സിയറയ്ക്ക് പണികൊടുക്കാൻ ഡസ്റ്റർ അഡ്വഞ്ചർ എഡിഷനുമായി റെനോ, മോഹവിലയിൽ കിടിലൻ ഫീച്ചറുകളും
രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് തുടക്കമിട്ട മോഡലാണ് റെനോ ഡസ്റ്റർ. കിടിലൻ രൂപവും നല്ല പെർഫോമൻസും താങ്ങാനാവുന്ന വിലയുമെല്ലാമായി ഡസ്റ്റർ വിപണി നിറഞ്ഞാടിയ കാലം ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് അത്രവേഗമൊന്നും മറക്കാനാവില്ല. പിന്നീട് ആധുനികർക്കിടയിൽ പെട്ട് മരണപ്പെടുന്ന കാഴ്ച്ചയും വേദനയോടെയാണ് വാഹന പ്രേമികളെല്ലാം കണ്ടുനിന്നത്. പക്ഷേ ഒരിടവേളയ്ക്ക് ശേഷം പുതുതലമുറ ആവർത്തനത്തിൽ ഡസ്റ്റർ മടങ്ങിയെത്തിയതും അടുത്തിടെയായിരുന്നു. അതും ഹൈബ്രിഡ് എഞ്ചിൻ ഉൾപ്പടെയുള്ള മോഡേൺ ടെക്നോളജികളെല്ലാം കുത്തിനിറച്ചുകൊണ്ടാണ് ന്യൂജെൻ മോഡൽ തിരികെയെത്തിയത്. അതോടെ എതിരാളികളെല്ലാം ഒന്ന് ഭയപ്പെടുകയും ചെയ്‌തു.
തുടക്കം ഗംഭീരമാക്കി വിൽപ്പന കുതിക്കുന്നതിനിടയിൽ ഇപ്പോഴിതാ റെനോ ഇന്ത്യ ഡസ്റ്റർ അഡ്വഞ്ചർ എഡിഷൻ പുറത്തിറക്കി ആരവം സൃഷ്ടിക്കുകയാണ്. 12.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് മോഡൽ വിപണിയിലെത്തിയിരിക്കുന്നത്. അടുത്തിടെ ടാറ്റ സിയറയുടെ സ്പെഷ്യൽ പതിപ്പ് വിപണിയിലെത്തിയതിന് പിന്നാലെയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ സെഗ്മെന്റിൽ മത്സരം കൊഴുപ്പിക്കാൻ പുതുവേരിയന്റിനെ കളത്തിലിറക്കിയിരിക്കുന്നത്.

ബാസ്റ്റിൽ ദിനത്തിൽ ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൗവും റെനോ ഗ്രൂപ്പ് ഇന്ത്യയുടെ സിഇഒ സ്റ്റെഫാൻ ഡെബ്ലെയ്‌സും ചേർന്നാണ് ഡസ്റ്റർ അഡ്വഞ്ചർ എഡിഷൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായി. മെക്കാനിക്കൽ ഘടകങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് അഡ്വഞ്ചർ എഡിഷൻ കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലേയുടെ ഭൂമിശാസ്ത്രപരമായ കോർഡിനേറ്റുകളോടൊപ്പം (34.27 N, 77.60 E) ടോപ്പോഗ്രാഫിക്കൽ കോണ്ടൂർ ലൈനുകൾ ഉൾക്കൊള്ളുന്ന എക്സ്ക്ലൂസീവ് അഡ്വഞ്ചർ ഗ്രാഫിക്സാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്.
അഡ്വഞ്ചർ-തീം എംബില്ലഷറുകളും എക്സ്ക്ലൂസീവ് അഡ്വഞ്ചർ ഫ്ലോർ മാറ്റുകളും ഡസ്റ്ററിന്റെ പുത്തൻ വേരിയന്റിലെ മറ്റ് കൂട്ടിച്ചേർക്കലുകളിൽ ഉൾപ്പെടുന്നു. എസ്‌യുവിയുടെ ബാക്കി ഭാഗങ്ങൾ മാറ്റമില്ലാതെ തുടരുന്നതും കൊള്ളാം. പുതുതലമുറ ഡസ്റ്ററിന്റെ പരുക്കൻ സ്റ്റൈലിംഗ് നിലനിർത്തിയുള്ള നിർമാണം കൂടുതൽ ആളുകളെ ആകർഷിക്കുമെന്നതിൽ തർക്കമൊന്നും വേണ്ട. അഡ്വഞ്ചർ എഡിഷൻ അതിന്റെ അനുബന്ധ വേരിയന്റുകളുടെ അതേ ഫീച്ചറുകളെല്ലാം വാഗ്ദാനം ചെയ്യും.

ഫുൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇലക്ട്രിക് പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, മൈ റെനോ ആപ്പ് വഴി കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 10.1 ഇഞ്ച് ഓപ്പൺആർ ലിങ്ക് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 17 ഇഞ്ച് ഓഷ്യൻ അലോയ് വീലുകൾ എന്നിവയാണ് എസ്‌യുവിയിലെ പ്രധാന സവിശേഷതകൾ. സ്റ്റാൻഡേർഡ് ഡസ്റ്റർ നിരയിൽ ലഭ്യമായ മൂന്ന് ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് റെനോ അഡ്വഞ്ചർ എഡിഷനും വിപണിയിലെത്തിയിരിക്കുന്നത്.
വാങ്ങുന്നവർക്ക് ടർബോ TCe 100 മാനുവൽ, ടർബോ TCe 160 മാനുവൽ, ടർബോ TCe 160 ഡിസിടി ഓട്ടോമാറ്റിക് എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം. 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 100 bhp പവറിൽ പരമാവധി 160 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് ഇതിലുള്ളത്. മറുവശത്ത് 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ 163 bhp കരുത്തിൽ 280 Nm ടോർക്കാണ് നൽകുന്നത്.
6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ. എന്തായാലും പുത്തൻ വേരിയന്റ് വിപണിയിൽ വേറിട്ടുനിൽക്കുമെന്നതിൽ സംശയം വേണ്ട. അഡ്വഞ്ചർ ടർബോ Tce 100 മാനുവൽ, അഡ്വഞ്ചർ ടർബോ Tce 160 മാനുവൽ, അഡ്വഞ്ചർ ടർബോ Tce 160 ഡിസിടി എന്നിവയാണ് പുതിയ അഡ്വഞ്ചർ എഡിഷനിലെ വേരിയന്റുകൾ. ഇവയ്ക്ക് യഥാക്രമം 12.99 ലക്ഷം, 13.99 ലക്ഷം, 15.39 ലക്ഷം എന്നിങ്ങനെ എക്സ്ഷോറൂം വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications