വില കൂട്ടിയിട്ടും 5.73 ലക്ഷത്തിന് വാങ്ങിക്കാവുന്ന 7-സീറ്റർ, 19.6 KM മൈലേജുള്ള ഫാമിലി കാറിന്റെ പുതിയ വില ഇങ്ങനെ
മാരുതി സുസുക്കി എർട്ടിഗ അരങ്ങുവാഴുന്ന ഇന്ത്യയിലെ കോംപാക്‌ട് എംപിവി സെഗ്മെന്റിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ പുത്തനൊരു മോഡലുമായി എത്തിയത് ഈയടുത്തായിരുന്നു. ഗ്രാവൈറ്റ് എന്നുപേരിട്ടിരിക്കുന്ന 7-സീറ്റർ മൾട്ട് പർപ്പസ് വാഹനം ഒരു ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് സ്വന്തമാക്കാനാവും എന്നതാണ് ഹൈലൈറ്റ്. മാഗ്നൈറ്റ് എന്ന കുഞ്ഞൻ എസ്‌യുവിയിലൂടെ മാത്രം പണമുണ്ടാക്കിയിരുന്ന ബ്രാൻഡ് നിരയിലേക്ക് എത്തിയ മിടുക്കൻ ഇപ്പോൾ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്. അന്യായ പെർഫോമൻസ് കണക്കുകളോ വലിയ എഞ്ചിൻ ശേഷിയോ ഒന്നുമില്ലെങ്കിലും ചെറിയ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന മിടുമിടുക്കനൊരു സെവൻ സീറ്ററാണ് ഗ്രാവൈറ്റ്.
5.65 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ നിസാൻ ഗ്രാവൈറ്റിന് പക്ഷേ ഇപ്പോൾ വില കൂടിയിരിക്കുകയാണ്. എംപിവിക്ക് ഒറ്റയടിക്ക് 18,400 രൂപ വരെയാണ് വില ഉയർത്തിയിരിക്കുന്നത് എന്നതാണ് സങ്കടകരമായ കാര്യം. എംപിവിയുടെ എൻ-കണക്റ്റ, സിഎൻജി മാനുവൽ, എൻ-കണക്റ്റ പെട്രോൾ മാനുവൽ വേരിയന്റുകൾക്കാണ് ഇത്രയും വില വർധിപ്പിച്ചിരിക്കുന്നത്.

അതേസമയം നിസാൻ ഗ്രാവൈറ്റ് ടെക്‌ന സിഎൻജി മാനുവൽ, ടെക്‌ന LE സിഎൻജി മാനുവൽ, ടെക്‌ന പെട്രോൾ മാനുവൽ, ടെക്‌ന LE പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് മുൻ വിലയേക്കാൾ 17,000 രൂപയാണ് ഇനി അധികം മുടക്കേണ്ടി വരുന്നത്. എംപിവിയുടെ എൻ-കണക്റ്റ പെട്രോൾ എഎംടി, ടെക്‌ന പെട്രോൾ എഎംടി, ടെക്‌ന LE പെട്രോൾ എഎംടി വേരിയന്റുകൾക്ക് 15,000 രൂപ വീതം വില വർധനവ് ഉണ്ടായെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
തുടർന്ന് അസെന്റ പെട്രോൾ മാനുവൽ, അസെന്റ സിഎൻജി മാനുവൽ വേരിയന്റുകൾക്ക് 9,400 രൂപയുടെ വർധനവും ലഭിച്ചിട്ടുണ്ട്. നിസാൻ ഗ്രാവൈറ്റിന്റെ വിസിയ പെട്രോൾ മാനുവൽ, വിസിയ സിഎൻജി മാനുവൽ വേരിയന്റുകൾക്ക് 8,400 രൂപ വീതം വില കൂടിയിട്ടുണ്ട്. പുതിയ അപ്ഡേറ്റിന് ശേഷം റെനോ ട്രൈബറിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഗ്രാവൈറ്റിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 5.73 ലക്ഷം മുതൽ 8.52 ലക്ഷം രൂപ വരെയാണ്.

വില കൂടിയിട്ടും സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ എത്തുന്ന സെവൻ സീറ്റർ ഇപ്പോഴും രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള എംപിവിയാണ്. വില വർധിപ്പിച്ചിട്ടുണ്ടെങ്കിലും കാറിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല. റെനോ-നിസാൻ സഖ്യത്തിൻ്റെ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. ട്രൈബറിന്റെ പുനർനിർമിച്ച വാഹനമാണെങ്കിലും ഡിസൈനിൽ നിസാൻ തങ്ങളുടേതായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
അതായത് C-ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, ടോളർ സ്റ്റാൻസ്, സ്‌കൾപ്പഡ് ബോഡി വർക്ക്, പൂർണ എൽഇഡി ലൈറ്റിംഗ്, റൂഫ് റെയിലുകൾ, ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ ട്രീറ്റ്‌മെന്റ്, വൈഡ്-ഓപ്പണിംഗ് ഡോറുകൾ എന്നിവ നിസാൻ ഗ്രാവൈറ്റിനെ വേറിട്ടുനിർത്തുന്നുണ്ട്. ഫോറസ്റ്റ് ഗ്രീൻ, ഒനിക്സ് ബ്ലാക്ക്, ബ്ലേഡ് സിൽവർ, സ്റ്റോം വൈറ്റ്, മെറ്റാലിക് ഗ്രേ എന്നീ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനും കൂടിയാവുമ്പോൾ രണ്ടും രണ്ട് തരത്തിലാണ് വരുന്നത്.

ഫീച്ചറുകളിലേക്ക് വന്നാൽ ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം നിസാൻ ഗ്രാവൈറ്റിലുണ്ട്. കൂടാതെ മൂന്ന്-വരിയിലും എയർ കണ്ടീഷനിംഗ്, ഒന്നിലധികം സ്റ്റോറേജ് സോണുകൾ, സപ്പോർട്ടീവ് സീറ്റുകൾ എന്നിവ അധിക പ്രായോഗികത നൽകുന്നുണ്ട്.
പുഷ്-ബട്ടൺ സ്റ്റാർട്ട്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, വയർലെസ് ചാർജർ എന്നിവയാണ് അധിക സവിശേഷതകളായി ലഭിക്കുക. ജെബിഎൽ സൗണ്ട് സിസ്റ്റം, ഡ്യുവൽ ഡാഷ്‌ക്യാം, എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് സീറ്റിന് നെക്ക് കുഷ്യനുകൾ, രണ്ടാം നിര സീറ്റിന് ലംബർ കുഷ്യനുകൾ, ബോഡി ഗ്രാഫിക്‌സ് എന്നിവ ടോപ്പ് വേരിയൻ്റിൽ അധികമായും ലഭിക്കും. 1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഗ്രാവൈറ്റിൻ്റെ ഹൃദയം.
അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 72 bhp കരുത്തിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മൈലേജിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ മാനുവലിന് ഏകദേശം 19.3 കിലോമീറ്ററും എഎംടി പതിപ്പുകൾക്ക് 19.6 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. ഈ വർഷം അവസാനം മിഡ്-സൈസ് എസ്‌യുവി നിരയിലേക്ക് ടെക്റ്റൺ എന്ന പുത്തൻ മോഡലിനെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിസാൻ ഇപ്പോൾ.


Click it and Unblock the Notifications