ഇടതുകാലിന് വിശ്രമിക്കാം, ക്ലച്ചിന്റെ ശല്യമുണ്ടാവില്ല! വിലക്കുറവിൽ കൂടുതൽ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തും
ഇന്ത്യയിലേക്ക് തിരിച്ചുവരവ് നടത്തി മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് റെനോ ഡസ്റ്റർ. നിർത്തിപ്പോയപ്പോഴുണ്ടായിരുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ എതിരാളികളേയല്ല തിരിച്ചുവരവിൽ ഡസ്റ്റർ നേരിടേണ്ടി വന്നത്. ന്യൂജെൻ മോഡലുകളുടെ പെരുന്നാളിനിടയിലേക്ക് എത്തിയിട്ടും മോശമാക്കാതെ പിടിച്ചുനിൽക്കാൻ ഫ്രഞ്ച് വാഹന നിർമാതാക്കളുടെ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. വിപണിയില്‍ അവതരിപ്പിച്ച് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ 5000 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഡസ്റ്റർ വാരിയിരിക്കുന്നത്. വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി റെനോ കൂടുതൽ വിലക്കുറവുള്ള ഓട്ടോമാറ്റിക് വേരിയന്റുകൾ ഡസ്റ്ററിലേക്ക് അവതരിപ്പിക്കാൻ പദ്ധതിയിടുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
അതായത് ക്ലച്ചിനെ പേടിയുള്ളവർക്ക് ഇനി ഡസ്റ്ററിൽ തെരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ ലഭിക്കുമെന്ന് ചുരുക്കം. റെനോയുടെ എസ്‌യുവി നിലവിൽ 1.0 ലിറ്റർ, 1.3 ലിറ്റർ എന്നിങ്ങനെ രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഇതിൽ ആദ്യത്തേത് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി മാത്രം വരുമ്പോൾ രണ്ടാമത്തേത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ സ്വന്തമാക്കാനാവും.

നിലവിൽ, എൻട്രി ലെവൽ ഒറിജിനൽ ട്രിം ഒഴികെയുള്ള എല്ലാ 1.3 ലിറ്റർ ടർബോ പെട്രോൾ വേരിയന്റുകളിലും ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാണ്. എസ്‌യുവി നിരയിലേക്ക് ഏത് എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ ചേർക്കുമെന്ന് റെനോ ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എൻട്രി ലെവൽ 1.3 ലിറ്റർ ഒറിജിനൽ വേരിയന്റിലേക്ക് ക്ലച്ച്ലെസ് സംവിധാനം ലഭിച്ചാൽ അത് സാധാരണക്കാർക്ക് വലിയൊരു ആശ്വാസമായിരിക്കും.
ഡസ്റ്റർ ഓട്ടോമാറ്റിക് എവല്യൂഷൻ വേരിയന്റ് വേരിയന്റുകൾ നിലവിൽ 14.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വിപണിയിലെത്തുന്നത്. ഇത് ടോപ്പ്-എൻഡ് 1.3 ലിറ്റർ മാനുവൽ വേരിയന്റിനേക്കാൾ ഏകദേശം 1 ലക്ഷം രൂപ മാത്രമാണ് കുറവ്. മറ്റൊരു സാധ്യത നിലവിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമുള്ള ചെറിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലേക്ക് ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കുക എന്നതാണ്.

കൈഗർ കോംപാക്‌ട് എസ്‌യുവി ഇതേ എഞ്ചിൻ ഓപ്ഷനിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകി വരുന്നുണ്ട് എന്നതിനാൽ ഡസ്റ്ററിലേക്ക് ഇതുകൊണ്ടുവരാൻ എളുപ്പമാവും. പക്ഷേ ആളുകൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഇതിനൊന്നുമല്ല എന്നതാണ് മറ്റൊരു കാര്യം. ഡസ്റ്ററിലെ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ മോഡലുകൾ എത്താനാണ് കൂടുതൽ ആളുകളും വെയ്റ്റ് ചെയ്യുന്നത്. ഹൈബ്രിഡ് വേണ്ടവർ ഈ വർഷത്തെ ഉത്സവ സീസൺ വരെ കാത്തിരിക്കേണ്ടി വരും.
ഈ വർഷം ദീപാവലിയോടെയാവും റെനോ ഡസ്റ്ററിൻ്റെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂസിയർ ഹൈറൈഡർ, മാരുതി വിക്ടോറിസ് തുടങ്ങിയ മോഡലുകൾ മാത്രമാണ് ഹൈബ്രിഡ് ടെക് വാഗ്‌ദാനം ചെയ്യുന്നുള്ളൂ. ബ്രാൻഡിൻ്റെ ഇ-ടെക് ഹൈബ്രിഡ് സിസ്റ്റം ആണ് റെനോ ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഉപയോഗിക്കുന്നത്.

ഇത് നാച്ചുറലി ആസ്പിറേറ്റഡ് 1,789 സിസി ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും സംയോജിപ്പിക്കുന്നു. 20 bhp നൽകാൻ ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോർ ഒരു ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ 49 bhp ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ മോട്ടോർ നേരിട്ട് വീലുകൾക്ക് കരുത്ത് പകരാനാണ് ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ 1.8 ലിറ്റർ ഹൈബ്രിഡ് എഞ്ചിന് 160 bhp പവറിൽ പരമാവധി 172 Nm ടോർക്ക് വരെ നിർമിക്കാൻ കഴിയും.
1.4 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് പെട്രോൾ എഞ്ചിനുമായി ചേർന്ന് പ്രവർത്തിക്കുന്നത്. അതുവഴി ചെറിയ വേഗതയിൽ ഇലക്ട്രിക്-ഒൺലി മോഡിൽ പ്രവർത്തിക്കാൻ എസ്‌യുവിയെ പ്രാപ്തമാക്കുന്നു. ന്യൂജെൻ ഡസ്റ്റർ ഹൈബ്രിഡ് പതിപ്പിൻ്റെ ഔദ്യോഗിക മൈലേജ് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 30 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത പ്രതീക്ഷിക്കാവുന്നതാണ്. ന്യൂജെൻ ഡസ്റ്ററിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ്റെ അഭാവം നികത്താൻ സ്ട്രോംഗ് ഹൈബ്രിഡ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications