ഡസ്റ്ററിന്റെ 7 വർഷത്തെ വാറണ്ടി, ഒരു സർവീസ് പോലും മുടങ്ങരുത്; വാങ്ങുന്നതിന് മുമ്പ് ഇതൊക്കെ അറിഞ്ഞിരുന്നോ
ഫ്രഞ്ച് വാഹന നിർമാതാക്കളുടെ പ്രതാപകാലം ആവർത്തിക്കാൻ വീണ്ടും അവതാരപ്പിറവിയെടുത്തിരിക്കുകയാണ് റെനോ ഡസ്റ്റർ എസ്‌യുവി. ക്വിഡും ട്രൈബറും കൈഗറും ആഞ്ഞുപിടിച്ചിട്ടും ഉയരാത്ത വിൽപ്പന കണക്കുകൾ ഒറ്റയ്ക്ക് തോളിലേക്കാൻ ഉറച്ചാണ് ന്യൂജെൻ അവതാരത്തിൽ ഡസ്റ്റർ എത്തിയിരിക്കുന്നത്. പഴയ ഡീസൽ എഞ്ചിൻ ഇല്ലെങ്കിലും സ്ട്രോംഗ് ഹൈബ്രിഡ് ഉൾപ്പടെയുള്ള മൂന്ന് എഞ്ചിൻ ഓപ്ഷനുമായിട്ടാണ് ഇത്തവണത്തെ വരവ്. പഴയതിനേക്കാൾ വലിയ മത്സരമാണ് ഇത്തവണ നേരിടേണ്ടിവരുന്നത് എന്നതിനാൽ രണ്ടും കൽപ്പിച്ചാണ് റെനോയുടെ വരവ്. 10.49 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെയാണ് മോഡലിനായി നിശ്ചയിച്ചിട്ടുള്ള എക്സ്ഷോറൂം വിലയും.
എന്നാൽ വിലയ്ക്ക് പുറമെ ആളുകൾ സംസാരിക്കുന്ന ഏറ്റവും രസകരമായ വശങ്ങളിലൊന്ന് എസ്‌യുവിയുടെ വാറണ്ടി പ്ലാനാണ്. ഡസ്റ്ററിന് റെനോ 7 വർഷത്തെ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് കേട്ടയുടൻ കണ്ണുംപൂട്ടി വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡസ്റ്ററിന്റെ വാറണ്ടി പ്ലാൻ എങ്ങനെയാണന്ന കാര്യം നമുക്ക് വിശദമായി തന്നെ നോക്കിയാലോ?

ഡസ്റ്ററിന് റെനോ 7 വർഷത്തെ വാറണ്ടി വാഗ്ദാനം ചെയ്യുന്നതിന്റെ പ്രധാന കാരണം സാധ്യമായ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ ഉപഭോക്താക്കൾക്ക് ആത്മവിശ്വാസത്തോടെ എസ്‌യുവി വാങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ്. അവരുടെ ഉൽപ്പന്നത്തിൽ അവർക്ക് എത്രത്തോളം ആത്മവിശ്വാസമുണ്ടെന്നതിനുള്ള തെളിവാണ് ഇത്രയും നീണ്ട കാലയളവ്. വാറണ്ടി തുടർന്നുള്ള ഉടമകൾക്ക് കൈമാറാൻ കഴിയുമെന്നത് റീസെയിൽ വാല്യു കൂടാനും കാരണമാവും.
കടലാസിൽ 7 വർഷത്തെ വാറണ്ടി വളരെ ആകർഷകമായി തോന്നാമെങ്കിലും ഇത് ഒരൊറ്റ സ്റ്റാൻഡേർഡ് വാറണ്ടി അല്ലെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. റെനോ 7 വർഷത്തെ വാറണ്ടി പ്ലാൻ രണ്ട് ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. അതിൽ ഒരു സ്റ്റാൻഡേർഡ് വാറണ്ടിയും ഒരു അധിക വാറണ്ടി പായ്ക്കുമാണ് ഉൾപ്പെടുന്നത്. റെനോ ഡസ്റ്ററിന്റെ സ്റ്റാൻഡേർഡ് വാറണ്ടി 3 വർഷമോ 1 ലക്ഷം കിലോമീറ്ററോ ആണ്. ഏതാണ് ആദ്യം വരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ബാധകമാവുക.

വാറണ്ടി ആവശ്യങ്ങൾ തടസങ്ങൾ കൂടാതെ ലഭിക്കണമെങ്കിൽ ഓടിച്ച കിലോമീറ്ററോ വാഹനത്തിന്റെ പഴക്കമോ അടിസ്ഥാനമാക്കി വാഹനം കൃത്യമായി സർവീസ് ചെയ്യേണ്ടത് പ്രധാനമാണെന്ന് റെനോ അവരുടെ വെബ്‌സൈറ്റിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. എല്ലാ സർവീസുകളും അംഗീകൃത റെനോ സർവീസ് സെന്ററിലാണ് നടക്കുന്നതെന്നും ഉടമ ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കിൽ വാറണ്ടി അസാധുവാകാൻ സാധ്യതയുണ്ട്.
ഇനി രണ്ടാം ഭാഗത്തിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് കാലയളവിനൊപ്പം അധിക വാറണ്ടി പായ്ക്കാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഇത് പരമാവധി 4 വർഷം വരെ ലഭ്യമാണ്. ഇത് റെനോ ഫോറെവർ പ്രോഗ്രാമിന്റെ ഭാഗമാണ്. കൂടാതെ സ്റ്റാൻഡേർഡ് വാറണ്ടിയുമായി സംയോജിപ്പിക്കുമ്പോൾ മൊത്തം 7 വർഷത്തെ കവറേജ് ഉടമകൾക്ക് ലഭിക്കുന്നതായിരിക്കും. അധിക വാറണ്ടി പ്രകാരം ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡ് വാറണ്ടിക്ക് പുറമേ എക്സ്റ്റൻഡഡ് കവറേജ് വാഗ്ദാനം ചെയ്യുന്നു.

ചില നിബന്ധനകൾക്ക് വിധേയമായി സ്റ്റാൻഡേർഡ് വാറണ്ടിയുടെ കാലാവധി കഴിഞ്ഞ ഉടൻ തന്നെ ഈ അധിക വാറണ്ടി പിരീഡ് ആരംഭിക്കുന്നതാണ്. വാഹനത്തിന്റെ പഴക്കം 1,50,000 കിലോമീറ്ററിൽ കൂടരുതെന്ന് മാത്രം. ഒപ്പം വാഹനത്തിന്റെ പഴക്കം ഏഴ് വർഷത്തിൽ കുറവായിരിക്കണം. വാറണ്ടി നിബന്ധനകളിലും വ്യവസ്ഥകളിലും വ്യക്തമാക്കിയിട്ടുള്ളതുപോലെ, വർഷത്തിലൊരിക്കൽ അല്ലെങ്കിൽ ഓരോ 10,000 കിലോമീറ്ററിലും പീരിയോഡിക് മെയിന്റനെൻസ് നടത്തുന്നുണ്ടെന്ന് ഉപഭോക്താവ് ഉറപ്പാക്കണം.
1 വർഷത്തേക്കോ 10,000 കിലോമീറ്ററിലേക്കോ അധിക വാറണ്ടി സജീവമാക്കുന്നതിന് എല്ലാ സർവീസുകളും എല്ലാ വർഷവും ഒരു അംഗീകൃത റെനോ ഡീലർഷിപ്പിലൂടെ മറ്റ് തടസമോ കാലതാമസമോ കൂടാതെ പൂർത്തിയാക്കണം. ഏതാണ് ആദ്യം വരുന്നത് അതിനെ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത് എന്ന കാര്യം മറക്കേണ്ട. സ്റ്റാൻഡേർഡായി 3 വർഷത്തെ വാറണ്ടിയുടെ കാലാവധി കഴിഞ്ഞതിന് ശേഷം 4 വർഷം വരെ ഇത് വർഷം തോറും പുതുക്കാവുന്നതാണ്.
റെനോ ഇന്ത്യ ശുപാർശ ചെയ്യുന്ന പീരിയോഡിക് മെയിന്റനെൻസ് ഷെഡ്യൂൾ പാലിക്കേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്തമാണ്. എന്തെങ്കിലും കാരണവശാൽ ഇത് വിട്ടുപോയാൽ അധിക വാറണ്ടി റദ്ദാക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ കാരണമായേക്കാം. അധിക വാറണ്ടി സൗജന്യമായി വാഗ്ദാനം ചെയ്യുന്നത് എങ്കിലും ഉപഭോക്താവ് മുകളിൽ സൂചിപ്പിച്ച എല്ലാ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചാൽ മാത്രമേ ഇത് ബാധകമാകൂ. ഈ പ്രോഗ്രാമിന്റെ നല്ല വശം എന്താണെന്ന് വെച്ചാൽ ഉടമ വാഹനം വിൽക്കാൻ തീരുമാനിച്ചാലും വാറണ്ടി സാധുവായി തുടരും എന്നതാണ്.


Click it and Unblock the Notifications








