ഒരു രൂപ പോലും സർവീസ് കോസ്റ്റില്ല, 10 വർഷം വാറണ്ടിയും! ഈ 7-സീറ്റർ വാങ്ങുന്നവർക്ക് എന്താരു ഭാഗ്യമാ
ഇന്ത്യയിലെ ചെറുകുടുംബങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട് പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇക്കഴിഞ്ഞ ദിവസം പുതിയൊരു 7-സീറ്റർ കോംപാക്‌ട് എംപിവിക്ക് രൂപം കൊടുക്കുകയുണ്ടായി. മാരുതി സുസുക്കി എർട്ടിഗ, കിയ കാരെൻസ് ക്ലാവിസ്, മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള വലിയ മൂന്നുവരി വാഹനങ്ങൾ വാങ്ങാൻ ബജറ്റില്ലാത്തവരുടെ സ്വപ്‌നം പൂവണിയിക്കാൻ നിസാൻ്റെ പുതിയ ഗ്രാവൈറ്റിന് സാധിക്കും. അന്യായ പെർഫോമൻസ് കണക്കുകളോ വലിയ എഞ്ചിൻ ശേഷിയോ ഒന്നുമില്ലെങ്കിലും ചെറിയ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന മിടുമിടുക്കനൊരു സെവൻ സീറ്ററാണ് കക്ഷി.
ഇതിനോടകം വലിയ വിജയമായ റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മോഡൽ ഒരുപാട് വാഗ്‌ദാനങ്ങളുമായി എത്തിയിരിക്കുന്നത്. പരിമിതമായ ഒരു കൂട്ടം ഉപഭോക്താക്കൾക്ക് പതിവ് സർവീസ് ചെലവുകൾ ഒഴിവാക്കുന്ന ഒരു പ്രമോഷണൽ പ്ലാൻ ഉൾപ്പെടെയുള്ള ആക്രമണാത്മക ഉടമസ്ഥാവകാശ ആനുകൂല്യങ്ങളോടെയാണ് നിസാൻ ഗ്രാവൈറ്റ് വിപണിയിലെത്തുന്നത്. ഒരു രൂപ പോലും സർവീസ് ചെലവില്ലാതെ ഏതെങ്കിലും കാർ കൊണ്ടുനടക്കാനാവുമോ?

എങ്കിൽ സാധിക്കുമെന്ന കാര്യം നിസാൻ ഉറപ്പുതരികയാണ്. അതും 10 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി വരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണർഷിപ്പ് പ്രോഗ്രാം വഴിയാണ് കമ്പനി ഉപഭോക്താക്കളെ ചാക്കിലാക്കാൻ ശ്രമിക്കുന്നത്. അതിൻ്റെ വിശദാംശങ്ങളിലേക്ക് വരാം. ഗ്രാവൈറ്റ് വാങ്ങാനായി ബുക്ക് ചെയ്യുന്ന ആദ്യത്തെ 5,000 പേർക്ക് മാത്രമേ മുകളിൽ പറഞ്ഞ ആമുഖ ആനുകൂല്യം ബാധകമാകൂ.
അഞ്ച് വർഷത്തേക്ക് മുഴുവൻ അറ്റകുറ്റപ്പണികളും ഫ്രീയായി 5,000 പേർക്ക് ലഭിക്കുമെന്ന് സാരം. ഈ പ്രാരംഭ ബാച്ചിന് പുറത്തുള്ള ഉപഭോക്താക്കൾക്ക് അഞ്ച് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെ നീണ്ടുനിൽക്കുന്ന കവറേജിന് പ്രീപെയ്ഡ് മെയിന്റനൻസ് പാക്കേജുകൾ ലഭ്യമാണ്. വാറണ്ടി പിന്തുണയാണ് മറ്റൊരു പ്രധാന ആകർഷണം. മൂന്ന് വർഷമോ ഒരു ലക്ഷം കിലോമീറ്ററോ വാലിഡിറ്റിയുള്ള ഫാക്ടറി കവറേജ് പ്ലാനിലാണ് ഓരോ ഗ്രാവൈറ്റും വിതരണം ചെയ്യുക.

അതേസമയം വാങ്ങുന്നവർക്ക് ഒരു ദശാബ്ദദക്കാലം അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ വരെ പരിരക്ഷ നൽകുമെന്ന ഉറപ്പും നിസാൻ പങ്കുവെക്കുന്നുവെന്നാണ് ഗാഡിവാഡി (Gaadiwaadi) റിപ്പോർട്ട് ചെയ്യുന്നത്. റെനോ-നിസാൻ സഖ്യത്തിൻ്റെ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗ്രാവൈറ്റ് പണികഴിപ്പിച്ചിരിക്കുന്നത്. ഡിസൈനിലായാലും യുണീക് സ്റ്റൈൽ പിടിച്ചുകൊണ്ടാണ് നിസാൻ തങ്ങളുടെ എംപിവി പുറത്തിറക്കിയിരിക്കുന്നത്.
C-ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, ടോളർ സ്റ്റാൻസ്, സ്‌കൾപ്പഡ് ബോഡി വർക്ക്, പൂർണ എൽഇഡി ലൈറ്റിംഗ്, റൂഫ് റെയിലുകൾ, ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ ട്രീറ്റ്‌മെന്റ്, വൈഡ്-ഓപ്പണിംഗ് ഡോറുകൾ എന്നിവ നിസാൻ ഗ്രാവൈറ്റിൻ്റെ പ്രധാന ഹൈലൈറ്റുകളാണ്. ഫോറസ്റ്റ് ഗ്രീൻ, ഒനിക്സ് ബ്ലാക്ക്, ബ്ലേഡ് സിൽവർ, സ്റ്റോം വൈറ്റ്, മെറ്റാലിക് ഗ്രേ എന്നീ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്.

രണ്ട് മുതൽ ഏഴ് പേർക്ക് വരെ ഇരിക്കാവുന്ന സീറ്റിംഗ് ക്രമീകരണം നിസാൻ എംപിവിയെ നല്ലൊരു ഫാമിലി കാറാക്കി മാറ്റുന്നുണ്ട്. മൂന്നാം നിരയിൽ ഇരിക്കാൻ ആളില്ലെങ്കിൽ സീറ്റ് ഊരിവെച്ച് അധിക ബൂട്ട് സ്പേസും നേടാനും ഗ്രാവൈറ്റിന് കഴിയും. മൂന്ന്-വരിയിലും എയർ കണ്ടീഷനിംഗ്, ഒന്നിലധികം സ്റ്റോറേജ് സോണുകൾ, സപ്പോർട്ടീവ് സീറ്റുകൾ എന്നിവ വാഹനത്തിൻ്റെ പ്രായോഗികത വർധിപ്പിക്കുന്നുമുണ്ട്.
1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് നിസാൻ ഗ്രാവൈറ്റിൻ്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 72 bhp കരുത്തിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മൈലേജിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ മാനുവലിന് ഏകദേശം 19.3 കിലോമീറ്ററും എഎംടി പതിപ്പുകൾക്ക് 19.6 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.


Click it and Unblock the Notifications








