4.69 ലക്ഷത്തിന്റെ ബേസ് മോഡൽ സ്വിഫ്റ്റിനെ പോലും നാണിപ്പിക്കും! പുത്തൻ ടിയാഗോ സ്‌മാർട്ട് വേരിയന്റ്
ഇക്കഴിഞ്ഞ ദിവസമാണ് ബജറ്റ് ഹാച്ച്ബാക്ക് സെഗ്മെന്റിനെ ഇളക്കിമറിച്ചുകൊണ്ട് ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. കുറഞ്ഞ വിലയിൽ വാങ്ങാൻ പറ്റുന്ന ഏറ്റവും നല്ല ഹാച്ച്ബാക്ക് എന്ന് പേരെടുത്ത് വരുന്ന കാറിന്റെ വില തുടങ്ങുന്നത് തന്നെ വെറും 5 ലക്ഷം രൂപയിൽ താഴെ വിലയിലാണ്. നല്ല സേഫ്റ്റിയും ബിൽഡ് ക്വാളിറ്റിയുമുള്ള മോഡൽ സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, പ്യുവർ പ്ലസ് A, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ് എന്നിങ്ങനെ നിരവധി വേരിയന്റുകളിലും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇതിൽ ബേസ് മോഡൽ എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ.
4.69 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ടാറ്റ ടിഗായോ ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്മാർട്ട് ബേസ് വേരിയന്റ് വിപണിയിലെത്തുന്നത്. പ്രിസ്റ്റിൻ വൈറ്റ്, ഡേടോണ ഗ്രേ, പ്ര്യുവർ ഗ്രേ, പഗോങ് പൾസ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ വരുന്ന ഇതിന്റെ എക്സ്റ്റീരിയർ തികച്ചും ബേസിക്കായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, ഗ്രില്ലിൽ ടാറ്റ ലോഗോ തുടങ്ങിയ ഘടകങ്ങളാണ് മുൻവശത്ത് എടുത്തു പറയാനുള്ളത്.

വശക്കാഴ്ച്ചയിൽ നിങ്ങൾക്ക് 14 ഇഞ്ച് സ്റ്റീൽ വീലുകൾ, കറുത്ത ഡോർ ഹാൻഡിലുകൾ, കറുത്ത ORVM-കൾ എന്നിവ ലഭിക്കും. പിൻവശത്ത് വൺ-പീസ് ലൈറ്റ് പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. കണക്റ്റഡ് ടെയിൽ ലെറ്റ് മറ്റ് ഉർന്ന വേരിയന്റുകൾക്കായി ടാറ്റ മോട്ടോർസ് നീക്കിവെച്ചിരിക്കുകയാണ്. ഇന്റീരിയറിലേക്ക് കയറിയാലും സംഗതി എല്ലാം തികച്ചും ബേസിക്കായി തന്നെയാണ് ടാറ്റ ടിയാഗോ സ്മാർട്ട് വേരിയന്റിൽ നൽകുന്നത്.
കറുപ്പിലും ഗ്രേയിലും പണികഴിപ്പിച്ചിരിക്കുന്ന തുണികൊണ്ടുള്ള അപ്ഹോൾസ്റ്ററി സീറ്റുകളാണ് ഇതിലുള്ളത്. മുന്നിൽ ടച്ച്സ്‌ക്രീൻ ഇല്ല. പകരം, ഒരു മൊബൈൽ ഫോൺ ഹോൾഡർ ഘടിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു സ്ലോട്ടായിരിക്കം ബേസ് മോഡൽ വാങ്ങുന്നവർക്ക് ലഭിക്കുക. പുതിയ ക്ലസ്റ്റർ വേരിയന്റ് നിരയിലാകെ സ്റ്റാൻഡേർഡായി കൊടുത്തിരിക്കുന്നത് സ്വാഗതാർഗമാണ്. അതേസമയം സ്മാർട്ട് ഡിവൈസ് ചാർജിംഗിന്റെ കാര്യത്തിൽ ഈ വേരിയന്റിന് 12V സോക്കറ്റ് മാത്രമേ ലഭിക്കൂ.

സേഫ്റ്റിയുടെ കാര്യമെടുത്താൽ ആള് ഉഷാറാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആറ് എയർബാഗുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകൾ എന്നിവയെല്ലാം ഹാച്ച്ബാക്കിന്റെ ബേസ് മോഡലിൽ ഉൾപ്പെടുന്നുണ്ട്. പെട്രോൾ, സിഎൻജി ഓപ്ഷനുകളിലും ഇത് വാങ്ങാനാവുന്നതാണ്.
പരിചിതമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് പുതിയ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ പതിപ്പുകൾ 86 bhp കരുത്തിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുമ്പോൾ iCNG സജ്ജീകരണം 75.5 bhp പവറിൽ 96.5 Nm ടോർക്കും വികസിപ്പിക്കാൻ യോഗ്യമാണ്.

5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് തെരഞ്ഞെടുക്കാനാവുക. നിലവിൽ ഈ വിഭാഗത്തിൽ എഎംടി ഗിയർബോക്സുമായി ജോടിയാക്കിയ ഫാക്ടറി ഫിറ്റഡ് സിഎൻജി ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ബ്രാൻഡ് കൂടിയാണ് ടാറ്റ. എന്നാൽ ബേസ് വേരിയന്റിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ലഭ്യമാവുകയെന്നത് പ്രത്യേകം ഓർമിക്കേണ്ടതാണ് കേട്ടോ. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് എന്നിവയുടെ ബേസ് മോഡലിനേക്കാൾ വളരെ വില കുറവാണ് ടിയാഗോയ്ക്ക് എന്നത് കണക്കിലെടുക്കുമ്പോൾ ഇതൊരു നല്ല ചോയ്‌സ് തന്നെയായിരിക്കും.


Click it and Unblock the Notifications