ഒട്ടും ബേസിക്കല്ലാത്ത 10.49 ലക്ഷത്തിൻ്റെ ബേസ് വേരിയന്റ്, ഞെട്ടിച്ച് ന്യൂജെൻ ഡസ്റ്ററിന്റെ രണ്ടാംവരവ്
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ വീണ്ടും കരുത്ത് തെളിയിക്കാനായി പിറവിയെടുത്തിരിക്കുകയാണ് റെനോ ഡസ്റ്റർ. ആദ്യ വരവിൽ തീർത്ത ആരവം ഇത്തവണയും കൈക്കലാക്കിയാൻ സാധിച്ചാൽ ഫ്രഞ്ച് വാഹന നിർമാതാക്കളുടെ നിലവിലുള്ള അവസ്ഥയും മെച്ചപ്പെടും. ഒപ്പം ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വമ്പൻമാർക്കും ഡസ്റ്ററിന് വെല്ലുവിളി ഉയർത്താനാവും. അതിനായി കിടിലൻ വില നിർണയവുമാണ് എസ്‌യുവിക്ക് കൊടുത്തിരിക്കുന്നത്. ഓതന്റിക്, ഇവല്യൂഷൻ, ടെക്നോ, ടെക്നോ+, ഐക്കണിക് എന്നീ അഞ്ച് വേരിയന്റുകളിൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന ന്യൂജെൻ റെനോ ഡസ്റ്ററിന് 10.49 ലക്ഷം രൂപയിൽ നിന്നാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്.
ബേസ്-സ്പെക്ക് ഓതന്റിക് വേരിയന്റ് തന്നെ ആഘോഷമാക്കിയാണ് പുറത്തിറക്കിയിരിക്കുന്നത്. അതായത് സെഗ്മെന്റിലെ ഏറ്റവും മികച്ച ബേസ് മോഡലായാണ് റെനോ ഡസ്റ്റർ ഓതന്റിക് വരുന്നതെന്ന് കമ്പനിക്ക് അവകാശപ്പെടാനാവും. ചെറിയ വിലയാണെങ്കിലും മാന്യമായ രീതിയിൽ പണിതിറക്കാൻ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ഒപ്പം നല്ലൊരു ടർബോ പെട്രോൾ എഞ്ചിനും തുടിപ്പേകാൻ എത്തുമ്പോൾ വാങ്ങാൻ എത്തുന്നവർ നിരാശപ്പെടില്ലെന്ന് ഉറപ്പിക്കാം.

1.0 ലിറ്റർ, ടർബോ പെട്രോൾ എഞ്ചിനാണ് ഡസ്റ്റർ ഓതന്റിക് ബേസ് മോഡലിന് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 101 bhp പവറിൽ പരമാവധി 160 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രം നൽകിയിട്ടില്ലെന്നത് പലരേയും നിരാശപ്പെടുത്തുമെങ്കിലും മറ്റ് കമ്പനികളും ഇതേ തന്ത്രമാണ് ബേസ് മോഡലുകളിൽ ഉപയോഗിക്കുന്നത് എന്നത് റെനോയ്ക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
മൂൺലൈറ്റ് സിൽവർ, പേൾ വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് റെനോ ഡസ്റ്റർ ഓതന്റിക് വിപണനത്തിന് എത്തുന്നത്. എല്ലാ നിറങ്ങളിലും ബോഡിയിലുടനീളം ഒരു കറുത്ത ക്ലാഡിംഗും ഇടംപിടിച്ചിട്ടുണ്ട്. ചിലർക്ക് ഇതൊരു അഭംഗിയായി തോന്നിയേക്കാമെങ്കിലും പുറം കാഴ്ച്ചയിൽ ബേസ്-സ്പെക്ക് ഡസ്റ്റർ എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപഘടന നിലനിർത്തുന്നുവെന്നത് ശ്രദ്ധേയമാണ്.

കൂടാതെ എൽഇഡി ലൈറ്റിംഗും സജ്ജീകരിച്ചിരിക്കുന്നത് ആളുകൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. എങ്കിലും ടോപ്പ് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന റൂഫ് റെയിലുകളും അലോയ് വീലുകളും ഇതിൽ ഇല്ല. കൂടാതെ ഓതന്റിക് വേരിയന്റിൽ മുകളിലെ വേരിയന്റുകളിൽ കാണുന്ന സിൽവർ ഇൻസേർട്ടുകളും ഒഴിവാക്കിയിട്ടുള്ളതിനാൽ വാഹനത്തിന് കൂടുതൽ ലളിതമായ രൂപമാണ് ലഭിക്കുന്നത്. ഒരു ആഫ്റ്റർ മാർക്കറ്റ് അലോയ് വീൽ ഇടുകയാണെങ്കിൽ ലുക്ക് കൂടുതൽ മെച്ചപ്പെടുത്താനാവുന്നതാണ്.
ബേസ് വേരിയന്റാണെങ്കിലും ഇന്റീരിയർ തരക്കേടില്ലാത്ത ഫീച്ചറുകളാൽ സമ്പന്നമാണ്. പൂർണമായും കറുപ്പിലൊരുങ്ങിയിരിക്കുന്ന ഡസ്റ്റർ ഒതന്റിക്കിന്റെ ഉൾഭാഗം തുണികൊണ്ടുള്ള അപ്ഹോൾസ്റ്ററി കൊണ്ടാണ് പണിതിരിക്കുന്നത്. ബേസിക്കാണെങ്കിലും ഫീച്ചറിൻ്റെ കാര്യത്തിൽ ആളത്ര ബേസിക്കല്ലെന്ന് നേരത്തെ പറഞ്ഞുവല്ലോ. എസ്‌യുവിയിൽ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടിൽറ്റ്-ആൻഡ് ടെലിസ്കോപ്പിക്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ പോലുള്ളവയെല്ലാം കാണാനാവും.

തീർന്നില്ല, ഇതോടൊപ്പം തന്നെ റിയർ എസി വെന്റുകൾ, മാനുവൽ എയർ കണ്ടീഷനിംഗ് എന്നിവയും റെനെ ഡസ്റ്റർ ബേസ് വേരിയന്റ് വാങ്ങുന്നവർക്ക് ലഭിക്കുന്നതാണ്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സൺറൂഫ്, പവർഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, ADAS, 360-ഡിഗ്രി ക്യാമറ എന്നിവയുൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകൾ ഈ വേരിയന്റിൽ നിന്നും ഒഴിവാക്കിയാണ് വില പിടിച്ചുനിർത്താൻ കമ്പനി ശ്രമിച്ചിരിക്കുന്നത്.
7 വർഷത്തെ വാറണ്ടിയോടെ വാഗ്ദാനം ചെയ്യുന്ന റെനോയിൽ നിന്നുള്ള ആദ്യത്തെ കാറാണ് ഡസ്റ്റർ. കാർ വിൽക്കുന്ന ഘട്ടത്തിൽ അടുത്ത ഉടമയ്ക്കും ഇത് കൈമാറാനാവുന്നതാണെന്ന് കമ്പനി പ്രത്യേകം പറയുന്നുണ്ട്. ഡസ്റ്ററിൽ വലിയ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനും ഉണ്ടാവും. ടോപ്പ് വേരിയന്റുകളിലാണ് ഇത് ലഭ്യമാക്കിയിട്ടുള്ളതെന്ന് മാത്രം. മിഡ്-സൈസ് എസ്‌യുവിക്കായുള്ള ബുക്കിംഗ് കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഡെലിവറിയും ഉടൻ തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്.


Click it and Unblock the Notifications








