കൂടുതൽ മൈലേജ്, ബൂട്ട് സ്പേസും പോവില്ല! എർട്ടിഗയ്ക്ക് സാധിക്കാത്തത് നേടി ഗ്രാവൈറ്റ് സിഎൻജി
മാഗ്നൈറ്റ് (Magnite) എന്ന കോംപാക്‌ട് എസ്‌യുവിയിലൂടെ മാത്രം ഇന്ത്യയിൽ പിടിച്ചുനിന്നിരുന്ന നിസാന് പുതുജീവനേകുവാനായി അവതാരപ്പിറവിയെടുത്ത വാഹനമാണ് ഗ്രാവൈറ്റ് (Nissan Gravite MPV). വലിയ കുടുംബങ്ങൾക്കായി ചെറിയ വിലയിൽ പുറത്തിറങ്ങിയ വാഹനം ഇതിനോടകം തന്നെ വലിയ വിജയം കൈവരിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ ഗ്രാവൈറ്റിന് കൂടുതൽ മൈലേജേകുവാനായി സിഎൻജി (CNG) മോഡലും എത്തിയിരിക്കുകയാണ്. എന്നാൽ ഫാക്‌ടറി ഫിറ്റഡ് കിറ്റിന് പകരം ഗ്രാവൈറ്റിനായി സർക്കാർ അംഗീകൃത സിഎൻജി റിട്രോഫിറ്റ്മെന്റ് കിറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മാത്രം. കൂടെ ഒരു ട്വിസ്റ്റും കൊണ്ടുവന്നിട്ടുണ്ടെന്നതാണ് രസകരമായ കാര്യം.
ബൂട്ട് സ്പേസും മൂന്നാംനിര സീറ്റും നിലനിർത്തുന്നതിനായി എംപിവിയിൽ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയാണ് നിസാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു ഫീച്ചർ നൽകുന്ന സെഗ്‌മെന്റിലെ ആദ്യത്തെ സെവൻ സീറ്റർ വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്. സാക്ഷാൽ മാരുതി സുസുക്കി എർട്ടിഗയ്ക്ക് പോലും നേടിയെടുക്കാൻ സാധിക്കാതെ പോയ നേട്ടമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഗ്രാവൈറ്റ് സിഎൻജിയിലൂടെ പ്രാവർത്തികമാക്കിയിരിക്കുന്നത്.

മുമ്പ് ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി പോലുള്ള മുൻനിര ബ്രാൻഡുകൾ മാത്രമാണ് ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ നടപ്പിലാക്കിയത്. ഗ്രാവൈറ്റ് സിഎൻജി കിറ്റിന് കാറിന്റെ വിലയ്ക്ക് പുറമെ വെറും 82,999 രൂപ മുടക്കിയാൽ മാത്രം മതിയാവും. നിലവിൽ 5.65 ലക്ഷം മുതൽ 8.93 ലക്ഷം രൂപ വരെയാണ് എംപിവിയുടെ എക്സ്ഷോറൂം വില വരുന്നത്. നിസാന്റെ അംഗീകൃത ഡീലർ നെറ്റ്‌വർക്ക് വഴി കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കിറ്റ് 16 സംസ്ഥാനങ്ങളിലെ 60 നഗരങ്ങളിൽ ഇത് ലഭ്യമാണ്.
എംപിവിയുടെ പ്രധാന സവിശേഷത രണ്ട് 25 ലിറ്റർ സിലിണ്ടറുകളുടെ ട്വിൻ സിലിണ്ടർ കോൺഫിഗറേഷനാണെന്നതിൽ സംശയമൊന്നും വേണ്ട. സാക്ഷ്യപ്പെടുത്തിയ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കുമായി ഐസിഎടി അംഗീകരിച്ച സംവിധാനമാണ് സിഎൻജി കിറ്റ് എന്ന് നിസാൻ പറയുന്നു. മോട്ടോസെൻ വികസിപ്പിച്ചെടുത്ത ഇവ ഗുണനിലവാരം ഉറപ്പാക്കിയതുമാണെന്നതിനാൽ സേഫ്റ്റിയുടെ ആശങ്കകളൊന്നും വേണ്ട.

കിറ്റ് ഘടകങ്ങൾക്ക് നിസാൻ 3 വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ തേർഡ് പാർട്ടി വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രാവൈറ്റിന് 1.0 ലിറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ക്ലച്ച്ലെസ് സംവിധാനത്തിൽ വാഹനം വാങ്ങാനാവും. പക്ഷേ സിഎൻജി കിറ്റ് മാനുവൽ വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂവെന്നത് ശ്രദ്ധിക്കേണ്ടതാണ്.
എന്നിരുന്നാലും നിസാൻ സിഎൻജി കിറ്റിന്റെ പ്രത്യേക ഔട്ട്പുട്ടുകളോ ക്ലെയിം ചെയ്ത മൈലേജ് കണക്കുകളോ പുറത്തുവിട്ടിട്ടില്ല. പെട്രോൾ മാനുവലിന് ഏകദേശം 19.3 കിലോമീറ്ററും എഎംടി പതിപ്പുകൾക്ക് 19.6 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. സിഎൻജി ഓപ്ഷന് ഇതിൽ അധികം ഇന്ധനക്ഷമത ലഭിച്ചേക്കുമെന്നതിൽ സംശയമൊന്നും വേണ്ട. റെനോ-നിസാൻ സഖ്യത്തിൻ്റെ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഗ്രാവൈറ്റ് ശരിക്കും റെനോ ട്രൈബറിന്റെ റീബാഡ്‌ജ് പതിപ്പാണ്.

ഡിസൈനിൽ നിസാന്റെ സ്റ്റൈൽ പിടിച്ചിരിക്കുന്ന ഗ്രാവൈറ്റിന് C-ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, ടോളർ സ്റ്റാൻസ്, സ്‌കൾപ്പഡ് ബോഡി വർക്ക്, പൂർണ എൽഇഡി ലൈറ്റിംഗ്, റൂഫ് റെയിലുകൾ, ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ ട്രീറ്റ്‌മെന്റ്, വൈഡ്-ഓപ്പണിംഗ് ഡോറുകൾ എന്നിവയെല്ലാമാണ് ലഭിക്കുക. ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാമാണ് എംപിവിയിലെ പ്രധാന ഫീച്ചറുകൾ.
മൂന്ന്-വരിയിലും എയർ കണ്ടീഷനിംഗ്, ഒന്നിലധികം സ്റ്റോറേജ് സോണുകൾ, സപ്പോർട്ടീവ് സീറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, വയർലെസ് ചാർജർ എന്നിവയാണ് അധിക സവിശേഷതകളായി ലഭിക്കുക. ജെബിഎൽ സൗണ്ട് സിസ്റ്റം, ഡ്യുവൽ ഡാഷ്‌ക്യാം, എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് സീറ്റിന് നെക്ക് കുഷ്യനുകൾ, രണ്ടാം നിര സീറ്റിന് ലംബർ കുഷ്യനുകൾ എന്നിവയെല്ലാം ആഡംബര ഫീൽ ഉയർത്താനും സഹായിക്കും.


Click it and Unblock the Notifications