങ്ങുവാണിരുന്ന കാലം വീണ്ടും തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിൽ അടിപൊളിയായിട്ടാണ് കക്ഷിയുടെ രണ്ടാംവരവ്. ഡിസൈനിലായാലും ഫീച്ചറുകളിലായാലും എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലായാലും എല്ലാവരേയും തൃപ്ത്തിപ്പെടുത്തിയ ബ്രാൻഡ് വിലയിലും അതേ പ്രതീക്ഷ നിലനിർത്തിയാണ് ന്യൂജെൻ ഡസ്റ്ററിനെ വിപണിയിലെത്തിച്ചത്. ഇപ്പോഴിതാ സേഫ്റ്റിയുടെ കാര്യത്തിലും ഫുൾ മാർക്കും നേടി എതിരാളികളെ അമ്പരപ്പിച്ചിരിക്കുകയാണ് വാഹനം. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (BNCAP) നടത്തിയ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റുകളിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ റെനോ ഡസ്റ്റർ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ്.
അഡൽറ്റ് ഒക്യുപന്റ് പ്രൊട്ടക്ഷനിൽ പുതിയ ഡസ്റ്ററിന് 32.00 പോയിന്റുകളിൽ 30.49 പോയിന്റുകൾ ലഭിച്ചുവെന്നാണ് BNCAP പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16.00 പോയിന്റുകളിൽ 14.49 പോയിന്റുകളും, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ എസ്‌യുവി 16.00 പോയിന്റിൽ 16.00 പോയിന്റുകളും നേടി. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റ് ഫലങ്ങളിലും മിന്നും വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

കുട്ടികളുടെ സുരക്ഷ വിഭാഗത്തിൽ ഏറ്റവും പുതിയ റെനോ ഡസ്റ്റർ 49.00 പോയിന്റിൽ 45.00 പോയിന്റുകൾ നേടി. ഇതിൽ 24.00 പോയിന്റിൽ 24.00 എന്ന പെർഫെക്റ്റ് ഡൈനാമിക് സ്കോർ, 12.00 പോയിന്റിൽ ഫുൾ മാർക്കും നേടി. അതേസമയം ചൈൽഡ് റെസ്ട്രെയിൻറ്റ് സിസ്റ്റം ഇൻസ്റ്റാളേഷനായി 13.00 പോയിന്റിൽ 9.00 പോയിന്റാണ് വാഹനം നേടിയെടുത്തത്. അങ്ങനെ മൊത്തത്തിൽ ക്രാഷ് ടെസ്റ്റ് പരിശോധനയിൽ ഡസ്റ്റർ ഉരുക്കിന്റെ കരുത്താണെന്ന് തെളിയിച്ചിരിക്കുകയാണ്.
6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുൾപ്പെടെ വിപുലമായ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുന്നത്. കൂടാതെ ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവയുൾപ്പെടെ 17 സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജും ഇത് അവതരിപ്പിക്കുന്നുണ്ട്.

അധിക ഉപകരണങ്ങളിൽ 360-ഡിഗ്രി ക്യാമറ സിസ്റ്റം, പാർക്കിംഗ് സെൻസറുകൾ എന്നിവയും മിഡ്-സൈസ് എസ്‌യുവിയിലുണ്ട്. ഒതന്റിക്, എവല്യൂഷൻ, ടെക്നോ, ടെക്നോ പ്ലസ്, ഐക്കണിക് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായി വിപണിയിലെത്തുന്ന റെനോ ഡസ്റ്ററിന് 10.49 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മോഡസിന്റെ പുതിയ ഡിസൈനും ആളുകൾക്ക് നന്നേ ഇഷ്‌ടമായിട്ടുണ്ട്.
സ്ട്രോംഗ് ക്യാരക്ടർ ലൈനുകളുള്ള ക്ലാംഷെൽ ബോണറ്റ്, ഗ്രില്ലിൽ ശ്രദ്ധേയമായ ഡസ്റ്റർ ലെറ്ററിംഗ്, റിഫ്ലക്ടർ ഹെഡ്‌ലാമ്പുകളുള്ള ഐബ്രോ-സ്റ്റൈൽ എൽഇഡി ഡിആർഎല്ലുകൾ, സിൽവർ സ്‌കിഡ് പ്ലേറ്റുള്ള വലിയ ലോവർ ഗ്രിൽ, 225-സെക്ഷൻ ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, വിശാലമായ 700 ലിറ്റർ ബൂട്ട് സ്പേസ്, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയെല്ലാമാണ് രൂപത്തെ അടിപൊളിയാക്കുന്നത്.

പുതിയ ഡസ്റ്ററിന്റെ ഇൻ്റീരിയറും അത്യാധുനികമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അടങ്ങുന്ന ഡ്യുവൽ-സ്‌ക്രീൻ ലേഔട്ടാണ് പുതിയ ഡസ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ. ഫൈറ്റർ-ജെറ്റ്-പ്രചോദിത ഡിസൈൻ തീം ഡാഷ്‌ബോർഡ്, പ്രീമിയം അനുഭവത്തിനായി യെല്ലോ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ എന്നിവ കൂടിയാവുമ്പോൾ അകത്തളം ആഡംബരമാവുന്നുണ്ട്.
മാപ്‌സ് സംയോജനത്തോടുകൂടിയ ബിൽറ്റ്-ഇൻ ഗൂഗിൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവർഡ് സീറ്റുകൾ, 12 അൾട്രാസോണിക് സെൻസറുകൾ പിന്തുണയ്ക്കുന്ന 360-ഡിഗ്രി ക്യാമറ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, എലവേറ്റഡ് സെന്റർ കൺസോൾ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ, 1.8 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഡസ്റ്ററിലുള്ളത്. നിലവിൽ 7 വർഷത്തെ വാറണ്ടിയോടെയാണ് ന്യൂജെൻ മോഡൽ വിപണനത്തിന് എത്തുന്നത്.


Click it and Unblock the Notifications








