6 ലക്ഷത്തിന് വാങ്ങാവുന്ന 7-സീറ്റർ MPV, രാജ്യം കാത്തിരിക്കുന്ന ബജറ്റ് കാറിൻ്റെ വരവിന് സമയം കുറിച്ച് കമ്പനി
ഇന്ത്യയിലെ ബജറ്റ് എംപിവി വിഭാഗത്തിലേക്ക് ചുവടുവെക്കാനുള്ള തയാറെടുപ്പുകളെല്ലാം അവസാനഘട്ടത്തിൽ എത്തിയതായി അറിയിച്ചിരിക്കുകയാണ് നിസാൻ (Nissan). മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവിയുടെ പിൻബലത്തിൽ മാത്രം രാജ്യത്ത് പിടിച്ചുനിൽക്കുന്ന കമ്പനി ഈ വർഷം ഗ്രാവൈറ്റ് മൾട്ടി പർപ്പസ് വാഹനത്തിലൂടെയാണ് (Gravite MPV) അങ്കംമുറുക്കാൻ എത്തുന്നത്. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള എംപിവിയായിരിക്കും ഇതെന്ന വിവരം രാജ്യത്തെ വണ്ടിഭ്രാന്തൻമാരെല്ലാം ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. മാഗ്നൈറ്റിൻ്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെ പണികഴിപ്പിക്കുന്ന മോഡൽ 7 സീറ്റർ ആയിരിക്കുമെന്നതിനാൽ നല്ലൊരു ബജറ്റ് ഫാമിലി കാർ തേടുന്നവർക്ക് ആശ്വാസകരമായിരിക്കും.
പുതിയ നിസാൻ ഗ്രാവൈറ്റ് 2026 ജനുവരി 21-ന് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ് കാർവാലെ വെബ്സൈറ്റ്. ഇന്ത്യൻ വിപണിക്കായുള്ള ജാപ്പനീസ് ബ്രാൻഡിൻ്റെ പുതുക്കിയ ഉൽപ്പന്ന തന്ത്രത്തിൻ്റെ ഭാഗമായാണ് എംപിവി വിപണിയിലെത്തുന്നത്. പുതിയ ബജറ്റ് ഫ്രണ്ട്ലി 7-സീറ്റർ എംപിവിയുടെ വരവ് നിസാന് കൂടുതൽ ശക്തിയാർജിക്കാൻ സഹായിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിക്കുന്നതെങ്കിലും നിസാൻ കുടുംബത്തിലെ സ്റ്റൈലിംഗ് ഘടകങ്ങളെല്ലാം വഹിച്ചുകൊണ്ടാവും ഗ്രാവൈറ്റ് പിറവിയെടുക്കുക. സ്റ്റൈലിംഗിൽ കിടിലമാക്കുവാനായി ഇൻവേർട്ടഡ് എൽ-ആകൃതിയിലുള്ള ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട വിശാലമായ ഗ്രിൽ, കട്ടിയുള്ള സിൽവർ ബമ്പർ ഇൻസേർട്ടുകൾ, കണക്റ്റഡ് ടെയിൽ-ലാമ്പ് ഡിസൈൻ, ഗ്രാവിറ്റ് ബാഡ്ജിംഗ് ഉള്ള സ്ലീക്കർ പിൻഭാഗം എന്നിവയെല്ലാം ഡിസൈനിലേക്ക് വന്നെത്തും.
വരാനിരിക്കുന്ന നിസാൻ എംപിവിയുടെ അകത്തളത്തെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കിലും മാഗ്നൈറ്റിലേത് പോലുള്ള ഡാഷ്‌ബോർഡും സ്റ്റിയറിംഗ് വീൽ ലേഔട്ടും ഗ്രാവിറ്റിൽ ഉപയോഗിക്കാനാണ് സാധ്യത. എന്നിരുന്നാലും സ്വന്തം കളർ തീമും ഫീച്ചർ പാക്കേജിംഗും ഉപയോഗിച്ച് കമ്പനി എംപിവിയെ കൂടുതൽ വ്യത്യസ്തമാക്കാനുള്ള സാധ്യത കാണുന്നുണ്ട്. അത്യാവിശ്യം വേണ്ടുന്ന മോഡേൺ ഫീച്ചറുകൾ കുത്തിനിറയ്ക്കാനും ബ്രാൻഡ് തയാറാവുമെന്ന് പ്രതീക്ഷിക്കാം.

അതായത് മാഗ്നൈറ്റിൽ കാണുന്നത് പോലെ 7 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ ചാർജിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ ഫീച്ചറുകളെല്ലാം എംപിവിയുടെ ഭാഗമാവും. രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾക്കായി വെൻ്റുകളുള്ള മാനുവൽ എസി എന്നിവ പുതിയ കോംപാക്‌ട് എംപിവിയുടെ സവിശേഷതകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ പ്രായോഗികമായ കാര്യങ്ങളാൽ ഗ്രാവൈറ്റ് വിസ്മയിപ്പിക്കും.
സേഫ്റ്റിക്കായി 6 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, TPMS, റിയർ-വ്യൂ ക്യാമറ എന്നിവയും നിസാൻ ഒരുക്കിയേക്കും. നിലവിലെ നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചത് പോലെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ നിസാൻ ഗ്രാവൈറ്റിനും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാനായേക്കും. റെനോ ട്രൈബറിലെ അതേ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാവും ഗ്രാവൈറ്റിലും ഉപയോഗിക്കുക.

റെനോ ട്രൈബറിലും നിസാൻ മാഗ്നൈറ്റിൻ്റെയും റെനോ കൈഗറിൻ്റെയും താഴ്ന്ന വകഭേദങ്ങളിൽ കാണപ്പെടുന്ന അതേ എഞ്ചിൻ ഓപ്ഷനാണിത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 76hp കരുത്തിൽ പരമാവധി 95 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 2026 ജനുവരി 21-ന് എംപിവിയുടെ അവതരണവും വില പ്രഖ്യാപനവും നടക്കും. തുടർന്ന് വാഹനം മാർച്ചിൽ ഷോറൂമിൽ എത്തും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








