ക്രെറ്റയുടെ ചീട്ട് കീറും! ട്രാഫിക്കിൽ ഇലക്ട്രിക് മോഡിൽ ഓടിക്കാം, നിസാന്റെ പുത്തൻ എസ്‌യുവി ജൂലൈയിൽ എത്തും
മാഗ്നൈറ്റ് (Magnite) കോംപാക്‌ട് എസ്‌യുവി, ഗ്രാവൈറ്റ് (Gravite) കോംപാക്‌ട് എംപിവി എന്നിങ്ങനെ രണ്ട് മോഡലുകളുടെ ശക്തിയിൽ പിടിച്ചുനിൽക്കുന്ന ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ (Nissan) ശേഖരത്തിലേക്ക് പുതിയൊരു വജ്രായുധം കൂടി എത്തുകയാണെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായല്ലോ. ഹ്യുണ്ടായി ക്രെറ്റയും മാരുതി വിക്ടോറിസും റെനോ ഡസ്റ്ററുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ഇളക്കി മറിക്കാനായി ടെക്റ്റൺ എന്ന ഹൈബ്രിഡ് എസ്‌യുവിയെയാണ് നിസാൻ നിയോഗിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പേ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നതായിരുന്നുവെങ്കിലും എസ്‌യുവിയുടെ ലോഞ്ച് പല കാരണങ്ങളാൽ നീട്ടിവെക്കേണ്ടി വരികയായിരുന്നു.
കാത്തിരുത്തി അൽപം മുഷിപ്പിച്ചുവെങ്കിലും നിസാൻ ടെക്റ്റൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. വരുന്ന ജൂലൈ 9-ാം തീയതി മോഡൽ രാജ്യത്ത് എത്തുന്നതായിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരി 26-ന് റെനോ ഡസ്റ്ററിന്റെ ആഗോള അരങ്ങേറ്റത്തിന് ശേഷം ഫെബ്രുവരി നാലിന് അരങ്ങേറ്റം കുറിക്കേണ്ടിയിരുന്ന ടെക്‌ടൺ ഇനി എന്തായാലും വൈകില്ലെന്ന വാർത്ത ആരാധകരെ സന്തോഷിപ്പിക്കും.

ടെറാനോയെപ്പോലെ ഇന്ത്യക്കാർടിയിൽ മികച്ച സ്വീകാര്യത നേടിയ പുതിയ ഡസ്റ്ററിന്റെ റീബാഡ്‌ജ് മോഡലായിരിക്കും നിസാൻ ടെക്റ്റൺ. എന്നാൽ കാഴ്ച്ചയിൽ ഇരുവരും തമ്മിൽ യാതൊരു വിധ സാമ്യവും ഉണ്ടായിരിക്കില്ലെന്നതാണ് രസകരമായ കാര്യം. രൂപകൽപ്പനയുടെ കാര്യത്തിൽ കൂടുതൽ പ്രീമിയം ഫീൽ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു യുണീക് ഐഡന്റിറ്റി സൃഷ്ടിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ശ്രമിക്കുക.
അന്താരാഷ്ട്ര വിപണികളിലെ ഐക്കണിക് എസ്‌യുവിയായ നിസാൻ പട്രോളിൻ്റെ സ്റ്റൈലായിരിക്കും വരാനിരിക്കുന്ന ടെക്റ്റൺ അനുകരിക്കുകയെന്ന കിംവദന്തികൾ എയറിലുണ്ട്. മൊത്തത്തിലുള്ള ബോക്‌സി ഡിസൈനിനൊപ്പം സി-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ കൊണ്ട് ചുറ്റപ്പെട്ട വലിയൊരു ഗ്രിൽ, വ്യക്തമായ ബോണറ്റ് ക്രീസുകൾ, സ്ട്രോംഗ് ഷോൾഡർ ലൈനുകൾ എന്നിവയെല്ലാം മസ്ക്കുലർ ലുക്ക് കൈവരിക്കാൻ സഹായിക്കും.

പിന്നിലേക്ക് നോക്കിയാൽ ഒരു ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാറും പ്രൊമിനൻ്റായുള്ള ടെക്‌ടൺ ബ്രാൻഡിംഗുമായിരിക്കും എറിച്ച് നിൽക്കുക. ഡസ്റ്ററിന് സമാനമായി നിസാൻ ടെക്റ്റണും 700 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്‌തേക്കും. ഒപ്പം വിശാലമായ ക്യാബിൻ, ഉയർന്ന 212 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയും കൂടിയാവുമ്പോൾ ഇന്ത്യൻ മിഡ്-സൈസ് എസ്‌യുവി നിരയിൽ വേഗം ഇടംകണ്ടെത്താൻ ടെക്റ്റണിന് സാധിക്കുമെന്നാണ് അനുമാനം.
ഇന്റീരിയറിലേക്ക് കയറിയാലും ആരേയും മടുപ്പിക്കാത്ത വിധത്തിൽ പ്രീമിയം ഫീലോടെയാവും നിസാൻ ടെക്റ്റൺ ഒരുങ്ങുക. പുതിയ ഡാഷ്‌ബോർഡ് ലേഔട്ട്, പുതിയ മെറ്റീരിയലുകൾ, കളർ തീമുകൾ എന്നിവ ഉപയോഗിച്ച് ഡസ്റ്ററിൽ നിന്നും വേറിട്ടുനിൽക്കാനുള്ള ശ്രമവും ഉണ്ടാവും. ഗൂഗിൾ ബിൽറ്റ്-ഇൻ ഉള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 10.25 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ് എന്നിവ പോലുള്ള ഫീച്ചറുകളാവും അകമ്പടി നൽകുക.

ലെവൽ-2 ADAS, 360-ഡിഗ്രി ക്യാമറകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകളും നിസാന്റെ മിഡ്-സൈസ് എസ്‌യുവിലുണ്ടാവും. റെനോ ഡസ്റ്ററിനെപ്പോലെ, ടെക്‌റ്റണും 1.0 ലിറ്റർ ടർബോ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ, 1.8 ലിറ്റർ എഞ്ചിനും 1.4 kWh ബാറ്ററി പായ്ക്കും ഉള്ള ഒരു ഹൈബ്രിഡ് പവർട്രെയിൻ എന്നീ എഞ്ചിൻ ഓപ്ഷനുകളിലും ഇന്ത്യയിൽ അവതരിക്കുക.
ചെറിയ വേഗതയിൽ ഇലക്ട്രിക്-ഒൺലി മോഡിൽ പ്രവർത്തിക്കാൻ എസ്‌യുവിക്കാവുമെന്നതിനാൽ അന്യായ മൈലേജ് കണക്കുകളും നിസാൻ ടെക്റ്റൺ വാഗ്ദാനം ചെയ്തേക്കാം. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, റെനോ ഡസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, സിട്രൺ എയർക്രോസ് തുടങ്ങിയ വമ്പൻ താരനിരയുമായാവും നിസാന്റെ മത്സരം.


Click it and Unblock the Notifications