പഴയ കാർ മാറ്റിവാങ്ങാൻ തോന്നും, ജൂലൈയിൽ വരുന്നത് പുത്തൻ കാറുകളുടെ പെരുന്നാള്! കൂട്ടത്തിൽ ക്യൂട്ട് ക്വിഡും
ജൂൺ മാസത്തിൽ ഇന്ത്യക്കാരെ തേടിയെത്തിയത് ഒരുകൂട്ടം പുത്തൻ കാറുകളായിരുന്നു. പുതുക്കിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മെർസിഡീസ് ബെൻസ് S-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്, മാരുതി വാഗൺആർ ഫ്ലെക്‌സ്-ഫ്യുവൽ, സിട്രൺ eC3X, പോർഷ 911 GT3 എന്നിവ പോലുള്ള വൈവിധ്യമാർന്ന മോഡലുകളായിരുന്നു നമ്മുടെ വിപണി ഭരിക്കാൻ കഴിഞ്ഞ 30 ദിവസത്തിൽ എത്തിയത്. എന്നാൽ വരാനിരിക്കുന്ന 2026 ജൂലൈ മാസത്തിൽ പുറത്തിറങ്ങാൻ പോവുന്ന പുതുവണ്ടികൾ കണ്ടാൽ പലരും നിലവിൽ ഉപയോഗിക്കുന്ന പഴയ കാറുകൾ വിറ്റ് ഇവയിൽ ഏതെങ്കിലും വാങ്ങിപ്പോവും. അടുത്ത മാസം പുറത്തിറങ്ങാൻ പോകുന്ന കാറുകളുടെ നിരയിതാ...
റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ്
മാരുതിയുടെ എൻട്രി ലെവൽ കാറുകളുടെ കിളിപറത്തുവാനായി റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് ഈ ജൂലൈ മാസം മൂന്നാം തീയതി വിപണിയിലെത്തും. ഡിസൈൻ മൊത്തത്തിൽ പൊളിച്ചെഴുതി പുത്തൻ റെനോ മോഡലുകളുടെ ഡിസൈൻ ഭാഷ്യത്തിലായിരിക്കും മുഖംമിനുക്കിയ ക്വിഡ് അണിനിരക്കുക. പുതിയ Y- ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ബമ്പറുകൾ, ടെയിൽ ലൈറ്റുകൾ എന്നിവ ഇതിന് ലഭിച്ചേക്കും.

സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, വലിയ ടച്ച്‌സ്‌ക്രീൻ, പുതിയ സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ അപ്‌ഗ്രേഡുകൾക്കും സാധ്യതയുണ്ട്. ക്വിഡ് നിലവിൽ 69 bhp കരുത്തിൽ 92.5 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. പുതുമോഡലിലും ഇതേ എഞ്ചിൻ മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയാവും വാഗ്ദാനം ചെയ്യുക. നിലവിൽ 4.30 ലക്ഷം മുതൽ 5.88 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില വരുന്നത്.
നിസാൻ ടെക്റ്റൺ
മിഡ്-സൈസ് എസ്‌യുവി നിരയിലേക്ക് നിസാന്റെ പുതിയ വജ്രായുധമായ ടെക്റ്റണും ജൂലൈ ഒമ്പതിന് അരങ്ങേറ്റം കുറിക്കും. റെനോ ഡസ്റ്ററിന്റെ റീബാഡ്‌ജ് മോഡലായിരിക്കുമെങ്കിലും ഡിസൈനിൽ ബേബി പെട്രോളിന്റെ രൂപമായിരിക്കും വാഹനത്തിനുണ്ടായിരിക്കുക. എൽഇഡി ഹെഡ്‌ലൈറ്റുകൾ, മുൻവശത്ത് പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകൾ, പിന്നിൽ സി-പില്ലർ മൗണ്ടഡ് ചെയ്തവ, മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, ട്വിൻ-റിഡ്ജ് സ്‌പോയിലർ, സി-ആകൃതിയിലുള്ള ടെയിൽ-ലൈറ്റുകൾ എന്നിവയെല്ലാം രൂപം അടിപൊളിയാക്കാനായി വന്നെത്തുന്നതായിരിക്കും.

1.0 ലിറ്റർ ടർബോ-പെട്രോൾ, 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാവും നിസാൻ ടെക്റ്റൺ വാഗ്ദാനം ചെയ്യുക. രണ്ട് എഞ്ചിനുകളിലും 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നതായിരിക്കും. ഇതിൽ വലിയ ശേഷിയുള്ള എഞ്ചിനിൽ 7-സ്പീഡ് ഡിസിടി ട്രാൻസ്മിഷനും ഓപ്ഷണലായുണ്ടാവും. ഡസ്റ്ററിലെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഇതിലുണ്ടാവില്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. 10.49 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ്-സ്‌പെക്ക് ടർബോ-പെട്രോൾ വേരിയന്റിന് 18.69 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നുണ്ട്.
എംജി എസ്‌യുവി
ജെഎസ്ഡബ്ല്യു-എംജി മോട്ടോറിന്റെ പുതിയ എസ്‌യുവി ജൂലൈ ജൂലൈ 16-ന് വിപണിയിലെത്തുന്നതായിരിക്കും. ഇത് വുലിംഗ് സ്റ്റാർലൈറ്റ് 560 എസ്‌യുവിയുടെ റീബാഡ്‌ജ് പതിപ്പായിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ഇതൊരു 7-സീറ്റർ എസ്‌യുവിയായിരിക്കുമെന്നതാണ് ഏറ്റവും രസകരമായ കാര്യം. 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 20.5kWh ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമുള്ള ഇതൊരു പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയായി ഇന്ത്യയിലെത്തുമോയെന്നത് കണ്ടറിയാം.

മാരുതി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്
മാരുതി സുസുക്കി ബ്രെസയുടെ മുഖംമിനുക്കിയ മോഡൽ ജൂലൈ 23-നായിരിക്കും വിപണിയിലെത്തുക. ചെറുതായി പുതുക്കിപണിത എക്സ്റ്റീരിയർ, നിലവിലേതിലും മികച്ച ഇന്റീരിയർ എന്നിവയോടെയാവും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അരങ്ങേറ്റം കുറിക്കുക. കൂടാതെ ഫ്രോങ്ക്‌സിലെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും ബ്രെസയിലേക്ക് എത്തുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടൊപ്പം ഇപ്പോഴുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും എസ്‌യുവിക്കുണ്ടാവും.
സ്കോഡ കൊഡിയാക് RS
കൊഡിയാക് RS എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് വെറും 6 മിനിറ്റിനുള്ളിൽ വിറ്റഴിഞ്ഞിരുന്നു. വില പ്രഖ്യാപിക്കുന്നതിന് മുമ്പേ ഇന്ത്യയിൽ കൊണ്ടുവരാനിരിക്കുന്ന പെർഫോമൻസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞത് കമ്പനിക്ക് വലിയ മൈലേജാണ് നൽകിയിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്ത കൊഡിയാക് RS പതിപ്പിന് 60 ലക്ഷം മുതൽ 65 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.
ടൊയോട്ട ഹൈലക്‌സ്
ലോകത്തിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന പിക്കപ്പ് ട്രക്കുകളിൽ ഒന്നായ ഹൈലക്‌സിന്റെ ന്യൂജെൻ മോഡൽ ജൂലൈ മാസത്തിൽ ഇന്ത്യൻ വിപണിയിലും കാലുകുത്തും. മുൻ മോഡലിനെപ്പോലെ തന്നെ, പുതിയ പിക്കപ്പ് ട്രക്കും ടൊയോട്ടയുടെ IMV ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എങ്കിലും എക്സ്റ്റീരിയറും ഇന്റീരിയറും പൂർണമായും പുതുക്കിപ്പണിതാണ് കൊണ്ടുവരിക. ഫോർച്യൂണർ നിയോ ഡ്രൈവ് പോലെ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 2.8 ലിറ്റർ ഡീസൽ എഞ്ചിൻ പുതിയ ഹൈലക്‌സിനും തുടിപ്പേകും.
ഹോണ്ട ZR-V
മെയ് മുതൽ ഹോണ്ട ZR-V ഹൈബ്രിഡ് എസ്‌യുവിയുടെ പ്രീ-ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്. ആളുകളെ കാത്തിരുത്തി മുഷിപ്പിക്കാതെ ജൂലൈയിൽ തന്നെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. എൽഇഡി ഹെഡ്‌ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, റാപ്പ് എറൗണ്ട് ടെയിൽ-ലൈറ്റുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, 12-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളെല്ലാം കുത്തിനിറച്ചാവും മോഡൽ വിപണനത്തിന് എത്തുക.


Click it and Unblock the Notifications