10 ലക്ഷത്തിന് ബേബി പട്രോൾ, നിസാന്റെ പുത്തൻ മിഡ്-സൈസ് എസ്‌യുവിയുടെ ഗ്ലാമർ രൂപം കൺനിറയെ കണ്ടോളൂ
രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളായ ഹ്യുണ്ടായി, മാരുതി സുസുക്കി, കിയ, ടാറ്റ, ടൊയോട്ട, ഹോണ്ട, സ്കോഡ, ഫോക്‌സ്‌വാഗൺ, സിട്രൺ, റെനോ തുടങ്ങിയ വമ്പൻമാരെല്ലാം സാന്നിധ്യമറിയിച്ച നിരയിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ കൂടി എത്തുകയാണ്. പണ്ട് ടെറാനോയിലൂടെ അഡ്രസുണ്ടാക്കിയെടുത്ത കമ്പനി ഇത്തവണ അവതരിപ്പിക്കുന്ന പുതുപുത്തൻ ടെക്റ്റൺ എന്ന മോഡലിനെയാണ്. ചുരുക്കി പറഞ്ഞാൽ ന്യൂജെൻ ഡസ്റ്ററിന്റെ റീബാഡ്‌ജ് എസ്‌യുവിയായിരിക്കും വരാനിരിക്കുന്നത്. എങ്കിലും നിസാൻ്റെ ഐഡന്റിറ്റിയിൽ വേറിട്ടുനിൽക്കാൻ ടെക്റ്റണിന് സാധിക്കുമെന്നത് ഉറപ്പാണ്.
ജൂലൈ 9-ന് വിപണിയിലെത്താനിരിക്കുന്ന നിസാൻ ടെക്റ്റണിന്റെ പുതിയ ടീസർ പുറത്തിറക്കി ഹൈപ്പ് വീണ്ടും ഉയർത്തുകയാണ് ജാപ്പനീസ് ബ്രാൻഡ്. 2023-ൽ കിക്‌സ് നിർത്തലാക്കിയതിനെത്തുടർന്ന് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കുള്ള നിസാൻ്റെ തിരിച്ചുവരവിനെയാണ് ടെക്റ്റണിലൂടെ അടയാളപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമായിരിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വാഹനം വിപണിയിലെത്തേണ്ടിയിരുന്നതാണെങ്കിലും ചില കാരണങ്ങളാൽ പദ്ധതി വൈകുകയായിരുന്നു.

എന്തായാലും ഇനി ദിവസങ്ങൾക്കകം ടെക്റ്റൺ എത്തുന്നതോടെ നിസാന്റെ ശുക്രൻ വീണ്ടും തെളിയും. പുതിയ ടീസർ ചിത്രങ്ങൾ പ്രകാരം കണക്റ്റഡ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബോണറ്റിലും ടെയിൽഗേറ്റിലും വലിയ 'ടെക്‌റ്റൺ' ലെറ്ററിംഗ് തുടങ്ങിയ വിശദാംശങ്ങളെല്ലാം ഇടംപിടിക്കും. എന്നാൽ മുൻവശത്തെ ഗ്രില്ലിൽ ഒരു ഫുൾ-വീഡ്ത്ത് റെഡ് കളർ സ്ട്രിപ്പ് പുതിയതാണ്. മൊത്തത്തിൽ നിസാന്റെ ഗ്ലോബൽ എസ്‌യുവിയായ പട്രോളിന്റെ ബേബി ഡിസൈനാണ് വാഹനം പകർത്തിയിരിക്കുന്നത്.
നിരവധി തിരശ്ചീന സ്ലാറ്റുകളുള്ള ഗ്രില്ല് അടിപൊളിയാണ്. മുൻവശത്ത് ഡസ്റ്റർ പോലുള്ള പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകളും പിന്നിൽ സി-പില്ലർ-മൗണ്ടഡ് ഡോർ ഹാൻഡിലുകളും, മൾട്ടി-സ്‌പോക്ക് അലോയ് വീലുകളും ട്വിൻ-റിഡ്ജ് സ്‌പോയിലറുമാണ് നിസാൻ ടെക്റ്റണിന്റെ എക്സ്റ്റീരിയറിനെ കിടലമാക്കുന്നത്. ടെയിൽ-ലൈറ്റുകൾക്ക് സി-ആകൃതിയിലുള്ള സിഗ്നേച്ചറാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് നിസാന്റെ പട്രോൾ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ്.

എക്സ്റ്റീരിയറിനെക്കുറിച്ച് ഇത്തരം വിശദാംശങ്ങൾ കമ്പനി പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇന്റീരിയർ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ സൂചനയൊന്നും നൽകിയിട്ടില്ല. എങ്കിലും ആരേയും മടുപ്പിക്കാത്ത വിധത്തിൽ പ്രീമിയം ഫീലോടെയാവും നിസാൻ ടെക്റ്റണിന്റെ അകത്തളം ഒരുക്കുക. പുതിയ ഡാഷ്‌ബോർഡ് ലേഔട്ട്, പുതിയ മെറ്റീരിയലുകൾ, കളർ തീമുകൾ എന്നിവ ഉപയോഗിച്ച് ഡസ്റ്ററിൽ നിന്നും വേറിട്ടുനിൽക്കാനുള്ള ശ്രമവും ഉണ്ടാവും.
ഗൂഗിൾ ബിൽറ്റ്-ഇൻ ഉള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 10.25 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ് എന്നിവ പോലുള്ള ഫീച്ചറുകളാവും അകമ്പടി നൽകുക. ലെവൽ-2 ADAS, 360-ഡിഗ്രി ക്യാമറകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ എന്നിവയുൾപ്പെടെയുള്ള സേഫ്റ്റി ഫീച്ചറുകളും മിഡ്-സൈസ് എസ്‌യുവിലുണ്ടാവും.

റെനോ ഡസ്റ്ററിനെപ്പോലെ ടെക്‌റ്റണും 1.0 ലിറ്റർ ടർബോ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ, 1.8 ലിറ്റർ എഞ്ചിനും 1.4 kWh ബാറ്ററി പായ്ക്കും ഉള്ള ഒരു ഹൈബ്രിഡ് പവർട്രെയിൻ എന്നീ എഞ്ചിൻ ഓപ്ഷനുകളിലും ഇന്ത്യയിൽ അവതരിക്കുക. തുടക്കത്തിൽ ഹൈബ്രിഡ് എത്തില്ലെങ്കിലും അടുത്ത വർഷം തുടക്കത്തോടെ ടെക്റ്റൺ എസ്‌യുവിയുടെ ഹൈബ്രിഡ് മോഡലുകൾ നിരത്തിലെത്തുന്നതായിരിക്കും. ചെറിയ വേഗതയിൽ ഇലക്ട്രിക്-ഒൺലി മോഡിൽ പ്രവർത്തിക്കാൻ ഗംഭീര മൈലേജായിരിക്കും ഇതിന്റെ ഹൈലൈറ്റ്.
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി വിക്ടോറിസ്, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, റെനോ ഡസ്റ്റർ, ടാറ്റ സിയറ ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, സിട്രൺ എയർക്രോസ് തുടങ്ങിയ വമ്പൻമാരുമായിട്ടാണ് നിസാൻ ടെക്റ്റൺ മത്സരിക്കേണ്ടത്. വിലയുടെ കാര്യമെടുത്താൽ ഏകദേശം 10 ലക്ഷം മുതൽ വില ആരംഭിക്കാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications