7.90 ലക്ഷത്തിൻ്റെ എസ്‌യുവിക്ക് വിലകൂട്ടി, ബ്രെസയുടെ വില്ലനെ പഴയ വിലയിൽ വാങ്ങാൻ കിട്ടില്ല
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെൻ്റുകളിൽ ഒന്നായ കോംപാക്‌ട് എസ്‌യുവി നിരയിലെ തുടക്കക്കാരിൽ ഒരാളാണ് ഹ്യുണ്ടായി വെന്യു (Hyundai Venue). ഇന്ന് കാണുന്ന പല മോഡലുകളും അവതരിക്കുന്നതിന് മുമ്പേ പിറവിയെടുത്ത മിടുക്കൻ അടുത്തിടെ തലമുറ മാറ്റവുമായി ഞെട്ടിച്ചിരുന്നു. കണ്ടാൽ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തെ പോലെ തോന്നിക്കുന്ന വിധത്തിൽ പുത്തൻ വെന്യുവിനെ പണിതിറക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം ബുക്കിംഗുകൾ വാരിക്കൂട്ടാനും ആശാന് സാധിക്കുന്നുണ്ട്. എന്നാൽ അതിനിടയിൽ അപ്രതീക്ഷിതമായി മോഡലിന് വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി.
അടുത്തിടെ പുറത്തിറക്കിയ വെന്യുവിൻ്റെയും വെന്യു N ലൈൻ പതിപ്പും ഇനി മുതൽ പഴയ വിലയിൽ വാങ്ങാനൊക്കില്ല. ന്യൂജെൻ മോഡൽ ശ്രേണിയിൽ വരുന്ന ആദ്യ വില വർധനവാണിത്. മിക്ക വകഭേദങ്ങളിലും വിലക്കയറ്റം ലഭിച്ചിട്ടുണ്ടെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. സ്റ്റാൻഡേർഡ് വെന്യുവിൻ്റെ ബേസ്, ടോപ്പ് വേരിയൻ്റുകൾക്ക് 10,000 രൂപ വില കൂടിയപ്പോൾ മിഡ്-സ്പെക്ക് HX5 വേരിയൻ്റുകൾക്ക് 15,000 രൂപ മുതൽ 20,000 രൂപ വരെ വില വർധനവ് ഉണ്ടായി.

അതേസമയം ഹ്യുണ്ടായി വെന്യുവിൻ്റെ ടോപ്പ് എൻഡ് HX10 വേരിയൻ്റിനെ വില പരിഷ്ക്കാരം ബാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം എല്ലാ വെന്യു N ലൈൻ വേരിയൻ്റുകൾക്കും 10,000 രൂപയുടെ ഏകീകൃത വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. HX2, HX4, HX5, HX6, HX7, HX8, HX10 എന്നീ വകഭേദങ്ങളിലാണ് വെന്യു ലഭ്യമാകുന്നത്. അതേസമയം N ലൈൻ N6, N10 എന്നീ വകഭേദങ്ങളിലും വാങ്ങിക്കാനാവുന്നതാണ്.
വിലയിൽ മാറ്റമുണ്ടെങ്കിലും എസ്‌യുവിയിൽ കമ്പനി മറ്റ് പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. 1.2 ലിറ്റർ കാപ്പ MPi പെട്രോളാൾ, 1.5 ലിറ്റർ U2 CRDi ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവി തെരഞ്ഞെടുക്കാനാവുക. പവർ ഔട്ട്പുട്ടുകളിലേക്ക് വന്നാൽ ഹ്യുണ്ടായി വെന്യുവിലെ NA പെട്രോളിന് 83 bhp പവറിൽ പരമാവധി 114.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ്.

ഹ്യുണ്ടായി വെന്യുവിലെ 1.5 ലിറ്റർ ഡീസൽ 116 bhp പവറിൽ 250 Nm ടോർക്കും നൽകുമ്പോൾ എസ്‌യുവിയിലെ 1.0 ലിറ്റർ ടർബോ 120 bhp കരുത്തിൽ 172 Nm ടോർക്ക് വരെയാണ് നിർമിക്കുക. ഈ ടർബോ എഞ്ചിനാണ് N ലൈൻ വേരിയൻ്റിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളും സാൻ്റ്, മഡ്, സ്നോ എന്നിങ്ങനെ മൂന്ന് ട്രാക്ഷൻ മോഡുകളും എസ്‌യുവിയിലുണ്ട്.
മിഡ്, ടോപ്പ് വേരിയൻ്റുകൾ തമ്മിലുള്ള അകലം നികത്തുന്നതിനായി വെന്യുവിലേക്ക് അടുത്തിടെ പുതിയ HX5 പ്ലസ് വേരിയൻ്റിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഹ്യുണ്ടായിയുടെ കപ്പ 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് HX5 പ്ലസ് വേരിയൻ്റിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. അതായത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇതിലില്ല എന്ന് സാരം.

കഴിഞ്ഞ നവംബറിഷ വിപണിയിലെത്തിച്ച ന്യൂജെൻ എസ്‌യുവിക്ക് 55,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ ട്രിം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹ്യുണ്ടായി പറയുന്നു. ഡിസൈൻ ഒന്നാണെങ്കിലും എക്സ്റ്റീരിയറിൽ കൂടുതൽ കാര്യങ്ങൾ നൽകിക്കൊണ്ട് പുതുവേരിയൻ്റിൽ റോഡ് പ്രസൻസ് മെച്ചപ്പെടുത്തുന്ന നിരവധി കോസ്മെറ്റിക് നവീകരണങ്ങളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
റൂഫ് റെയിലുകൾ, ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, റിയർ വൈപ്പർ, വാഷർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതാണ് പ്രധാന കൂട്ടിച്ചേർക്കലുകൾ. ഇൻ്റീരിയറിലേക്ക് നോക്കിയാൽ 2026 ഹ്യുണ്ടായി വെന്യു HX5 പ്ലസിന് വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ പോലുള്ള പ്രായോഗിക ഫീച്ചറുകളോടെയാണ് വരുന്നത്. മെച്ചപ്പെട്ട എർഗണോമിക്‌സിനായി ഇൻ്റഗ്രേറ്റഡ് സ്റ്റോറേജുള്ള ഡ്രൈവർ കൺസോൾ ആംറെസ്റ്റും പുതിയ വേരിയൻ്റിൽ ചേർത്തിട്ടുണ്ട്.
പിൻസീറ്റിലെ യാത്രക്കാർക്ക് റിയർ വിൻഡോ സൺഷെയ്ഡ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവശത്തെ ഡ്രൈവർ പവർ വിൻഡോയിൽ ഇപ്പോൾ സുരക്ഷാ പരിരക്ഷയ്‌ക്കൊപ്പം ഓട്ടോ അപ്-ഡൗൺ പ്രവർത്തനവും കൊടുത്തിരിക്കുന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്. HX5 പ്ലസിൻ്റെ അവതരണത്തോടൊപ്പം ഹ്യുണ്ടായി വെന്യുവിൻ്റെ നിലവിലുള്ള HX4 പതിപ്പും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഇപ്പോൾ ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെൻ്റ് ഫീച്ചറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ കൂടുതൽ മൂല്യം നൽകാൻ ഈ വേരിയൻ്റിനാവുന്നുണ്ട്.


Click it and Unblock the Notifications








