10 ലക്ഷത്തിൽ താഴെ വില, നെക്സോണിനേയും ബ്രെയേയും വിറപ്പിക്കാൻ ഹോണ്ടയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവി വരുന്നു
മൂന്നു വർഷത്തിന് മുമ്പ് ഹോണ്ട എലിവേറ്റ് പുറത്തിറക്കിയതിന് ശേഷം ഇതുവരെ മറ്റൊരു പുതുമോഡൽ ഇന്ത്യൻ വിപണിക്ക് സമ്മാനിക്കാനാവാതെ പോയ ബ്രാൻഡാണ് ഹോണ്ട. ഇടയ്ക്ക് അമേസ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയെങ്കിലും രാജ്യത്ത് പിടിച്ചുനിൽക്കാനുള്ള ശേഷി നിലവിലെ മൂന്ന് കാറുകൾക്കും ഇല്ലെന്നതാണ് സത്യം. ഇങ്ങനെ പോയാൽ കൂടുംകുടക്കയുമെടുത്ത് അധികം വൈകാതെ രാജ്യം വിടേണ്ടി വരുമെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ മനസിലാക്കിയിട്ടുണ്ട്. അതിനാൽ മെയ് 22-ന് രണ്ട് പുത്തൻ കാറുകൾ പുറത്തിറക്കാൻ തയാറെടുക്കുകയാണ് ഹോണ്ട. സിറ്റി ഫെയ്‌സ്‌ലിഫ്റ്റും ZR-V ഹൈബ്രിഡ് എസ്‌യുവിയുമാണ് ഇന്ത്യൻ നിരയിലേക്ക് ചേരാനിരിക്കുന്നത്.
അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആരാധകരെ ആഹ്ലാദിപ്പിക്കുന്ന മറ്റൊരു തീരുമാനവും പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്. 2028-ൽ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കാനുള്ള പദ്ധതികളാണ് ജനങ്ങളിലേക്ക് കമ്പനി എത്തിച്ചിരിക്കുന്നത്. ഹോണ്ടയുടെ ഏറ്റവും പുതിയ ആഗോള ബിസിനസ് ബ്രീഫിംഗിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നതും.

2023 ഏപ്രിലിൽ ഹോണ്ട WR-V നിർത്തലാക്കിയതിനുശേഷം ഈ വിഭാഗത്തിൽ കമ്പനിക്ക് ഇതുവരെ സാന്നിധ്യമുണ്ടായിരുന്നില്ല. വരാനിരിക്കുന്ന മോഡൽ ഉയർന്ന മത്സരക്ഷമതയുള്ള സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലേക്കുള്ള ബ്രാൻഡിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തും. അതായത് മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള മിടുക്കൻമാരെല്ലാം ഒന്ന് കരുതിയിരുന്നോയെന്ന് സാരം.
കർശനമായ മലിനീകരണ മാനദണ്ഡങ്ങളും കാലക്രമേണയുള്ള വലിയ അപ്‌ഗ്രേഡുകളുടെ അഭാവവും കാരണവുമാണ് WR-V നിർത്തലാക്കപ്പെട്ടത്. അതിനുശേഷം കോംപാക്‌ട് എസ്‌യുവി വിഭാഗം വേഗത്തിൽ വികാസം പ്രാപിക്കുന്നതിനും വിപണി സാക്ഷ്യംവഹിച്ചു. അങ്ങനെ നിലവിൽ രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നായും ഇത് മാറി. കൈഗർ കാര്യമായി സംഭാവന നൽകാത്തതോടെ റെനോയും ഈ മേഖലയിലെ ഒരു പുതിയ മോഡലിൽ പ്രവർത്തിക്കുന്നുണ്ട്.

അടുത്തിടെ കൺസെപ്റ്റ് രൂപത്തിൽ റെനോ ബ്രിഡ്ജർ കൺസെപ്റ്റ് എന്ന പേരിൽ വാഹനത്തെ പ്രിവ്യൂ ചെയ്യുകയും ചെയ്‌തിരുന്നു. എന്തായാലും ഹോണ്ട കൂടി തിരികെയെത്തുന്നതോടെ മത്സരം കടുകടുക്കുമെന്ന് തന്നെ കരുതാം. വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവിയുടെ പ്രത്യേക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ മോഡൽ എലിവേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ നേരായ നിലപാടും എസ്‌യുവിയെ കേന്ദ്രീകരിച്ചുള്ള ഡിസൈൻ ഭാഷയും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എലിവേറ്റുമായി അതിന്റെ പ്ലാറ്റ്ഫോമും പങ്കിടാനാണ് സാധ്യത. ഒപ്പം ഹോണ്ട WR-V എന്ന പേര് പുനരുജ്ജീവിപ്പിക്കുമോ അതോ പകരം പൂർണമായും പുതിയൊരു പേര് അവതരിപ്പിക്കുമോ എന്നതെല്ലാം കണ്ടുതന്നെ അറിയണം. ഹോണ്ട അമേസിൽ നിന്നുള്ള പരിചിതമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാവും പുതിയ സബ്-4 മീറ്റർ എസ്‌യുവിയിലും ഉപയോഗിക്കുകയെന്നാണ് അനുമാനം. പവർഫുള്ളായ ടർബോ-പെട്രോൾ അല്ലെങ്കിൽ ഹൈബ്രിഡ് ഓപ്ഷനുകൾ അവതരിപ്പിക്കുന്നത് വിപണിയിൽ ശ്രദ്ധനേടാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

ഈ രീതിയിലേക്ക് ഹോണ്ട ചിന്തിക്കാൻ വഴിയുണ്ടോയെന്ന് അറിയാൻ കാത്തിരിക്കേണ്ടി വരും. സിറ്റി, സിറ്റി ഹാച്ച്ബാക്ക് എന്നിവയുൾപ്പെടെ തായ്‌ലൻഡ് പോലുള്ള വിപണികളിൽ ഹോണ്ട ഇതിനകം തന്നെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. കൂടാതെ വരാനിരിക്കുന്ന എസ്‌യുവിക്കായി ആ എഞ്ചിൻ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ശക്തമായ ഒരു നീക്കമാണെന്ന് തെളിയിക്കാനാകും.
പ്രത്യേകിച്ച് സെഗ്‌മെന്റിലെ മിക്ക എതിരാളികളും ഇതിനകം തന്നെ ടർബോ-പെട്രോൾ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഹോണ്ടയ്ക്ക് ഇതൊരു മുതൽക്കൂട്ടാവും. ഇതുകൂടാതെ ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറുകൾ, കണക്റ്റഡ് സാങ്കേതികവിദ്യ, നൂതന സുരക്ഷാ സംവിധാനങ്ങൾ, മത്സരാധിഷ്ഠിത വില നിർണയം എന്നിവയും എസ്‌യുവിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കാൻ പോവുന്ന കാര്യങ്ങളാണ്. എന്തായാലും ഹോണ്ടയുടെ വരവിനായി കാത്തിരിക്കാം.


Click it and Unblock the Notifications