ഇപ്പോഴത്തെ കാർ വിൽക്കാൻ തോന്നും, സൂപ്പർ ഹോട്ടായി പഞ്ചിൻ്റെ പുത്തൻ ലുക്ക്! കൂട്ടിന് ടർബോ എഞ്ചിനും ADAS ടെക്കും
ഈ അടുത്തകാലത്ത് ടാറ്റ മോട്ടോർസ് പുറത്തിറക്കിയ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നാണ് പഞ്ച് (Tata Punch). മൈക്രോ എസ്‌യുവി (Micro SUV) എന്നൊരു പുതിയ സെഗ്മെൻ്റിന് തുടക്കം കുറിച്ചുകൊണ്ട് എത്തിയ മോഡലാവട്ടെ മാരുതി സുസുക്കിയുടെ പല ഹാച്ച്ബാക്കുകൾക്കും പണികൊടുത്തിട്ടുണ്ട്. ചെറിയ വിലയിൽ എസ്‌യുവി മുതലാളിയാവാൻ അവസരം കിട്ടിയാൽ ഇന്ത്യക്കാർ വിടുമോ അല്ലേ. 2021-ൽ അവതരിപ്പിച്ച പഞ്ച് ഇതുവരെ 6 ലക്ഷത്തിലധികം വിൽപ്പനയുമായി ഇപ്പോഴും കുതിക്കുകയാണ്. ഇപ്പോഴിതാ നാല് വർഷങ്ങൾക്കിപ്പും മോഡലിൻ്റെ ആദ്യത്തെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലേക്ക് എത്താൻ പോവുകയാണ്.
2026 ജനുവരി 13-ന് വാഹനം ഔദ്യോഗികമായി ലേഞ്ച് ചെയ്യാനാണ് ടാറ്റ തയാറെടുക്കുന്നത്. അതിൻ്റെ ഭാഗമായി വാഹനത്തിലെ ഓരോ കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കമ്പനി പുതിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പൂർണ രൂപവും പ്രദർശിപ്പിച്ചിരിക്കുകയാണ്. അന്യായ ഗ്ലാമറിൽ ഒരുങ്ങുന്ന വാഹനം വലിയ ഹൈപ്പ് തന്നെ ഉയർത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. ടർബോ എഞ്ചിൻ, ADAS ടെക് എന്നിങ്ങനെ പല പല പ്രത്യേകതകളുമായാണ് ആശാൻ്റെ ഇത്തവണത്തെ വരവ്.

കോസ്‌മെറ്റിക് ടച്ചപ്പുകൾ, സുരക്ഷാ മെച്ചപ്പെടുത്തലുകൾ, പുതിയ എഞ്ചിൻ ഓപ്ഷൻ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്രമായ അപ്‌ഡേറ്റാണിത്. പുതിയ പഞ്ചിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചാലോ? ആദ്യം ഡിസൈനിൽ നിന്നും തുടങ്ങാം അല്ലേ, പുതുക്കിയ ഫ്രണ്ട്, റിയർ പ്രൊഫൈലുകൾക്കൊപ്പം പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പഴയതിനേക്കാൾ ഗ്ലാമറായിട്ടുണ്ടെന്ന് വേണം പറയാൻ. ലൈറ്റിംഗ് സജ്ജീകരണം ഉൾപ്പെടെ നിരവധി ഘടകങ്ങൾ പഞ്ച് ഇവിയിലേത് പോലെ പരിചിതമായി തോന്നിയേക്കാം.
മുകളിൽ ഘടിപ്പിച്ച ഷാർപ്പ് എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകൾക്കുള്ള പോളിഗോണൽ ഹൗസിംഗുകളും സ്ലാറ്റഡ് ഡിസൈനുള്ള ഒരു വലിയ എയർ ഡാമും പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടും. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ചില പുതിയ വൈബ്രൻ്റ് കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ മുൻഗാമിക്ക് സമാനമായ ലുക്കാണെങ്കിലും അലോയ് വീലിൻ്റെ ഡിസൈനിൽ മാറ്റമുണ്ട്.

പിൻഭാഗത്ത് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് കണക്റ്റഡ് ഫോർമാറ്റിലുള്ള ടെയിൽ ലാമ്പുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ബൂട്ട് ലിഡിന് ഒരു പരന്ന ഷേപ്പാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ റിയർ ബമ്പറിലും ചില മാറ്റങ്ങൾ ഉണ്ടാകാം. മുൻവശത്തെ താഴത്തെ ഗ്രില്ലിൽ ഒരു ADAS റഡാർ മൊഡ്യൂൾ സ്ഥാപിച്ചിരിക്കുന്നത് ടീസർ വീഡിയോകളിലൂടെ കാണാൻ കഴിയും. ADAS ടെക്കുള്ളതിനാൽ ഈ ഫീച്ചർ ലഭിക്കുന്ന സെഗ്മെൻ്റിലെ ആദ്യത്തെ എസ്‌യുവിയായിരിക്കും ടാറ്റ പഞ്ച്.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുള്ള പഞ്ചിലേക്ക് ADAS കൂടിയെത്തുന്നത് സംഭവബഹുലമാവും. കൂടാതെ സറൗണ്ട്-വ്യൂ 360 ഡിഗ്രി ക്യാമറ സജ്ജീകരണവും മൈക്രോ എസ്‌യുവിയിൽ ഇത്തവണ വന്നെത്തും. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ വാങ്ങുന്നവർക്ക് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അവസരവും ഇത്തവണ ഉണ്ടായിരിക്കും. നിലവിൽ ടാറ്റ ആൾട്രോസ് റേസറിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റായിരിക്കാം ഇത്.

ഈ എഞ്ചിന് ഏകദേശം 110 bhp കരുത്തിൽ പരമാവധി 140 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ്. അങ്ങനെയാണെങ്കിൽ പെർഫോമൻസിൽ പരാതിയുണ്ടായിരുന്ന് പറഞ്ഞവരെല്ലാം ഇതോടെ പത്തിമടക്കും. ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെയാവും വിപണിയിലെത്തുക. അതോടൊപ്പം തന്ന മുമ്പത്തെ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനും പഞ്ചിലുണ്ടാവും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമായി ഘടിപ്പിച്ചിരിക്കുന്ന ഇതിന് 87.8 പവറിൽ 115 Nm ടോർക്കാവും നൽകുക.
കഴിഞ്ഞില്ല, ട്വിൻ സിലിണ്ടർ സംവിധാനമുള്ള ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും പഞ്ചിൽ ലഭ്യമാണ്. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകൾ 73.5 bhp, 103 Nm ടോർക്ക് എന്നിങ്ങനെയായി കുറയുമെങ്കിലും അന്യായ മൈലേജായിരിക്കും നൽകുക. പഞ്ച് സിഎൻജിയിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. പുതിയ മാറ്റങ്ങൾ വരുന്നതോടെ നിലവിലുള്ള വിലയേക്കാൾ കൂടുതൽ മുടക്കാനും തയാറാവേണ്ടി വരുമേ.


Click it and Unblock the Notifications








