പുത്തൻ മോഡലിന്റെ വരവിന് സമയം കുറിച്ച് ടൊയോട്ട, ന്യൂജെനറേഷനിൽ വിലസാൻ ഹൈലക്‌സ് പിക്കപ്പ്
വീട്ടുമുറ്റത്ത് ഒരു ടൊയോട്ട കാർ വാങ്ങിയിടണമെന്ന് ആഗ്രഹമുള്ളവരാവും പല ഇന്ത്യക്കാരും. അത് ഫോർച്യൂണറോ ഇന്നോവയോ ഒക്കെയാണെങ്കിൽ സന്തോഷം ഇരട്ടിയായിരിക്കും. പക്ഷേ ഇക്കൂട്ടത്തിലെ അണ്ടർറേറ്റഡ് വാഹനങ്ങളിൽ ഒന്നാണ് പിക്കപ്പ് ട്രക്ക് മോഡലായ ഹൈലക്‌സ് (Toyota Hilux). ഇസൂസു വി-ക്രോസ് മാത്രം നിരത്തുകൾ ഭരിച്ചിരുന്നിടത്തേക്ക് ജാപ്പനീസ് ബ്രാൻഡിന്റെ ഗ്ലോബൽ മോഡൽ എത്തിയതോടെ പലരും ഇവനെ സ്വന്തമാക്കുവാനായി സ്വപ്നം കണ്ടുനടക്കുന്നുണ്ടാവും. ഇതേ ബജറ്റിൽ തന്നെ ഫോർച്യൂണർ എത്തുന്നതാണ് ഹൈലക്‌സിന് വെല്ലുവിളി. ഫാമിലി ഉപയോഗത്തിന് വാങ്ങുന്നവരെല്ലാം ഈ 7-സീറ്റർ എസ്‌യുവിയുടെ പിന്നാലെയാണ് പോവുന്നത്.
ഇത് കൃത്യമായി അറിയാവുന്നതിനാൽ ഒരു വിഭാഗം ആളുകളെ മാത്രമാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. അടുത്തിടെ ആഗോള വിപണികളിൽ ഹൈലക്‌സിന്റെ ന്യൂജെൻ മോഡലിനെ ടൊയോട്ട അവതരിപ്പിച്ചിരുന്നു. ഇതിനെ ഇന്ത്യയിലേക്കും കമ്പനി കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ലോകത്തിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന പിക്കപ്പ് ട്രക്കുകളിൽ ഒന്നായ ഹൈലക്‌സിന്റെ ന്യൂജെൻ മോഡൽ ജൂലൈ മാസത്തിൽ നമ്മുടെ രാജ്യത്തും എത്തുന്നതായിരിക്കും.

കഴിഞ്ഞ വർഷം അവസാനം ആഗോളതലത്തിൽ അനാച്ഛാദനം ചെയ്ത പിക്കപ്പ് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യൻ ഷോറൂമുകളിലേക്ക് എത്തുന്നത്. ഒരു തലമുറ മാറ്റമെന്ന നിലയിൽ വമ്പൻ അഴിച്ചുപണികളാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിലേക്ക് എത്താനിരിക്കുന്നത്. ടൊയോട്ട അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന ബോഡി-കളർ മെഷ് ഗ്രില്ലുമായി ജോടിയാക്കിയ സ്ലീക്കർ ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ മുൻവശത്തിന് വല്ലാത്തൊരു ഗ്ലാമറാണ് നൽകുന്നത്.
അതേസമയം താഴത്തെ ബമ്പർ സിൽവർ ഇൻസേർട്ടുകളും ഫോഗ് ലാമ്പുകളും ഉപയോഗിച്ച് കൂടുതൽ പരുക്കൻ സ്വഭാവം കൈവരിച്ചിട്ടുമുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ നിലവിലെ മോഡലിന് നിന്നും പരിചിതമായ ഘടന തന്നെയാണ് ന്യൂജെൻ ഹൈലക്‌സ് സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ മാറ്റം 18 ഇഞ്ച് അലോയ് വീലുകൾക്കുള്ള പുതിയ ഡിസൈനാണ്. പിൻഭാഗത്ത് ടെയിൽ ലാമ്പ് ഇന്റേണലുകൾക്ക് ഒരു പുതിയ പാറ്റേൺ ലഭിക്കുന്നതിനാൽ മാറ്റങ്ങൾ കൂടുതൽ പ്രകടമാണ്.

പിന്നിലെ ടൊയോട്ട ബാഡ്ജിംഗ് കറുപ്പിലാവും പൂർത്തിയാക്കുക. പരമ്പരാഗത യൂണിറ്റിന് പകരം ഒരു കോംപാക്റ്റ് ഷാർക്ക് ഫിൻ ആന്റിനയും ജാപ്പനീസ് വാഹന നിർമാതാക്കൾ ഘടിപ്പിച്ചിട്ടുണ്ട്. ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ പുതിയ ടഫ് ആൻഡ് എജൈൽ ഡിസൈൻ തത്വചിന്തയ്ക്ക് അനുസൃതമായാണ് ന്യൂജെൻ ഹൈലക്‌സ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് സാരം. ഈ പുതുതലമുറ മോഡലിലൂടെ, ബ്രാൻഡിന്റെ ഏറ്റവും പുതിയ രൂപകൽപ്പനയും സാങ്കേതിക മാനദണ്ഡങ്ങളും ഇന്ത്യക്കായി പ്രദർശിപ്പിക്കാനും ടൊയോട്ടയ്ക്ക് സാധിക്കും.
ഇനി ഇന്റീരിയറിലേക്ക് കയറിയാൽ പൂർണമായും പൊളിച്ചെഴുതിയ അകത്തളമാണ് യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്നത്. പുതിയ ഹൈലക്സിന് പരുക്കൻ തീമിലുള്ള ഡാഷ്‌ബോർഡ് ലേഔട്ടാവും ഇത്തവണയുണ്ടാവുക. ഇതിൽ ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പുതിയ സ്റ്റബ്ബി ഗിയർ ലിവർ, ഡ്യുവൽ ഗ്ലൗബോക്‌സ്, പുനർരൂപകൽപ്പന ചെയ്ത സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ഇടംപിടിക്കുന്നതായിരിക്കും.

360-ഡിഗ്രി ക്യാമറ, കൂൾഡ് ആൻഡ് പവർഡ് ഫ്രണ്ട് സീറ്റുകൾ, സമഗ്രമായ ADAS സ്യൂട്ട് എന്നിവയും ഇന്ത്യ-സ്‌പെക്ക് മോഡലിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളാണ്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായ 4x4 സിസ്റ്റവുമായി ജോടിയാക്കിയ പരിചിതമായ 2.8 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെ പുതുതലമുറയിലും തുടരുമെന്നാണ് വിവരം. ഫോർച്യൂണറിൽ അടുത്തിടെ പുറത്തിറക്കിയ 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം പുതിയ ഹൈലക്സിൽ ടൊയോട്ട അവതരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
മാനുവൽ ട്രാൻസ്മിഷനിൽ ഈ എഞ്ചിന് പരമാവധി 204 bhp പവറിൽ 420 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുമ്പോൾ ഹൈലക്‌സ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 500 Nm ടോർക്ക് വരെയും വികസിപ്പിക്കാൻ യോഗ്യമാണ്. നിലവിലെ ഹൈലക്‌സിന് 28.52 ലക്ഷം മുതൽ 36 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അകത്തും പുറത്തും വരുത്തിയ മാറ്റങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ പുതിയ തലമുറയ്ക്ക് 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ വില കൂടാനും സാധ്യതയുണ്ട്.


Click it and Unblock the Notifications