വിലയുടെ കാര്യത്തിൽ 'ചീപ്പായ നല്ല' 7 സീറ്റർ കാറുകൾ, ഏഴ് പേരും ലഗേജും ഇഷ്‌ടം പോലെ കയറ്റാം
വീട്ടുകാരോ കൂട്ടുകാരോ ഒന്നിച്ച് യാത്ര പോവാൻ ഇഷ്‌ടപ്പെടാത്തവർ ഉണ്ടാവില്ലല്ലോ അല്ലേ. സാധാരണ എല്ലാവർക്കും സ്വന്തമായി കാറുണ്ടെങ്കിലും ഒരു ഏഴ് പേർ ഒന്നിച്ച് യാത്ര പോവണമെന്ന് വിചാരിച്ചാൽ പലരുടേയും കൈയിൽ അതുണ്ടാവണമെന്നില്ല. അത്തരമൊരു സാഹചര്യത്തിൽ വണ്ടി വാടകയ്ക്ക് എടുത്ത് പോവാനാണ് പലരും ശ്രമിക്കാറ്. ഒരു ഏഴ് സീറ്റർ വാങ്ങണേൽ നല്ല കാശ് വേണമെന്ന് വിചാരിച്ച് പലരും ആ സ്വപ്‌നം പാതിവഴിയിൽ ഉപേക്ഷിച്ചവരായിരിക്കാം. എന്നാൽ ഇന്ന് ഒരു സാധാരണ ഹാച്ച്ബാക്കിൻ്റെ വിലയ്ക്ക് പോലും 7-സീറ്ററുകൾ സുലഭമായി കിട്ടുമെന്നത് പലരും ഓർമിക്കാറില്ല. ഇന്ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള അത്തരം കാറുകളെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരാം.
മാരുതി എർട്ടിഗ
ഇന്ത്യയിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന ഏറ്റവും മികച്ച സെവൻ സീറ്ററുകളിൽ ഒന്നാണ് മാരുതി സുസുക്കി എർട്ടിഗ. 8.80 ലക്ഷം മുതൽ 12.94 ലക്ഷം രൂപ വരെ വില വരുന്ന എംപിവിക്ക് നല്ല എഞ്ചിൻ, വിശാലമായ ഇൻ്റീരിയർ, കുറഞ്ഞ മെയിൻ്റനെൻസ് എന്നിവയെല്ലാം ഒന്നിച്ച് ലഭിക്കും. ഒപ്പം ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ ഫാമിലി കാറാണ് എർട്ടിഗ. മുൻ സീറ്റുകൾ വീതിയുള്ളതും നന്നായി കുഷ്യൻ ചെയ്തതുമാണ്.

അതേസമയം രണ്ടാം നിര സീറ്റുകൾക്ക് റിക്ലൈൻ ചെയ്യാനും കൂടുതൽ ലെഗ്‌റൂമിനായി പിന്നിലേക്ക് സ്ലൈഡ് ചെയ്യാനും കഴിയും. മൂന്നാം നിരയിൽ ഇരുന്നുകഴിഞ്ഞാൽ യാത്രക്കാർക്ക് നല്ല ഹെഡ്‌റൂമും ഷോൾഡർ റൂമും ലഭിക്കും. ദീർഘദൂര ഡ്രൈവുകളിൽ രണ്ട് മുതിർന്നവർക്ക് ഇവിടെ താമസിക്കാം. സുഖസുന്ദരമായി ഇവിടെ ഇരിക്കാനാവും. കുട്ടികളാണെങ്കിൽ മൂന്ന് പേർക്ക് വരെ ഇരിക്കാനാവും.
മഹീന്ദ്ര ബൊലേറോ
7.99 ലക്ഷം മുതൽ 9.69 ലക്ഷം രൂപ വരെ വില വരുന്ന മഹീന്ദ്ര ബൊലേറോയും ഇന്ത്യയിലെ ബജറ്റ് ഫ്രണ്ട്ലിയായിട്ടുള്ള സെവൻ സീറ്റർ മോഡലാണ്. അലോയ് വീലുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തി വരുന്ന പുതിയ ബൊലേറോ കൂടുതൽ മോഡേൺ ആയിട്ടുണ്ടെന്നത് ഫാമിലി ഫ്രണ്ട്ലിയാക്കുന്ന കാര്യമാണ്.
മഹീന്ദ്ര ബൊലേറോ നിയോ
ഇന്ത്യയിലെ അണ്ടർറേറ്റഡായിട്ടുള്ള 7-സീറ്റർ വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ബൊലേറോ നിയോ. 8.69 ലക്ഷം മുതൽ 10.94 ലക്ഷം രൂപ വരെയാണ് ഇതിന് എക്സ്ഷോറൂം വില വരുന്നതെങ്കിലും നല്ല കാര്യക്ഷമമായ 1.5 ലിറ്റർ ഡീസൽ എഞ്ചിനോട് കൂടിയാണ് നിയോ വിപണനത്തിന് എത്തുന്നത്. പോരാത്തതിന് റിയർ വീൽ ഡ്രൈവ് ഓപ്ഷനോടെ ലഭിക്കുന്ന രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ കൂടിയാണിത്.
കൂടുതൽ ആധുനികമായി കാണപ്പെടുന്ന ഇന്റീരിയറും മികച്ച നിലവാരമുള്ള മെറ്റീരിയലുകളുമാണ് ഇതിനുള്ളത്. ഇന്റീരിയറിൽ കസേര പോലുള്ള മുൻ സീറ്റുകളും നീളമുള്ള സ്ക്വാബുകളും പ്രത്യേക ആംറെസ്റ്റുകളുമാണ് മഹീന്ദ്ര ബൊലേറോ നിയോയിൽ ഒരുക്കിയിരിക്കുന്നത്. മധ്യനിര സീറ്റുകളിൽ മൂന്ന് പേർക്ക് സുഖമായി ഇരിക്കാനുള്ള സ്പേസുണ്ട്. അവസാന നിരയിൽ വശങ്ങളിലേക്ക് അഭിമുഖീകരിക്കുന്ന ജമ്പ് സീറ്റുകളാണ് കമ്പനി കൊടുത്തിരിക്കുന്നത്.

റെനോ ട്രൈബർ
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റർ എംപിവിയെന്ന നിലവിൽ ഇതുവരെ വിലസിയിരുന്ന മോഡലാണ് റെനോ ട്രൈബർ. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്ന ഒരു കുറവ് മാത്രമേയുള്ളൂവെങ്കിലും വില കേട്ടാൽ ഇന്ത്യക്കാർ ഫ്ലാറ്റായി പോവും. 5.76 ലക്ഷം മുതൽ 8.60 ലക്ഷം രൂപ വരെയാണ് കോംപാക്ട് എംപിവിക്കായി മുടക്കേണ്ടില വരുന്ന എക്സ്ഷോറൂം വില.
ട്രൈബറിൽ മൂന്ന് നിര ഇരിപ്പിടങ്ങളും വളരെ സുഖകരമാണെന്നതിൽ തർക്കമൊന്നുമില്ല. മധ്യനിര ബെഞ്ച് സീറ്റുകൾ 60:40 അനുപാതത്തിൽ മടക്കി മുന്നോട്ടും പിന്നോട്ടും നീക്കാൻ കഴിയും. ബാക്ക്‌റെസ്റ്റ് ആംഗിളും ക്രമീകരിക്കാവുന്നതാണ്. രണ്ടാം നിര സീറ്റുകൾ മുന്നോട്ട് മടക്കുന്നത് അവസാന നിരയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്ന കാര്യമാണ്. അവസാന വരിയിൽ പോലും എസി വെന്റുകൾ ഉള്ളതിനാൽ നല്ല പ്രായോഗികതയും വാഹനം നൽകുന്നുണ്ട്.

നിസാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ ഏറ്റവും പുതിയതും താങ്ങാനാവുന്ന വിലയുള്ളതുമായ 7 സീറ്റർ കാറാണ് നിസാൻ ഗ്രാവൈറ്റ്. ട്രൈബറിന്റെ അതേ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മോഡലിന് 5.65 ലക്ഷം രൂപ മുതൽ 8.94 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. റെനോയിലെ അതേ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഗ്രാവൈറ്റും ഉപയോഗിക്കുന്നത്.
ചില കോസ്‌മെറ്റിക് വ്യത്യാസങ്ങൾ ഒഴികെ, മറ്റെല്ലാം ഏറെക്കുറെ റെനോ ട്രൈബറിന് സമാനമാണ്. പ്രായോഗികതയിൽ വിട്ടുവീഴ്ച്ചയില്ലാതെ ഉഗ്രൻ സേഫ്റ്റിയും ഇതിന്റെ പ്രത്യേകതയാണ്. പാഞ്ഞുകയറുന്ന സ്പീഡ് ഒന്നുമില്ലെങ്കിലും 7 പേർക്ക് നന്നായി യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ പണിതിറക്കിയിരിക്കുന്ന ഗ്രാവൈറ്റിന് നിരവധി മികച്ച സവിശേഷതകളുള്ള ലിമിറ്റഡ് റൺ ലോഞ്ച് എഡിഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








