മാരുതിയും ടൊയോട്ടയും പോലെ ഇനി ടാറ്റയും ജീപ്പും! പുത്തൻ എസ്‌യുവി രണ്ട് വർഷത്തിനകം വിപണിയിൽ
ഇന്ത്യയിൽ പ്രത്യേക ഫാൻബേസുള്ള എസ്‌യുവി നിർമാതാക്കളാണ് ജീപ്പ്. കോമ്പസ്, മെറിഡിയൻ, റാങ്ലർ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ മിടുമിടുക്കൻമാരുടെ വലിയ നിര ഏതൊരു വണ്ടിഭ്രാന്തനേയും ഹരംകൊള്ളിക്കുന്നതാണ്. പക്ഷേ ഇതൊന്നും വിൽപ്പന കണക്കുകളിൽ പ്രതിഫലിക്കുന്നില്ലെന്ന നിരാശയിലാണ് കമ്പനി. കോമ്പസിലൂടെ നല്ലൊരു തുടക്കം കിട്ടിയെങ്കിലും പിന്നീട് എത്തിയവരൊന്നും കാര്യമായ സംഭാവന ചെയ്യാതായതോടെയാണ് നില പരുങ്ങളിലായത്. നിലവിൽ സിട്രണിനും താഴെ മാത്രം വിൽപ്പനയാണ് ജീപ്പ് ആഭ്യന്തര വിപണിയിൽ നിന്നും നേടുന്നത് എന്നറിഞ്ഞാൽ പലരും സർപ്രൈസായി പോവും. അതിനാൽ ഇന്ത്യയിലെ വിൽപ്പന എങ്ങനെയും ഉയർത്താനുള്ള ശ്രമത്തിലാണ് ബ്രാൻഡ്.
ഇതിന്റെ ഭാഗമായി ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസുമായി കൈകോർത്തിരിക്കുകയാണ് ജീപ്പ്. ഇന്ത്യൻ വിപണിയിലെ മോഡൽ നിരയിലെ പ്രാദേശികവൽക്കരണം വർധിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് ടാറ്റ മോട്ടോർസുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സംരംഭത്തിന്റെ ഭാഗമായി രണ്ട് കമ്പനികളും ചേർന്ന് പുതിയൊരു എസ്‌യുവിക്ക് രൂപം കൊടുക്കാൻ പോവുന്നുവെന്നതാണ് സന്തോഷം നൽകുന്ന വാർത്ത.

ഈ എസ്‌യുവി ഇന്ത്യയ്ക്ക് പുറമെ മറ്റ് 50 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ടെന്നാണ് നിലവിലെ വിവരം. അങ്ങനെ ഇന്ത്യയെ ഉൽപ്പാദനത്തിനും കയറ്റുമതിക്കുമുള്ള ഒരു ആഗോള കേന്ദ്രമായി ഉപയോഗിക്കാനാണ് ജീപ്പ് താത്പര്യപ്പെടുന്നത്. ടാറ്റ മോട്ടോർസ് വികസിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുത്തൻ എസ്‌യുവി ജീപ്പ് നിർമിക്കുക എന്നതാണ് ഇതിലെ രസകരമായ വശം.
ടാറ്റ മോട്ടോർസ് നൽകുന്ന പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ മെയ്ഡ്-ഇൻ-ഇന്ത്യ നെക്സ്റ്റ്-ജെൻ ജീപ്പ് എസ്‌യുവി 2028 ഓടെ നിരത്തുകളിൽ എത്തുമെന്നാണ് നിലവിലെ സ്ഥിരീകരണം. ഇതുകൂടാതെ ടാറ്റയും സ്റ്റെല്ലാന്റിസ് ഗ്രൂപ്പും തമ്മിലുള്ള തന്ത്രപ്രധാനമായ സംയുക്ത സംരംഭം ഒന്നിലധികം വാഹനങ്ങൾ പുറത്തിറക്കാനും ആലോചനയുണ്ട്. ഇരുകമ്പനികളും തമ്മിലുള്ള ബന്ധം ഏതാണ്ട് രണ്ട് പതിറ്റാണ്ടിൽ ഏറെയായി നിലനിൽക്കുന്നതാണെന്ന കാര്യം പലർക്കും അറിയില്ല.

നെക്‌സോൺ, കർവ് തുടങ്ങിയ ടാറ്റ കാറുകളും കോമ്പസ്, മെറിഡിയൻ, റാങ്‌ലർ പോലുള്ള ജീപ്പ് മോഡലുകളും നിലവിൽ രഞ്ജൻഗാവ് പ്ലാന്റിലാണ് നിർമിക്കുന്നത് എന്നതും പലർക്കും പുതിയ കാര്യമായിരിക്കും. ജീപ്പിന്റെ പുതിയ എസ്‌യുവി നിർമിക്കുന്നതും ഇവിടെയായിരിക്കും. ടാറ്റ മോട്ടോർസ് നൽകുന്ന ഒരു പ്രാദേശിക പ്ലാറ്റ്‌ഫോമിലായിരിക്കും ജീപ്പിന്റെ മോഡൽ പണികഴിപ്പിക്കുക. ഇത് ഏതാവുമെന്ന സൂചന ഇതുവരെ ലഭ്യമല്ല.
എങ്കിലും ഏറ്റവും പുതിയ സിയറയ്ക്ക് അടിസ്ഥാനമായിരിക്കുന്ന ARGOS പ്ലാറ്റ്‌ഫോം ആയിരിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. ഈ പ്ലാറ്റ്‌ഫോം മോഡുലാർ സ്കെയിലബിൾ ആണ്. കൂടാതെ വൈവിധ്യമാർന്ന എഞ്ചിൻ, ഡ്രൈവ്‌ട്രെയിൻ കോൺഫിഗറേഷനുകൾ ഉൾക്കൊള്ളാൻ ഇതിന് കഴിയും. FWD, AWD കോൺഫിഗറേഷനുകൾ പോലും പിന്തുണയ്ക്കാനും ഇതിന് കഴിയുന്നതാണ്. കൂടാതെ ഇലക്ട്രിക്, സിഎൻജി എന്നിവയുൾപ്പെടെ ഒന്നിലധികം ഇന്ധന ഓപ്ഷനുകളും ഉപയോഗിക്കാം.

അങ്ങനെ നോക്കുമ്പോൾ ജീപ്പിന് ഇതൊരു ലോട്ടറി തന്നെയാവും. വിപണി ആവശ്യങ്ങൾ അനുസരിച്ച്, ടാറ്റ മോട്ടോഴ്‌സ് പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ഈ വരാനിരിക്കുന്ന ജീപ്പ് എസ്‌യുവി പെട്രോൾ, ഡീസൽ, ഫ്ലെക്‌സ് ഫ്യൂവൽ, ഹൈബ്രിഡ്, പൂർണ്ണമായും ഇലക്ട്രിക് ഇന്ധന ഓപ്ഷനുകൾ, RWD, FWD, AWD കോൺഫിഗറേഷനുകൾ എന്നിവയിൽ വാഗ്ദാനം ചെയ്തേക്കാം. എന്തായാലും ഇതോടെ അമേരിക്കൻ എസ്‌യുവി നിർമാതാക്കളുടെ കഷ്ടകാലം അവസാനിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
ജീപ്പ്, സിട്രോൺ തുടങ്ങിയ ബ്രാൻഡുകളിലൂടെയാണ് സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇവ രണ്ടും ഉയർന്ന മത്സരാധിഷ്ഠിതവും വില സെൻസിറ്റീവ് ആയതുമായ വിപണിയിൽ കച്ചോടം പിടിക്കുന്നതിൽ വലിയ തോൽവിയാണ്. നിലവിൽ ജീപ്പ് നിരയിൽ കോമ്പസും അതിന്റെ മൂന്ന്-വരി പതിപ്പായ മെറിഡിയനും, റാങ്‌ലർ ഓഫ്-റോഡറും, ഫ്ലാഗ്ഷിപ്പ് ഗ്രാൻഡ് ചെറോക്കിയുമാണ് ഉൾപ്പെടുന്നത്. അതേസമയം സിട്രൺ നിരയിൽ C3, eC3, എയർക്രോസ്, ബസാൾട്ട്, C5 എയർക്രോസ് എന്നിവയുമാണ് അണിനിരക്കുന്നത്.


Click it and Unblock the Notifications