25 KM വരെ മൈലേജ് തരുന്ന 7-സീറ്റർ ഹൈബ്രിഡ് എസ്‌യുവി, ക്യാമറയിൽ കുടങ്ങി പരീക്ഷണത്തിനിറങ്ങിയ റെനോ മോഡൽ
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ എസ്‌യുവി വിപണിയെ വിറപ്പിക്കുവാനായി പുതുരൂപത്തിൽ പിറവിയെടുത്തിരിക്കുകയാണ് റെനോ ഡസ്റ്റർ. ന്യൂജെനറേഷനിൽ നിരവധി സർപ്രൈസുകൾ ഒരുക്കിയെത്തിയ മോഡൽ ഇക്കഴിഞ്ഞ ജനുവരി 26-ന് രാജ്യത്ത് പ്രദർശിപ്പിക്കുകയുണ്ടായി. അവതരണവും വില പ്രഖ്യാപനവും പിന്നീട് നടക്കാനിരിക്കുകയാണെങ്കിലും ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതായിരിക്കും ഡസ്റ്ററിൻ്റെ വരവ്. ഇടവേളക്കു ശേഷമുള്ള ഡസ്റ്ററിന്റെ തിരിച്ചുവരവ് റെനോക്ക് ഇന്ത്യന്‍ വിപണിയില്‍ നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ലെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ഇതിനോടകം വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമായ സെഗ്മെന്റിലേക്ക് കടന്നുവരുന്നതിനാൽ പിടിച്ചുനിൽക്കാൻ ചില്ലറ പരിശ്രമം ഒന്നും പോരെന്ന് റെനോയ്ക്ക് നന്നായി അറിയാം.
അതിനാൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് റെനോ ഡസ്റ്ററിൻ്റെ ന്യൂജെൻ മോഡൽ വിപണിയിൽ എത്തിക്കുന്നത്. പഴയ ഡീസൽ എഞ്ചിൻ ഇല്ലെങ്കിലും കാലത്തിനൊത്ത മാറ്റം പോലെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ചേർത്തുകൊണ്ടാണ് എസ്‌യുവിയുടെ വരവ്. ഇന്ത്യക്കായുള്ള പുതുമോഡലുകളുടെ തുടക്കം മാത്രമായിരിക്കും ഇതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഡസ്റ്റർ കൂടാതെ പുതിയൊരു 7-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനവും റെനോയുടേതായി ഈ വർഷം വിപണിയിലെത്തുമെന്നാണ് സൂചന. അതിന്റെ ഭാഗമായുള്ള പരീക്ഷണയോട്ടവും തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി. 2024 അവസാനം മുതൽ യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തുന്ന റെനോ ബിഗ്സ്റ്റർ ആയിരിക്കുമിത് എന്നാണ് അനുമാനം. അതായത് ന്യൂജെൻ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള മൂന്നുവരി പതിപ്പായിരിക്കും ഇതെന്ന് ചുരുക്കം.
ഇപ്പോഴിതാ പുതിയ ബിഗ്സ്റ്റർ ബെംഗളൂരുവിൽ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങൾ ഞങ്ങളുടെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞിരിക്കുകയാണ്. 2021-ൽ ബിഗ്‌സ്റ്റർ കൺസെപ്റ്റ് ആദ്യമായി അവതരിപ്പിച്ച ഈ എസ്‌യുവി ഡസ്റ്ററിനെപ്പോലെ, റെനോ-നിസാൻ കൂട്ടുകെട്ടിൻ്റെ ഭാഗമായ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിക്കുന്നത്. എങ്കിലും വലിപ്പത്തിൻ്റെ കാര്യത്തിൽ ഡസ്റ്ററിനേക്കാൾ ഭീമനായിരിക്കും കക്ഷി.

കൂടാതെ വീൽബേസും 5-സീറ്റർ മോഡലിനേക്കാൾ കൂടുതലായിരിക്കും. അങ്ങനെ ഇൻ്റീരിയറിൽ മാക്‌സിമം സ്പേസ് കണ്ടെത്താനും ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് സാധിക്കും. യൂറോപ്പിലെ ബിഗ്‌സ്റ്ററിന് 17 മുതൽ 19 ഇഞ്ച് വരെ വലിപ്പമുള്ള വീലുകളിൽ ലഭ്യമാണ്. ഇന്ത്യയിൽ എത്തുമ്പോൾ ഇതിൽ ഏതാവും നൽകുകയെന്ന് ഇപ്പോൾ വ്യക്തമല്ല. യൂറോപ്പിൽ ഡസ്റ്ററിൻ്റെ അതേ എഞ്ചിൻ ഓപ്ഷനുകൾ കന്നെയാണ് 7-സീറ്റർ വേരിയൻ്റും കടമെടുക്കുന്നത്.
1.3 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 1.8 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാവും ഡസ്റ്ററിൻ്റെ 7-സീറ്റർ പതിപ്പ് വിപണനത്തിന് എത്തുക, നഗരയാത്രകളില്‍ 80 ശതമാനവും ഇലക്ട്രിക് ഓണ്‍ലി മോഡില്‍ മാത്രം ഓടിക്കാന്‍ കഴിയുന്ന ഈ ഹൈബ്രിഡ് സിസ്റ്റം ഡീസലിന് തുല്യമായ മൈലേജ് നല്‍കുമെന്നാണ് റെനോ അവകാശപ്പെടുന്നത്.

അതായത് കുറഞ്ഞത് 25 കിലോമീറ്ററിന് അടുത്തെങ്കിലും മൈലേജ് നൽകാൻ ഈ 7-സീറ്റർ എസ്‌യുവിക്ക് സാധിച്ചേക്കും. ഇന്ത്യയിലെ സെവൻ സീറ്റർ എസ്‌യുവി വിഭാഗത്തിലേക്ക് എത്തുമ്പോൾ വലിയ മത്സരം തന്നെയാണ് ബിഗ്സ്റ്ററിനെ കാത്തിരിക്കുന്നത്. ടാറ്റ സഫാരി, മഹീന്ദ്ര XUV 7XO, മഹീന്ദ്ര സ്കോർപിയോ N, എംജി ഹെക്‌ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ തുടങ്ങിയ വമ്പൻമാർക്കൊപ്പം മാരുതി എർട്ടിഗ, കിയ കാരെൻസ് ക്ലാവിസ്, ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്നീ എംപിവികളോടും റെനോ കൊമ്പുകോർക്കേണ്ടി വരും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








