ക്രെറ്റയുടെ വിൽപ്പന കുറഞ്ഞ ഗ്യാപ്പിൽ പുത്തൻ എസ്‌യുവിയുമായി നിസാൻ നാളെ എത്തും, ആധികേറി ഹ്യുണ്ടായി
മാഗ്നൈറ്റ്, ഗ്രാവൈറ്റ് എന്നിവയുടെ ഗംഭീര വിജയത്തിന് ശേഷം ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ മൂന്നാമത്തെ മോഡലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. അതും രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിത സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് ഇത്തവണ കമ്പനി കോമ്പറ്റീഷന് ഇറങ്ങുന്നത്. റെനോ ഡസ്റ്ററിന്റെ റീബാഡ്‌ജ് പതിപ്പാണെങ്കിലും ടെക്റ്റൺ എന്നുപേരിട്ടിരിക്കുന്ന വാഹനം കാത്തിരിക്കുകയാണ് ഇന്ത്യയിലെ വാഹന പ്രേമികൾ. എന്തായാലും സർപ്രൈസുകളും അഭ്യൂഹങ്ങൾക്കുമെല്ലാം വിരാമമിട്ടുകൊണ്ട് നാളെ അതായത് ജൂലൈ 9-ന് മോഡൽ ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കും.
നിസാന്റെ ഇന്ത്യയിലെ ഭാവി രൂപപ്പെടുത്തുന്നതിൽ ടെക്റ്റൺ ഒരു പ്രധാന പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-ൽ കിക്‌സ് നിർത്തലാക്കിയതിനെത്തുടർന്ന് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കുള്ള നിസാൻ്റെ തിരിച്ചുവരവിനെയാണ് ടെക്റ്റണിലൂടെ അടയാളപ്പെടുത്തുക. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വാഹനം വിപണിയിലെത്തേണ്ടിയിരുന്നതാണെങ്കിലും ചില കാരണങ്ങളാൽ അവതരണം വൈകുകയായിരുന്നു.

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ ഗ്ലോബൽ എസ്‌യുവിയായ പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെക്റ്റണിന്റെ ഡിസൈൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബോണറ്റിന്റെ മുൻവശത്ത് TEKTON അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന കുത്തനെയുള്ള ഫാസിയ, ഹൊറിസോണ്ടൽ ഡിറ്റെയിലിംഗ് ഉള്ള വലിയ ഗ്രിൽ, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, വെർട്ടിക്കലായി അടുക്കിയിരിക്കുന്ന ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മുൻവശത്തെ കോൺട്രാസ്റ്റിംഗ് ചുവന്ന ട്രിം എലമെന്റ് എന്നിവയെല്ലാം എസ്‌യുവിയെ ഗ്ലാമറാക്കുവാനായി എത്തും.
ഉയർത്തിയ ബോണറ്റ്, മസ്ക്കുലാർ വീൽ ആർച്ചുകൾ, അപ്-റൈറ്റ് ബോഡി പ്രൊഫൈൽ എന്നിവ കൂടിയാവുമ്പോൾ പരുക്കൻ ശൈലി പിടിക്കാനും ടെക്റ്റണ് സാധിക്കും. പിൻഭാഗത്ത് സ്ലീക്കറായുള്ള ഫുൾ-വിഡ്‌ത്ത് എൽഇഡി ലൈറ്റ് ബാറാവും എറിച്ചുനിൽക്കുക. കട്ടിയുള്ള കറുത്ത ബമ്പർ ക്ലാഡിംഗ്, സിൽവർ സ്കിഡ്-സ്റ്റൈൽ ഇൻസേർട്ടുകൾ, ഇന്റഗ്രേറ്റഡ് റിഫ്ലക്ടറുകൾ, റൂഫ് റെയിലുകൾ, റിയർ സ്‌പോയിലർ, റിയർ വൈപ്പർ എന്നിവ എക്സ്റ്റീരിയർ ഡിസൈൻ പൂർത്തിയാക്കുന്നു.

ഇൻ്റീരിയറിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഏറ്റവും പുതിയ ഡസ്റ്ററിൽ നിന്ന് പ്രധാന ഫീച്ചറുകളെല്ലാം നിസാൻ ടെക്റ്റൺ കടമെടുക്കുമെന്ന് പ്രതീക്ഷിക്കാം. മിഡ്-സൈസ് എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിൽ ഗൂഗിൾ ബിൽറ്റ്-ഇൻ ഉള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, 6 സ്പീക്കർ ആർക്കാമിസ് സൗണ്ട് സിസ്റ്റം എന്നിവ ഉണ്ടായിരിക്കും.
വലിയ പനോരമിക് സൺറൂഫ്, ഒന്നിലധികം കളർ ഓപ്ഷനുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, പാസീവ് കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, പവർഡ് ടെയിൽഗേറ്റ് എന്നിവയും സാധ്യതയുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലംബർ അഡ്ജസ്റ്റ്മെന്റ്, പതിപ്പുകളിൽ പാഡിൽ ഷിഫ്റ്ററുകൾ, വിശാലമായ ബൂട്ട് സ്പേസ് എന്നിവയും വാഹനത്തിലെ പ്രധാന ആകർഷണങ്ങളായിരിക്കും.

പ്രീമിയം അപ്ഹോൾസ്റ്ററി, ഓട്ടോ-ഡിമ്മിംഗ് ഇൻസൈഡ് മിറർ, 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് റിയർ സീറ്റുകൾ എന്നിവയും ക്യാബിനിൽ ഉണ്ടാകും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ലെവൽ 2 ADAS ഉപയോഗിച്ച് ജാപ്പനീസ് വാഹന നിർമാതാക്കൾ ടെക്റ്റണിനെ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കാം.
360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡി ഉള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയുടെ ഭാഗമായിരിക്കും. 100 bhp കരുത്തിൽ 160 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന പരിചിതമായ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 163 bhp പവറിൽ പരമാവധി 280 Nm ടോർക്കും നൽകുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളായിരിക്കും നിസാൻ എസ്‌യുവിയിലുണ്ടാവുക.


Click it and Unblock the Notifications