ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവിയുടെ കച്ചോടം പിന്നെയും കൂടി, 5.65 ലക്ഷത്തിന് കിട്ടിയാൽ പിന്നെ എങ്ങനാ
ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് എസ്‌യുവി മുതലാളിയാവാൻ ഇന്ത്യക്കാരെ പഠിപ്പിച്ചവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. വിൽപ്പനയില്ലാതെ മരണക്കിടയിലായ ഡീലർഷിപ്പുകളിൽ ആവേശത്തിരയിളക്കം സൃഷ്‌ടിച്ച മാഗ്നൈറ്റ് വന്നിട്ട് 6 കൊല്ലത്തോളമാവുകയാണ്. ഇന്നും പല ന്യൂജെൻ കാറുകളോടും ഏറ്റുമുട്ടി വിൽപ്പനയിൽ കുതിക്കുകയാണ് നിസാന്റെ കോംപാക്‌ട് എസ്‌യുവി. പാഞ്ഞുകേറുന്ന സ്പീഡ് വേണ്ടാത്തവർക്ക് സാധാരണ എഞ്ചിനും അൽപം സ്പോർട്ടിനെസ് വേണ്ടവർക്ക് കമ്പനി ടർബോ പെട്രോൾ മോഡലും രാജ്യത്ത് വിപണനത്തിന് എത്തിക്കുന്നതാണ് വിജയം. ഒപ്പം കിടിലൻ ഡിസൈൻ, സൂപ്പർ സേഫ്റ്റി എന്നിവ കൂടിയാവുമ്പോൾ സാധാരണക്കാർക്ക് മാഗ്നൈറ്റിനെ വിശ്വസിച്ച് വാങ്ങിക്കാനാവും.
അടിക്കടി മോഡലിൽ ചെറിയ പരിഷ്ക്കാരങ്ങളോടെ നിസാൻ പുറത്തിറക്കുന്നതും ആളുകൾക്കിടയിൽ മതിപ്പുളവാക്കുന്നുണ്ട്. 2026 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും നേട്ടമുണ്ടാക്കി കുതിക്കുകയാണ് നിസാന്റെ കുഞ്ഞൻ എസ്‌യുവി. പോയ മാസം മാഗ്നൈറ്റിന്റെ 1,665 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം വിറ്റഴിച്ച 1,334 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ മോഡലിന്റെ വാർഷിക വിൽപ്പനയിൽ 24.81 ശതമാനത്തിന്റെ വർധനവ് നിസാന് നേടിയെടുക്കാനായിട്ടുണ്ട്.

എന്നാൽ പ്രതിമാസ കണക്കുകളിൽ ചെറിയ തിരിച്ചടിയും നിസാൻ മാഗ്നൈറ്റിനുണ്ടായിട്ടുണ്ട്. 2026 ഏപ്രിലിൽ വിറ്റഴിച്ച 1,775 യൂണിറ്റുകളുമായി താരതമ്യം ചെയ്‌താൽ വിൽപ്പനയിൽ 6.20 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് കാണാം. ചെറിയ നഷ്‌ടമായതിനാൽ ജൂൺ മാസത്തിൽ ഇതിനെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വാങ്ങാനാവുക.
നിസാൻ മാഗ്നൈറ്റിലെ NA എഞ്ചിന് 71 bhp കരുത്തിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാരുതി വാഗൺആർ വാങ്ങാൻ പ്ലാനുള്ളവർക്ക് നല്ലൊരു എസ്‌യുവി വാങ്ങിക്കാൻ ലഭിക്കുന്ന അവസരമാണ് ഈ എഞ്ചിൻ ഓപ്ഷനിലൂടെ ലഭിക്കുന്നത്. ഇനി കൂടുതൽ പവറുള്ള മോഡൽ വേണമെന്നുള്ളവർക്ക് ടർബോ എഞ്ചിൻ വേരിയന്റുകളും നല്ലൊരു തെരഞ്ഞെടുപ്പാവുന്നതാണ് കേട്ടോ.

കോംപാക്‌ട് എസ്‌യുവിയിലെ പവർഫുൾ എഞ്ചിന് 98 bhp പവറിൽ പരമാവധി 160 Nm ടോർക്ക് വരെ വികസിപ്പിക്കാൻ കഴിയുന്നതാണ്. 5 സ്പീഡ് മാനുവൽ, എഎംടി, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് മാഗ്നൈറ്റിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. എസയുവിയുടെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പായ മാഗ്നൈറ്റിന്റെ എല്ലാ വകഭേദങ്ങളും ബ്രാൻഡിന്റെ ഡീലർഷിപ്പുകളിൽ നിന്നുള്ള സിഎൻജി കിറ്റ് ഉപയോഗിച്ച് റീട്രോഫിറ്റ് ചെയ്യാനും സാധിക്കുന്നതാണ്.
ഇതിനായി 72,000 രൂപയാണ് അധിക ചെലവ് വരിക. സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും എസ്‌യുവിക്കൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വരെ വാറണ്ടി നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും. എക്സ്റ്റൻഡഡ് വാറണ്ടിയിൽ പാർട്‌സുകൾ, അറ്റകുറ്റപ്പണികൾ, മറ്റ് ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.

നിലവിൽ 5.65 ലക്ഷം മുതൽ 11.13 ലക്ഷം വരെയാണ് മാഗ്നൈറ്റിന് നിലവിൽ വരുന്ന എക്സ്ഷോറൂം വില. ഡിസൈനിന്റെ കാര്യത്തിലായാലും ഒരു സുന്ദരൻ തന്നെയാണ് നിസാൻ മാഗ്നൈറ്റ്. ഹെക്‌സഗൺ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, M ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് എസ്‌യുവിയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. അകത്തളത്തിലേക്ക് കയറിയാലും ആർക്കും നിരാശപ്പെടേണ്ടി വരില്ല കേട്ടോ.
ത്രീ-ടോൺ കളർ ഓപ്ഷനിലാണ് എസ്‌യുവിയുടെ ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്. നല്ല യാത്രാ സുഖം സമ്മാനിക്കുന്ന സീറ്റുകളും പുതിയ അപ്ഹോൾസ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉപയോഗിച്ചുള്ള നിർമാണം അടിപൊളിയാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഫ്രെയിംലെസ് ഓട്ടോ-ഡിം IRVM, 360-ഡിഗ്രി ക്യാമറ, ഓട്ടോ ലോക്ക്, അപ്രോച്ച് അൺലോക്ക്, റിമോട്ട് സ്റ്റാർട്ട് എന്നിവയാണ് നിസാൻ മാഗ്നൈറ്റിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications