ഇത്രേം കുറഞ്ഞ വിലയോ? പുതിയ ലുക്കിൽ ടാറ്റയുടെ കുട്ടിക്കൊമ്പൻ എത്തി! അതും 5.99 ലക്ഷത്തിന്
ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഒടുവിൽ വിപണിയിലെത്തിയിരിക്കുകയാണ്. കാത്തിരിപ്പിൻ്റെ സുഖം കൂടുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും മാറ്റങ്ങളുമായിട്ടാണ് മുഖംമിനുക്കിയ ടാറ്റയുടെ കുട്ടിക്കൊമ്പൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ മാറ്റങ്ങളുമായി എത്തുന്ന മോഡലിന് 5.59 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. 2021-ൽ അവതരിപ്പിച്ചതിന് ശേഷമുള്ള സബ്-കോംപാക്‌ട് എസ്‌യുവിയുടെ ആദ്യത്തെ പ്രധാന മിഡ്-ലൈഫ് അപ്‌ഡേറ്റാണിത്. ഫെയ്‌സ്‌ലിഫ്റ്റുകളിൽ പതിവായി കാണുന്ന എക്സ്റ്റീരിയർ, ഇൻ്റീരിയർ അപ്‌ഡേറ്റുകൾക്ക് പുറമെ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം രണ്ട് പുതിയ എഞ്ചിൻ ഓപ്ഷനും എത്തിയിട്ടുണ്ടെന്നത് പലരേയും ഹാപ്പിയാക്കും.
ഇനി അതിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നമുക്ക് കടന്നാലോ? പുതുമോഡലിനായുള്ള ബുക്കിംഗ് ഇന്ന് മുതൽ ടാറ്റ മോട്ടോർസ് സ്വീകരിച്ച് തുടങ്ങും. താത്പര്യമുള്ളവർക്ക് ഓൺലൈനായോ ഡീലർഷിപ്പിലെത്തിയോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഇതേ വില നിലവാരത്തിലുള്ള മാരുതിയുടേയും ഹ്യുണ്ടായിയുടേയുമെല്ലാം ഹാച്ച്ബാക്ക് മോഡലുകളെ നാണിപ്പിക്കുന്ന വിധത്തിലുള്ള ഫീച്ചറുകളും സേഫ്റ്റിയും കുത്തിനിറച്ചാണ് പഞ്ചിൻ്റെ മുഖംമിനുക്കിയ പതിപ്പ് വന്നെത്തുന്നത്.

ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ പതിപ്പുകൾക്ക് 5.59 ലക്ഷം രൂപ മുതൽ 8.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം സിഎൻജി മോഡലുകൾക്ക് 6.69 ലക്ഷം രൂപ മുതൽ 9.29 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടി വരും. ബംഗാൾ റൂഷ്, കാരമൽ, കൂർഗ് ക്ലൗഡ്‌സ്, സയാൻ്റഫിക്, ഡേറ്റോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ പുതിയ കളർ ഓപ്ഷനുകളിലാണ് മൈക്രോ എസ്‌യുവി തെരഞ്ഞെടുക്കാനാവുന്നത്.
മൊത്തത്തിലുള്ള രൂപം പഴയത് പോലെ തന്നെയാണെങ്കിലും ചില നവീകരണങ്ങളോടെയാണ് പുതുരൂപം മോഡൽ ആവാഹിച്ചിരിക്കുന്നത്. 2026 ടാറ്റ പഞ്ചിൽ റീഡിസൈൻ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി ഡിആർഎല്ലുകൾ, ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ഫ്രഷ് ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ, പുതിയ അലോയ് വീലുകൾ എന്നിവയെല്ലാം ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വശക്കാഴ്ച്ചയിലേക്ക് വന്നാൽ കാര്യമായ നവീകരണം ലഭിച്ചിട്ടില്ലെങ്കിലും 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ ഉപയോഗിച്ച് ഫ്രഷ്നെസ് കൊണ്ടുവരാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. പുതിയ ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റും മോഡലിലുണ്ട്. മുൻഗാമായെ പോലെ തന്നെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഈ മോഡൽ 5 സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. ഇൻ്റീരിയറിലേക്ക് കയറിയാൽ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പഴയ മോഡലിന് സമാനമായ ഡാഷ്‌ബോർഡ് ലേഔട്ടിൽ തന്നെ തുടരുകയാണ്.
എങ്കിലും ഇലുമിനേറ്റഡ് ലോഗോയുള്ള പുതിയ ഗ്ലോസ് ബ്ലാക്ക് 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച്-എനേബിൾഡ് ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവയെല്ലാം പുതുതായി കൊണ്ടുവന്നിട്ടുണ്ട്. സീറ്റുകൾ ഫാബ്രിക് അപ്ഹോൾസ്റ്ററിയുമായാണ് വരുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ പഞ്ചിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുതിയ 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, സിംഗിൾ-പാൻ സൺറൂഫ് പോലുള്ള കാര്യങ്ങളെല്ലാം എസ്‌യുവിക്ക് കൊടുത്തിട്ടുണ്ട്.

ഇതുകൂടാതെ വയർലെസ് ഫോൺ ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നീ മറ്റ് സൗകര്യങ്ങളും മൈക്രോ എസ്‌യുവിയുടെ ഭാഗമായിട്ടുണ്ട്. ADAS ടെക് വരുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പഞ്ചിൽ ഈയൊരു ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം ലഭ്യമാക്കിയിട്ടില്ല.
എന്നാൽ കുഞ്ഞൻ എസ്‌യുവിയുടെ സുരക്ഷക്കായി സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ ഹോൾഡ് ആൻഡ് ഡിസെൻ്റ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാം ടാറ്റ അണിനിരത്തിയിട്ടുണ്ട്. നെക്സോണിലുള്ള ടർബോ പെട്രോൾ എഞ്ചിൻ്റെ വരവാണ് അടുത്ത വലിയ ചർച്ചാ വിഷയം. 120 bhp പവറിൽ പരമാവധി 170 Nm ടോർക്ക് നൽകാൻ ശേഷിയുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ പഞ്ചിൽ ഇനി മുതൽ ലഭ്യമാവും.
6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന ടർബോ മോഡലുകൾക്ക് വെറും 11.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും കൈവരിക്കാനാവും. ഇതിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇല്ലെന്നത് നിരാശാജനകമായിരിക്കും. കൂടാതെ പഴയ 1.2 ലിറ്റർ NA പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളും പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ തിരഞ്ഞെടുക്കാനാവുന്നതാണ്. ഇത്രേം കുറഞ്ഞ വിലയിൽ കിടിലൻ എസ്‌യുവി വന്നതിനാൽ ഇനി ടാറ്റ ഷോറൂമുകളിൽ വലിയ തിക്കുംതിരക്കുമായിരിക്കും അനുഭവപ്പെടുക.


Click it and Unblock the Notifications








