5-സ്റ്റാർ സേഫ്റ്റി, 10 ലക്ഷം വില! പുത്തൻ എസ്‌യുവിയുടെ വരവിന് തീയതി കുറിച്ച് നിസാൻ
ഹ്യുണ്ടായി ക്രെറ്റയുടെ കൊമ്പൊടിക്കാൻ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് പുത്തനൊരു ജാപ്പനീസ് എസ്‌യുവി എത്തുകയാണ്. റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കി നിസാൻ പണികഴിപ്പിക്കുന്ന ടെക്റ്റൺ എന്ന മിടുക്കനാണ് വരവിനൊരുങ്ങിയിരിക്കുന്നത്. അടുത്തിടെ മോഡലിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പങ്കുവെച്ച നിസാൻ എസ്‌യുവിയുടെ ഡിസൈനും കാര്യങ്ങളുമെല്ലാം വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ വിപണിയിൽ ടെക്റ്റൺ അവതരിപ്പിക്കാനുള്ള തീയതിയും കുറിച്ചിരിക്കുകയാണ് ബ്രാൻഡ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡൽ 2026 ഫെബ്രുവരി നാലാം തീയതി വിപണിയിൽ എത്തുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ജനുവരി 21-ന് പുതിയ കോംപാക്‌ട് എംപിവിയായ ഗ്രാവൈറ്റിൻ്റ് അരങ്ങേറ്റത്തിന് പിന്നാലെയാണ് ടെക്റ്റണും എത്തുന്നത്.
മാഗ്നൈറ്റിനൊപ്പം പുതിയ എംപിവിയും എസ്‌യുവിയും കൂടി ബ്രാൻഡ് നിരയിലേക്ക് എത്തുമ്പോൾ നിസാന് കൂടുതൽ കരുത്താർജിക്കാനാവും. ചെന്നൈയിലെ റെനോ-നിസാൻ അലയൻസ് പ്ലാൻ്റിലാവും പുതിയ രണ്ട് മോഡലുകളും നിർമിക്കുക. ഇന്ത്യയ്ക്ക് പുറമെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലേക്ക് ഇരുവാഹനങ്ങളും കയറ്റുമതി ചെയ്യുകയും ചെയ്യും. 2026 ജനുവരി 26 ന് വിൽപ്പനയ്‌ക്കെത്താൻ പോകുന്ന പുതുതലമുറ റെനോ ഡസ്റ്ററിന് അടിസ്ഥാനമാകുന്ന അതേ ആർക്കിടെക്ചറായിരിക്കും നിസാൻ ടെക്‌ടണും കടംകൊള്ളുക.

അതായത് CMF-B പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും നിസാൻ്റെ പുത്തൻ മിഡ്-സൈസ് എസ്‌യുവിയും പണികഴിപ്പിക്കുകയെന്ന് സാരം. ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്കും സുരക്ഷാ ആവശ്യകതകൾക്കും അനുസൃതമായി പ്ലാറ്റ്‌ഫോം വളരെയധികം പ്രാദേശികവൽക്കരിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. കൂടാതെ ഭാവിയിലെ നിസാൻ, റെനോ ഉൽപ്പന്നങ്ങൾക്കുള്ള അടിസ്ഥാനമായും ഇത് പ്രവർത്തിക്കുന്നതായിരിക്കും.
അന്താരാഷ്ട്ര വിപണികളിലെ ഐക്കണിക് എസ്‌യുവിയായ നിസാൻ പട്രോളിൻ്റെ സ്റ്റൈലായിരിക്കും വരാനിരിക്കുന്ന ടെക്റ്റൺ അനുകരിക്കുക. മൊത്തത്തിലുള്ള ബോക്‌സി ഡിസൈനിനൊപ്പം സി-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ കൊണ്ട് ചുറ്റപ്പെട്ട വലിയൊരു ഗ്രിൽ, വ്യക്തമായ ബോണറ്റ് ക്രീസുകൾ, സ്ട്രോംഗ് ഷോൾഡർ ലൈനുകൾ എന്നിവയെല്ലാം കൂടിച്ചേരുമ്പോൾ നിസാൻ്റെ മിടുക്കന് പരുക്കൻ ലുക്ക് തന്നെയാവും ലഭിക്കുക.

പിന്നിലേക്ക് നോക്കിയാൽ ഒരു ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാറും പ്രൊമിനൻ്റായുള്ള ടെക്‌ടൺ ബ്രാൻഡിംഗുമായിരിക്കും ആദ്യം കണ്ണിൽപ്പെടുക. ഇൻ്റീരിയർ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമാക്കിവെച്ചിരിക്കുകയാണ് നിസാൻ. എങ്കിലും നിരവധി പ്രീമിയം സവിശേഷതകളാൽ സമ്പന്നമായ അകത്തളമായിരിക്കും ജാപ്പനീസ് വാഹന നിർമാതാക്കളുടെ പുതിയ മിഡ്-സൈസ് എസ്‌യുവിയിൽ ഒരുക്കുകയെന്നാണ് അനുമാനം.
അതായത് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, പവർഡ് ടെയിൽഗേറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാൽ നിസാൻ ടെക്റ്റൺ എസ്‌യുവിയുടെ ഇൻ്റീരിയർ സമ്പന്നമായിരിക്കും. ഒപ്പം ADAS ഫംഗ്‌ഷനുകളുടെ വലിയൊരു നിരയും എസ്‌യുവിയിലുണ്ടാവും.

എഞ്ചിൻ ഓപ്ഷനെ സംബന്ധിച്ച കാര്യങ്ങളൊന്നും നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. ഡീസൽ എഞ്ചിനുകളോട് നിസാൻ ഗുഡ്ബൈ പറഞ്ഞിരിക്കുന്നതിനാൽ അതുണ്ടാവാനുള്ള സാധ്യതയില്ല. പകരം പെട്രോൾ, ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിലാവും കമ്പനി വിശ്വാസമർപ്പിക്കുക. ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, മാരുതി വിക്ടോറിസ്, ടാറ്റ സിയറ, സിട്രൺ എയർക്രോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പൻമാരോടാണ് അങ്കംമുറുക്കാനിറങ്ങുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








