ഇന്ത്യയിലേക്കുള്ള എൻട്രിക്ക് പച്ചക്കൊടി, ഫോർച്യൂണറിനും മുമ്പേ ഹൈലക്‌സിന്റെ ന്യൂജെൻ എത്തും
നമ്മുടെ ഇന്ത്യൻ വിപണിയിൽ അധികം പ്രചാരമില്ലാത്തൊരു സെഗ്മെന്റായ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് വിഭാഗത്തിലേക്ക് ടൊയോട്ട ഹൈലക്‌സ് എന്നൊരു തട്ടുപൊളിപ്പൻ മോഡലുമായി എത്തിയിട്ട് കുറച്ചുകാലമായി. അധികം വിറ്റഴിഞ്ഞിട്ടൊന്നുമില്ലെങ്കിലും വാഹനത്തിന് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ല. ഫോർച്യൂണറിന്റെ പിക്കപ്പ് സ്റ്റൈൽ മോഡൽ അത്രയേറെ ആരാധകരെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അന്യായ വലിപ്പവും അതിനൊത്ത റോഡ് പ്രസൻസുമെല്ലാം ഉള്ള ഹൈലക്‌സ് വണ്ടിഭ്രാന്തൻമാരുടെയെല്ലാം ഡ്രീം കാറുകളുടെ പട്ടികയിൽ എന്തായാലും ഉണ്ടാവും. അടുത്തിടെ ആഗോള വിപണികളിൽ ഹൈലക്‌സിന്റെ ന്യൂജെൻ മോഡലിനെ ടൊയോട്ട അവതരിപ്പിച്ചിരുന്നു.
ഇതുകണ്ട് മോഹിച്ചിരിക്കുന്ന ഇന്ത്യക്കാർക്ക് സന്തോഷിക്കാനുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകത്തിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന പിക്കപ്പ് ട്രക്കുകളിൽ ഒന്നായ ഹൈലക്‌സിന്റെ ന്യൂജെൻ മോഡൽ അധികം വൈകാതെ നമ്മുടെ നിരത്തുകളിലേക്കും എത്തുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുകയാണിപ്പോൾ. ഈ പുതുതലമുറ മോഡലിലൂടെ, ബ്രാൻഡിന്റെ ഏറ്റവും പുതിയ രൂപകൽപ്പനയും സാങ്കേതിക മാനദണ്ഡങ്ങളും ഇന്ത്യക്കായി പ്രദർശിപ്പിക്കാനും ടൊയോട്ടയ്ക്ക് സാധിക്കും.

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ പുതിയ ടഫ് ആൻഡ് എജൈൽ ഡിസൈൻ തത്വചിന്തയ്ക്ക് അനുസൃതമായാണ് ന്യൂജെൻ ഹൈലക്‌സ് പണികഴിപ്പിച്ചിരിക്കുന്നത്. മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, ടൊയോട്ട എന്നെഴുതിയ ഒരു വെട്ടിക്കൽ ബാർ, റീഡിസൈൻ ചെയ്ത ബമ്പർ എന്നിവയാൽ പിക്കപ്പ് ട്രക്കിന്റെ മുൻവശം ഫ്യൂച്ചറിസ്റ്റിക് രൂപമാണ് ആവാഹിച്ചിരിക്കുന്നത്. എയറോഡൈനാമിക് കാര്യക്ഷമതയ്ക്ക് വേണ്ടിയുള്ള യൂണീക് അലോയ് വീലുകളും ഇത്തവണ എറിച്ചുനിൽക്കും.
വിദേശ വിപണിയിൽ ട്രാവോ എന്നറിയപ്പെടുന്ന ഹൈലക്‌സിന് 5,320 mm നീളവും 1,885 mm വീതിയും 1,815 mm ഉയരവും 3,085 mm വീൽബേസും 225 mm ഗ്രൗണ്ട് ക്ലിയറൻസും 6.3 മീറ്റർ ടേണിംഗ് റേഡിയസും 17 ഇഞ്ച് അലോയ് വീലുകളും 80 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുമാണുള്ളത്. ഇന്ത്യൻ മോഡലിലും ഇതേ സവിശേഷതകൾ വാഗ്ദാനം ചെയ്യാൻ ടൊയോട്ടയ്ക്ക് കഴിയും. പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ സുഖസൗകര്യങ്ങളാൽ സമ്പന്നമായ ഇന്റീരിയറും പിക്കപ്പിലുണ്ടാവും.

ആൻഡ്രോയിഡ് ഓട്ടോയെയും ആപ്പിൾ കാർപ്ലേയും വയർലെസ് ആയി പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് പ്രധാന ആകർഷണം. 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സ്റ്റിയറിംഗ് വീൽ, പവർഡ് സീറ്റുകൾ, ജെബിഎൽ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെവൽ 2 ADAS സ്യൂട്ട്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഡ്രൈവിംഗ് മോഡുകൾ, ട്രാക്ഷൻ മോഡുകൾ, ലോഡിംഗ് ബേയിലേക്കുള്ള പവർഡ് റിയർ വിൻഡോ, ഡ്യുവൽ ഗ്ലൗബോക്‌സുകൾ, ലെതർ അപ്ഹോൾസ്റ്ററി എന്നിവയെല്ലാം അകത്തളത്തിന് പ്രീമിയം ഫീൽ സമ്മാനിക്കും.
48V ഹൈബ്രിഡ് ഡീസൽ, പെട്രോൾ, ഇലക്ട്രിക് (BEV), ഹൈഡ്രജൻ ഫ്യൂവൽ സെൽ (FCEV) എന്നിങ്ങനെ ഒന്നിലധികം ഫ്യുവൽ ഓപ്ഷനുകളിലാണ് ന്യൂജെൻ ടൊയോട്ട ഹൈലക്‌സ് വിപണിയിലെത്തുന്നത്. എന്നാ ഇന്ത്യയിലെത്തുമ്പോൾ 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തന്നെയാവും ഉപയോഗിക്കുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 200 bhp കരുത്തിൽ പരമാവധി 500 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

കൂടുതൽ കാര്യക്ഷമതയ്ക്കായി 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവും എഞ്ചിനൊപ്പം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാങ്കേതികവിദ്യ ചേർക്കുന്നതോടെ പിക്കപ്പിന് 10 ശതമാനം വരെ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യാനാവും. മൾട്ടി-ടെറൈൻ സെലക്ട്, മൾട്ടി-ടെറൈൻ മോണിറ്റർ, പനോരമിക് വ്യൂ മോണിറ്റർ എന്നീ ഫീച്ചറുകളും ന്യൂജെൻ മോഡലിന് ലഭിച്ചാൽ പിന്നെ സംഗതി കൂടുതൽ കളറാവും. എന്തായാലും ഈ വർഷം ഹൈലക്സിന്റെ പുതുതലമുറ മോഡലിനെ ഇന്ത്യയിൽ കാണാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications