മിഡിൽ ക്ലാസുകാരന് കണ്ണുംപൂട്ടി വാങ്ങിക്കാവുന്ന ഇവി, ചുന്ദരനായ പഞ്ച് ഇവിയുടെ രൂപം വെളിപ്പെടുത്തി ടാറ്റ
ടാറ്റ മോട്ടോർസിൻ്റെ ഇലക്‌ട്രിക് കാർ നിരയിലെ ശക്തനായ പഞ്ച് ഇവി മുഖമിനുക്കിയെത്തുന്നുവെന്ന വാർത്ത ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സർപ്രൈസായി പുതുമോഡലിൻ്റെ രൂപം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഹൈപ്പ് കേറ്റുകയാണ് കമ്പനി. ടാറ്റയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂചെ പങ്കുവെച്ച ആദ്യ ടീസർ ചിത്രം അപ്‌ഡേറ്റ് ചെയ്‌ത ഇലക്ട്രിക് എസ്‌യുവിയുടെ പുതുക്കിയ സ്റ്റൈലിംഗും പുതിയ കളർ ഓപ്ഷനുമാണ് വ്യക്തമാക്കിയിരിക്കുന്നത്. വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കുന്നത് ടാറ്റയുടെ പ്രധാന വിനോദങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ ആളുകൾക്ക് ടാറ്റയുടെ കാർ എപ്പോഴും പുതുമയുള്ളതായി തോന്നാറുമുണ്ട്.
പുതിയ പഞ്ച് ഇവി 2026 ഫെബ്രുവരി 20-ന് വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റിലൂടെ, എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനാണ് കമ്പനി ഉന്നംവെക്കുന്നത്. പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം മുൻവശത്താണ് കാണാനാവുക. വൃത്തിയുള്ളതും അടച്ചതുമായ ഗ്രിൽ ഡിസൈനാണ് ഇത്തവണ വാഹനത്തിലേക്ക് വന്നെത്തിയിരിക്കുന്നത്.

നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി ഹെഡ്‌ലാമ്പ് യൂണിറ്റുകളെ ബന്ധിപ്പിച്ചിരുന്ന ബ്ലാക്ക് ട്രിം പീസ് ഫെയ്‌സ്‌ലിഫ്റ്റിൽ നിന്നും പഞ്ച് ഇവി ഒഴിവാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ ഡിആർഎല്ലുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറും നീക്കം ചെയ്‌തിട്ടുണ്ട്. അങ്ങനെ കൂടുതൽ മിനിമലിസ്റ്റിക് രൂപത്തിലേക്ക് ഇലക്ട്രിക് എസ്‌യുവി മാറുകയാണ്. മുൻ ബമ്പറിലും സൂക്ഷ്മമായ പരിഷ്‌ക്കരണങ്ങൾ ലഭിച്ചിരിക്കുന്നത് കാണാം.
റീഡിസൈൻ ചെയ്‌ത സ്‌കഫ് പ്ലേറ്റ് ഉൾപ്പെടെ എസ്‌യുവിയുടെ മൊത്തത്തിലുള്ള വലിപ്പത്തിൽ മാറ്റമൊന്നും കൊണ്ടുവരാതെ ഫ്രഷ് ലുക്ക് കൊണ്ടുവരാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. വലിയ നെക്‌സോൺ ഇവിയിൽ കാണുന്നവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് പുതിയ എയറോ-ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകളും അവതരിപ്പിക്കുന്നു. വാഹനത്തിന് കൂടുതൽ പ്രീമിയം നിലപാട് നൽകുന്നതിനോടൊപ്പം കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായാണ് ഈ വീലുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ടാറ്റ മോട്ടോർസ് പുതിയ പഞ്ച് ഇവിയിൽ പുതിയൊരു എക്സ്റ്റീരിയർ കളർ ഓപ്ഷനും ചേർത്തിട്ടുണ്ട് കേട്ടോ. ഹാരിയറിൽ വാഗ്ദാനം ചെയ്യുന്ന സൺലൈറ്റ് യെല്ലോ ഷേഡിന് സമാനമാണ്. പഞ്ച് ഇവിയുടെ യുവത്വവും സ്‌പോർട്ടി ആകർഷണവും കൂടുതൽ വർധിപ്പിക്കുന്ന തരത്തിൽ കോൺട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫുമായിട്ടാണ് കളർ കൊടുത്തിരിക്കുന്നത്. ഇതുകൂടാതെ 2026 മോഡലിൽ മറ്റ് പുത്തൻ നിറങ്ങളും കമ്പനി അവതരിപ്പിച്ചേക്കും.
ടാറ്റ ഇതുവരെ വരാനിരിക്കുന്ന മോഡലിൻ്റെ ഇൻ്റീരിയർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നെക്‌സോൺ ഇവിയിൽ അവതരിപ്പിച്ചതിന് സമാനമായി അപ്‌ഡേറ്റ് ചെയ്‌ത സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുന്ന വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കാൻ സാധ്യതയുണ്ട്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുൾപ്പെടെ നിലവിലുള്ള ഫീച്ചറുകൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ സുരക്ഷയുടെ കാര്യത്തിൽ പഞ്ച് ഇവിയെ കൂടുതൽ കിടിലമാക്കുവാനായി ലെവൽ 2 ADAS സ്യൂട്ട് അവതരിപ്പിക്കാൻ കഴിയും. എന്നാൽ വില കൂടുമെന്നതിനാൽ ടാറ്റ ഈയൊരു പരീക്ഷണത്തിന് മുതിരുമോയെന്നത് കണ്ടുതന്നെ അറിയണം. മെക്കാനിക്കലായി പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള ബാറ്ററി, മോട്ടോർ ഓപ്ഷനുകൾ നിലനിർത്തുമെന്ന് തന്നെയാണ് അനുമാനം. 265 കിലോമീറ്റർ റേഞ്ചുള്ള 25 kWh ബാറ്ററി പായ്ക്കും 365 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 35 kWh ബാറ്ററി പായ്ക്കും ഇതിൽ ഉൾപ്പെടുന്നു.
ചെറിയ ബാറ്ററി പതിപ്പ് 82 hp കരുത്തിൽ പരമാവധി 114 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം വലിയ ബാറ്ററി വേരിയൻ്റുകൾ 122 hp പവറിൽ 190 Nm ടോർക്ക് വരെയാണ് നൽകുന്നത്. ബാറ്ററി ശേഷിയിലോ പെർഫോമൻസിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവുമെന്ന കാര്യം ടാറ്റ മോട്ടോർസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 9.99 ലക്ഷം മുതൽ 14.44 ലക്ഷം രൂപ വരെയാണ് പഞ്ച് ഇവിയുടെ നിലവിലെ എക്സ്ഷോറൂം വില. ഇതിൽ ചെറിയ മാറ്റമുണ്ടാവുമെന്ന് തന്നെ കരുതാം.


Click it and Unblock the Notifications








