ഡിസയറിന്റെ ചിറകരിയാൻ ടാറ്റയുടെ പുത്തൻ സെഡാൻ റെഡി! അതും പെട്രോൾ, സിഎൻജി, ഇലക്‌ട്രിക് രൂപത്തിൽ
സെഡാനുകളുടെ കാലം അവസാനിച്ചുവെന്ന് പറഞ്ഞിടത്തുനിന്നും ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്ന് എസ്‌യുവികളെ പോലും അരിഞ്ഞുവീഴ്ത്തി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന പദവി വെട്ടിപ്പിടിച്ചവനാണ് മാരുതി സുസുക്കി ഡിസയർ. ന്യൂജെൻ മോഡൽ എത്തിയതോടെ വാങ്ങാനായി ആളുകൾ വരിനിൽക്കുന്ന കാഴ്ച്ചയാണ് ഇപ്പോഴും കാണാനാവുന്നത്. പക്ഷേ ഡിസയറിന്റെ അതേ സെഗ്മെന്റിലുള്ള പല കാറുകളും ഇതിന്റെ പകുതി പോലും വിറ്റഴിയുന്നില്ലെന്ന കാഴ്ച്ചയും മറുവശത്ത് കാണാനാവും. എന്നാൽ നിലവിലെ സ്ഥിതിയെല്ലാം കാറ്റിൽപ്പറത്തി ഡിയറിന്റെ ചിറകരിയാൻ ടാറ്റയുടെ പുത്തൻ സെഡാൻ എത്തുകയാണ് (Tata Sedan).
അതും പെട്രോൾ, സിഎൻജി, ഇലക്‌ട്രിക് രൂപത്തിൽ കുറഞ്ഞ വിലയിൽ എത്തിയാൽ ആരെങ്കിലും വാങ്ങിതിരിക്കുമോ അല്ലേ. ഇനി ഏതാണ് മോഡൽ എന്നു പറഞ്ഞുതരാം, ടാറ്റയുടെ നിരയിൽ ഏറ്റവും കുറവ് വിൽപ്പന നേടുന്ന ടിഗോർ സെഡാനാണ് ഇപ്പോൾ പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിലേക്ക് എത്താൻ പോവുന്നത്. 2026 മോഡൽ ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈനായി കമ്പനി പേറ്റന്റ് നേടിയതോടെയാണ് ഈ വാർത്തയിപ്പോൾ പ്രചരിച്ചിരിക്കുന്നത്.

അടുത്തിടെ പുറത്തിറക്കിയ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിച്ച ഡിസൈൻ ഭാഷ്യത്തിൽ തന്നെയാവും പുതുക്കിയ ടിഗോർ കോംപാക്‌ട് സെഡാനും വിപണിയിലെത്തുക. ജൂൺ 30-ന് സിയറ ഇവിയുടെ ലോഞ്ചിനുശേഷം പുതുക്കിയ ടിഗോർ ഈ വർഷം അവസാനത്തോടെ ICE, ഇവി രൂപങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. പുതിയ ടിയാഗോയെപ്പോലെ മുഖംമിനുക്കിയെത്തുന്ന ടിഗോറിനും കൂടുതൽ വൃത്തിയുള്ളതും ആധുനികവുമായ ഒരു രൂപം ആവാഹിക്കാനായിട്ടുണ്ട്.
മുൻവശത്ത് വീതിയിലുടനീളം പ്രവർത്തിക്കുന്ന ഗ്ലോസ് ബ്ലാക്ക് ട്രിം എലമെന്റ് ഉപയോഗിച്ച് കണക്റ്റ് ചെയ്‌തിരിക്കുന്ന മെലിഞ്ഞ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ കോംപാക്‌ട് സെഡാന് വല്ലാത്തൊരു ആകർഷണം നൽകുന്നുണ്ട്. ഗ്രിൽ പൂർണമായും ഫാസിയയിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതായാണ് പേറ്റന്റ് ചിത്രങ്ങളിലൂടെ മനസിലാക്കാനാവുന്നത്. ഫ്രണ്ട് ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇപ്പോൾ വെർട്ടിക്കൽ സ്ലാറ്റുകളും ഇരുവശത്തും ലംബമായി സ്ഥാപിച്ചിരിക്കുന്ന ഹൗസിംഗുകളും ഉൾക്കൊള്ളുന്ന വിശാലമായ ലോവർ എയർ ഇൻടേക്കും മുൻവശത്തെ പ്രീമിയമാക്കുന്നുണ്ട്.

ഫോഗ് ലാമ്പുകളോ അധിക ലൈറ്റിംഗ് ഘടകങ്ങളോ ഉൾക്കൊള്ളാൻ വേണ്ടിയാണ് ഇവിടം നവീകരിക്കുന്നത്. ടാറ്റ ലോഗോയ്ക്ക് താഴെ ഘടിപ്പിച്ചിരിക്കുന്ന ഒരു ഫ്രണ്ട് ക്യാമറയും പേറ്റന്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഇത് മിക്കവാറും 360-ഡിഗ്രി ക്യാമറ സിസ്റ്റത്തിന്റെ വരവിനെയാണ് സൂചിപ്പിക്കുന്നത്. വശത്ത് നിന്ന് നോക്കുമ്പോൾ മൊത്തത്തിലുള്ള രൂപം നിലവിലെ മോഡലിന് സമാനമായി തന്നെ തുടരുകയാണ്.
കോംപാക്റ്റ് സെഡാൻ അതിന്റെ നോച്ച്ബാക്ക് പ്രൊഫൈലുമായി തുടരുന്നത് പലർക്കും ഇഷ്‌ടമാവുന്ന കാര്യമാണ്. അതേസമയം പുതുമയ്ക്കായി അലോയ് വീൽ ഡിസൈനിൽ ടാറ്റ മോട്ടോർസ് മാറ്റം കൊണ്ടുവന്നേക്കും. ഉയർന്ന വേരിയന്റുകളിൽ സറൗണ്ട്-വ്യൂ മോണിറ്ററിംഗ് സിസ്റ്റം വാഗ്ദാനം ചെയ്യാമെന്ന് സൂചിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് ക്യാമറകൾ ORVM-കളിൽ ഉള്ളതായി തോന്നുന്നുണ്ട്. പിൻഭാഗത്ത് ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിന് ഒരു സ്ലിം ഹോറിസോണ്ടൽ സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതുക്കിയ ടെയിൽ ലാമ്പും ലഭിക്കും.

ബമ്പർ ഡിസൈൻ ലളിതമാക്കിയിരിക്കുന്നതിനാൽ അലങ്കോലമൊന്നുമില്ലാത്ത രൂപമാണ് വാഹനത്തിന് ആവാഹിക്കാനായിരിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് ഇന്റീരിയറും ടിഗോർ കടമെടുക്കും. അങ്ങനെ വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന പരിഷ്ക്കരിച്ച ഡാഷ്‌ബോർഡ് ലേഔട്ടും ടാറ്റ അവതരിപ്പിച്ചേക്കാം.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയായിരിക്കും കാറിലെ പ്രധാന ഫീച്ചറുകൾ. സുരക്ഷക്കായി സ്റ്റാൻഡേർഡായി തന്നെ ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. 1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാവും പുതിയ ടിഗോറിലും ഉപയോഗിക്കുക. ഇതിനൊപ്പം സിഎൻജിയും ആളുകൾക്ക് തെരഞ്ഞെടുക്കാനാവുമെന്നത് ആശ്വാസമേകുന്ന കാര്യമാണ്.
ടിയാഗോ ഇവിയിലെ ബാറ്ററി കടമെടുത്ത് ടിഗോർ ഇവിയുടെ പാസഞ്ചർ വേരിയന്റും എത്തുന്നതായിരിക്കും. അതായത് 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാവും ഇലക്ട്രിക് സെഡാൻ വാങ്ങാനാവുകയെന്ന് സാരം. ഇതിൽ ആദ്യത്തേത് 226 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകുമ്പോൾ വലിയ ബാറ്ററി പായ്ക്ക് 285 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് അവകാശപ്പെടുന്നത്. രണ്ട് മോഡലുകളും 1.2C ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുണ്ടെന്നതിനാൽ ചാർജിംഗിനായി അധിക സമയം കളയേണ്ടി വരില്ല.


Click it and Unblock the Notifications