അൽപം കാത്തിരിക്കാമോ? വിക്ടോറിസിനെ ഒതുക്കാനുള്ള ഹൈബ്രിഡ് എസ്‌യുവിയുടെ വരവ് മാറ്റിവെച്ച് നിസാൻ
മാഗ്നൈറ്റ് എന്നൊരു എസ്‌യുവിയുടെ ബലത്തിൽ മാത്രം ഇതുവരെ പിടിച്ചുനിന്നിരുന്ന നിസാൻ ഈ വർഷം മുതൽ ഇന്ത്യയിൽ വമ്പൻ മോഡലുകൾ പുറത്തിറക്കി വെന്നിക്കൊടി പാറിക്കാൻ തയാറെടുക്കുകയാണ്. അതിൻ്റെ ഭാഗമായി ആദ്യം പുതിയൊരു 7-സീറ്റർ കോംപാക്‌ട് എംപിവിയെയാരിക്കും ജാപ്പനീസ് വാഹന നിർമാതാക്കൾ ഇന്ത്യക്കായി സമ്മാനിക്കുക. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഗ്രാവൈറ്റ് എന്ന മോഡലിനെ ഫെബ്രുവരി 17-ന് കമ്പനി വിപണിയിൽ അവതരിപ്പിക്കും. നേരത്തെ ജനുവരി 21-ന് നടത്താനിരുന്ന പരിപാടിയാണ് ഇപ്പോൾ 17-ാം തീയതിയിലേക്ക് നീട്ടിവെച്ചിരിക്കുന്നത്. ഇതിന് ശേഷം ഹ്യുണ്ടായി ക്രെറ്റയും മാരുതി വിക്ടോറിസുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് നിസാൻ ചുവടുവെക്കുക.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാൻ ടെക്റ്റൺ 2026 ഫെബ്രുവരി നാലാം തീയതി വിപണിയിൽ എത്തുമെന്നായിരുന്നു കമ്പനി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ വാഹനത്തിൻ്റെ അവതരണം നീട്ടിവെക്കാൻ നിർബന്ധിതരായിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്. എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്ന് ഇതുവരെ നിസാൻ വെളിപ്പെടുത്തിയിട്ടില്ല. മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കാനുള്ള പുതിയ തീയതി കമ്പനി പിന്നീട് പ്രഖ്യാപിക്കും.

ന്യൂജെൻ റെനോ ഡസ്റ്ററിന് അടിസ്ഥാനമാകുന്ന CMF-B പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും നിസാൻ്റെ പുത്തൻ മിഡ്-സൈസ് എസ്‌യുവിയും പണികഴിപ്പിക്കുക. ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്കും സുരക്ഷാ ആവശ്യകതകൾക്കും അനുസൃതമായി പ്ലാറ്റ്‌ഫോം വളരെയധികം പ്രാദേശികവൽക്കരിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. കൂടാതെ ഭാവിയിലെ നിസാൻ, റെനോ ഉൽപ്പന്നങ്ങൾക്കുള്ള അടിസ്ഥാനമായും ഇത് പ്രവർത്തിക്കുന്നതായിരിക്കും.
ഡസ്റ്ററിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിക്കുന്നതെങ്കിലും സ്റ്റൈലിംഗിൽ ഇരുവരും വ്യത്യസ്‌തയാരിക്കും. അന്താരാഷ്ട്ര വിപണികളിലെ ഐക്കണിക് എസ്‌യുവിയായ നിസാൻ പട്രോളിൻ്റെ സ്റ്റൈലായിരിക്കും വരാനിരിക്കുന്ന ടെക്റ്റൺ അനുകരിക്കുകയെന്നാണ് പൊതുവേയുള്ള സംസാരം. മൊത്തത്തിലുള്ള ബോക്‌സി ഡിസൈനിനൊപ്പം സി-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ കൊണ്ട് ചുറ്റപ്പെട്ട വലിയൊരു ഗ്രിൽ മുൻവശത്തിന് അഴകേകും.

ഒപ്പം വ്യക്തമായ ബോണറ്റ് ക്രീസുകൾ, സ്ട്രോംഗ് ഷോൾഡർ ലൈനുകൾ എന്നിവയെല്ലാം കൂടിച്ചേരുമ്പോൾ നിസാൻ്റെ മിടുക്കന് പരുക്കൻ ലുക്ക് തന്നെയാവും ലഭിക്കുക. പിന്നിലേക്ക് നോക്കിയാൽ ഒരു ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാറും പ്രൊമിനൻ്റായുള്ള ടെക്‌ടൺ ബ്രാൻഡിംഗുമായിരിക്കും എറിച്ച് നിൽക്കുക. ഡസ്റ്ററിന് സമാനമായി നിസാൻ ടെക്റ്റണും 700 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്‌തേക്കും. ഒപ്പം വിശാലമായ ക്യാബിൻ, ഉയർന്ന 212 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയും ഇതിനെ മിടുക്കനാക്കും.
ഇൻ്റീരിയർ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമാക്കിവെച്ചിരിക്കുകയാണ് നിസാൻ. എങ്കിലും നിരവധി പ്രീമിയം സവിശേഷതകളാൽ സമ്പന്നമായ അകത്തളമായിരിക്കും ജാപ്പനീസ് വാഹന നിർമാതാക്കളുടെ പുതിയ മിഡ്-സൈസ് എസ്‌യുവിയിലുണ്ടാവുക. ഡസ്റ്ററിൽ നിന്ന് വ്യത്യസ്തമായി ടെക്‌റ്റണിന് അതിന്റേതായ ടെക്‌സ്‌ചറുകളും കളർ തീമുകളും ഉള്ള ഒരു സവിശേഷമായ ഡാഷ്‌ബോർഡ് ഉണ്ടായിരിക്കാം. രണ്ട് കാറുകളിലും ഫീച്ചറുകൾ സമാനമായിരിക്കാൻ സാധ്യതയുണ്ട്.

അതായത് 10 ഇഞ്ച് ഗൂഗിൾ ഒഎസ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ലെവൽ-2 ADAS, 360-ക്യാമറകൾ എന്നിവ പോലുള്ള മോഡേൺ സവിശേഷതകളെല്ലാം നിസാൻ കുത്തിനിറയ്ക്കുന്നതായിരിക്കും. ഡസ്റ്ററിന് സമാനമായി 1.0 ലിറ്റർ ടർബോ പെട്രോൾ, 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ, 1.8 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാവും ടെക്റ്റണിൽ വാഗ്ദാനം ചെയ്യുക.
ഇതിൽ ആദ്യത്തെ 1.0 ലിറ്റർ ടർബോ എഞ്ചിന് 100 bhp കരുത്തിൽ 160 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഇതിലെ ഗിയർബോക്‌സ് കോമ്പിനേഷനുകൾ. രണ്ടാമത്തെ 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് 163 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെ വികസിപ്പിക്കാൻ കഴിയും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് DCT ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാൻസ്മിഷൻ കോമ്പിനേഷനുകൾ.
രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ നാച്ചുറലി ആസ്പിറേറ്റഡ് 1,789 സിസി ഫോർ-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 160 bhp പവറിൽ പരമാവധി 172 Nm ടോർക്ക് വരെ നിർമിക്കാൻ കഴിയും. 1.4 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് പെട്രോൾ എഞ്ചിനുമായി ചേർന്ന് പ്രവർത്തിക്കുന്നത്. അതുവഴി ചെറിയ വേഗതയിൽ ഇലക്ട്രിക്-ഒൺലി മോഡിൽ പ്രവർത്തിക്കാൻ എസ്‌യുവിയെ പ്രാപ്തമാക്കുന്നു. അഡാറ് മൈലേജായിരിക്കും ഇതിൻ്റെ പ്രത്യേകത.


Click it and Unblock the Notifications








