7 പേർക്കും ഒന്നിച്ച് 'പറന്ന് പോവാം', പുത്തൻ പെർഫോമൻസ് ഫാമിലി എസ്‌യുവിയുടെ ബുക്കിംഗ് തുടങ്ങി സ്കോഡ
ജനപ്രിയ തീരുമാനങ്ങളുമായി ഇന്ത്യക്കാരുടെ മനംകവർന്നുകൊണ്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കുറഞ്ഞ വിലയ്ക്ക് മിഡിൽ ക്ലാസുകാർക്കായി എസ്‌യുവി പുറത്തിറക്കിയതും അതിന് പേരിടാൻ ജനങ്ങൾക്ക് അവസരം കൊടുത്തതുമെല്ലാം സ്കോഡയെ ആളുകളിലേക്ക് അടുപ്പിച്ചിട്ടുണ്ട്. വിപണിയുടെ സ്വഭാവം കൃത്യമായി മനസിലാക്കി വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളാനും ബ്രാൻഡിന് ഇപ്പോൾ അറിയാം. അടുത്തിടെ പെർഫോമൻസ് കാർ വിഭാഗത്തിലേക്ക് ഒക്‌ടാവിയ RS പുറത്തിറക്കിയ കമ്പനി അടുത്തതായി കാല് കൊടുത്താൽ നിലംതൊടാതെ പറക്കുന്നൊരു എസ്‌യുവിയാണ് കൊണ്ടുവരാൻ ഒരുങ്ങുന്നത്. മോഡലിനായുള്ള ബുക്കിംഗ് 2026 ജൂൺ 22-ന് ആരംഭിക്കുമെന്നും ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് സ്കോഡ.
നിലവിൽ വിപണിയിലുള്ള സ്കോഡയുടെ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ കൊഡിയാക്കിന്റെ RS സ്പോർട്ടിയർ വേരിയന്റാണ് കമ്പനി ഇന്ത്യക്കായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഐക്കണിക് RS ബാഡ്ജ് ധരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 7 സീറ്റർ സ്കോഡ കാറായും ഇത് മാറുന്നുവെന്നതാണ് പ്രത്യേകത. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കൊഡിയാക് RS പതിപ്പിന്റെ 50 യൂണിറ്റുകളായിരിക്കും ആദ്യ ബാച്ചിൽ എത്തുക.

അതിനാൽ വാങ്ങാൻ താത്പര്യമുള്ളവർ വണ്ടി വേഗം പ്രീ-ബുക്ക് ചെയ്‌തിടുന്നതാവും ഉചിതം. പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്ന ഒക്ടാവിയ RS പെർഫോമൻസ് സെഡാന്റെ വിജയം ആവർത്തിക്കാൻ കൊഡിയാക് RS എസ്‌യുവിക്കും സാധിക്കുമെന്നാണ് അനുമാനം. സ്റ്റാൻഡേർഡ് കൊഡിയാക്കിനെ അപേക്ഷിച്ച് അകത്തും പുറത്തും കൂടുതൽ സ്‌പോർട്ടി അലങ്കാരങ്ങളും, കൂടാതെ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ഇതിൽ വന്നെത്തുന്നതായിരിക്കും.
ഡിസൈനിലേക്ക് നോക്കിയാൽ RS-നിർദ്ദിഷ്ട ഫ്രണ്ട് ബമ്പർ ഇൻസേർട്ടുകൾ, ഗ്രില്ലിലെ ഗ്ലോസ് ബ്ലാക്ക് ഡീറ്റെയിലിംഗ്, മിററുകൾ, വിൻഡോ സറൗണ്ടുകൾ, റിയർ ബാഡ്ജിംഗ്, സ്റ്റാൻഡേർഡ് 20 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ സ്റ്റെയിൻലെസ് സ്റ്റീൽ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ എന്നിവയെല്ലാമാണ് കൊഡിയാക്കിന്റെ പെർഫോമൻസ് പതിപ്പിനെ വേറിട്ടുനിർത്തുക. എക്സ്റ്റീരിയറിലേത് പോലുള്ള മാറ്റങ്ങൾ ഇന്റീരിയറിലും ഉണ്ടാവുന്നതായിരിക്കും.

അകത്തളം അടിപൊളിയാക്കുവാനായി ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകളുള്ള സ്‌പോർട്‌സ് സീറ്റുകൾ, RS-നിർദ്ദിഷ്ട സ്റ്റിയറിംഗ് വീൽ, സ്റ്റെയിൻലെസ് സ്റ്റീൽ പെഡലുകൾ, റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ഹൈലൈറ്റ് ചെയ്ത ഡാർക്ക് ഇന്റീരിയർ തീം എന്നിവ സ്കോഡ കൊഡിയാക് RS മോഡലിൽ ഒരുക്കിയിട്ടുണ്ട്. സുഡിയ അപ്ഹോൾസ്റ്ററി സ്റ്റാൻഡേർഡായി വരുന്നതിനാൽ യാത്രകൾ സുഖകരമായിരിക്കും. അതേസമയം തിരഞ്ഞെടുത്ത വിപണികളിൽ ലെതർ അപ്ഹോൾസ്റ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, അഡാപ്റ്റീവ് ഡിസിസി പ്ലസ് സസ്‌പെൻഷൻ, പ്രോഗ്രസീവ് സ്റ്റിയറിംഗ്, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, കാന്റൺ പ്രീമിയം ഓഡിയോ സിസ്റ്റം, അക്കൗസ്റ്റിക് ഗ്ലാസ്, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ എന്നിവയും എസ്‌യുവിയുടെ മോടികൂട്ടുന്ന ഫീച്ചറുകളാണ്. 265 bhp പവറിൽ പരമാവധി 400 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ TSI ഇവോ ടർബോ പെട്രോൾ എഞ്ചിനാണ് കൊഡിയാക് RS പെർഫോമൻസ് എസ്‌യുവിയുടെ ഹൃദയം.

7-സ്പീഡ് DSG ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡ് ഓൾ-വീൽ ഡ്രൈവും സ്റ്റാൻഡേർഡായി ഈ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നു. സെവൻ സീറ്റർ എസ്‌യുവിയാണെങ്കിലും വെറും 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാവും. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 231 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ കൊഡിയാക് RS സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറായി മാറുന്നു.
പെർഫോമൻസ് മികവിനൊപ്പം മൂന്നുവരി എസ്‌യുവിയുടെ പ്രായോഗികതയും ഓൾ-വീൽ ഡ്രൈവിന്റെ അധിക ആത്മവിശ്വാസവുമാണ് കൊഡിയാക് RS പെർഫോമൻസ് എസ്‌യുവിയുടെ കരുത്ത്. ലോഞ്ച് ചെയ്യുന്നതിന് തൊട്ടുമുമ്പ് വില പ്രഖ്യാപിക്കുമെങ്കിലും ഈ ഫുൾ-സൈസ് എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. നേരിട്ട് എതിരാളിയില്ലെങ്കിലും എംജി മജസ്റ്റർ, ടൊയോട്ട ഫോർച്യൂണർ എന്നിവയോട് മല്ലിടാൻ കൊഡിയാക്കിന് ശക്തികൂടും.


Click it and Unblock the Notifications