ഓണത്തിന് കാർ വാങ്ങാൻ പ്ലാനുണ്ടോ? മലയാളികൾക്ക് 1.25 ലക്ഷം രൂപ വരെയുള്ള ഓഫറുമായി റെനോ
പഴയ ഫോമിലേക്ക് തിരികെയെത്താനുള്ള തത്രപ്പാടിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ന്യൂജെൻ ഡസ്റ്റർ ഷോറൂമുകളിൽ എത്തിയതോടെ ഇമേജ് മൊത്തത്തിൽ മാറിയിട്ടുണ്ട്. ഇതിനുപിന്നാലെയിതാ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയുൾപ്പെടെയുള്ള മോഡലുകളിൽ കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ആളുകളിലേക്ക് കൂടുതൽ അടുക്കാൻ ഒരുങ്ങുകയാണ് റെനോ. 2026 ജൂലൈ മാസത്തേക്കായി അവതരിപ്പിച്ചിരിക്കുന്ന ഡിസ്കൌണ്ട് ഓഫറുകളിൽ കേരളീയർക്ക് പ്രത്യേക പരിഗണനയും ബ്രാൻഡ് കൊടുത്തിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. 2026 ജൂലൈ മാസത്തിൽ 1.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ജൂലൈ 31 വരെ ബാധകമായ ഡിസ്കൌണ്ട് ഓഫറുകൾ നഗരം, ഡീലർഷിപ്പ്, സ്റ്റോക്ക് ലഭ്യത എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം. കൃത്യമായ കണക്കുകൾക്കായി നിങ്ങളുടെ അടുത്തുള്ള റെനോ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതമെന്ന് ആദ്യമേ പറയാം. റെനോയുടെ കോംപാക്‌ട് എസ്‌യുവിയായ കൈഗർ വാങ്ങാനിരിക്കുന്നവർക്കാണ് 1.25 ലക്ഷം വരെയുള്ള ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവുന്നത് കേട്ടോ.

കേരളത്തിലുള്ളവർക്ക് റെനോ കൈഗർ വാങ്ങുമ്പോൾ 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 25,000 രൂപ വരെ സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾ, 18,000 രൂപ വരെ ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയെല്ലമാണ് ലഭ്യമാവുക. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, സ്‌ക്രാപ്പേജ്, ലോയൽറ്റി, റഫറൽ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. 5.81 ലക്ഷം രൂപ മുതൽ 10.35 ലക്ഷം രൂപ വരെയാണ് കൈഗറിന്റെ വില.
റെനോയുടെ നിരയിലെ ജനപ്രിയ മോഡലായ ട്രൈബർ സ്വന്തമാക്കുവാനും ഇത് നല്ലൊരു സമയമാണ്. കൈഗറിനെപ്പോലെ തിരഞ്ഞെടുത്ത വേരിയന്റുകളിൽ 60,000 രൂപ വരെയാണ് ഏറ്റവും ഉയർന്ന ഓഫറുകൾ കേരളത്തിലെ ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുക. ഇതിൽ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും ഉൾപ്പെടുന്നു. യോഗ്യരായ ഉപഭോക്താക്കൾക്ക് ലോയൽറ്റി ബോണസുകൾ, കോർപ്പറേറ്റ് ഓഫറുകൾ, റൂറൽ ബെനഫിറ്റുകൾ എന്നിവയും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനി റെനോയുടെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലായ ക്വിഡിന്റെ കാര്യമെടുത്താൽ 2026 ജൂലൈയിൽ 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടോടെ ലഭ്യമാണ്. ഇത് ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ഓഫറാണ്. ക്വിഡിന്റെ പഴയ പതിപ്പിന് സ്ഥലം അനുസരിച്ച് 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടോടെ ലഭ്യമാണ്. ബ്രാൻഡിന്റെ എൻട്രി ലെവൽ ഹാച്ച്ബാക്കിന് നിലവിൽ 4.53 ലക്ഷം മുതൽ 5.61 ലക്ഷം രൂപ വരെയാണ് വില.
അടുത്തിടെയാണ് ക്വിഡിന്റെ മുഖംമിനുക്കിയ മോഡൽ രാജ്യത്ത് അവതരിക്കുന്നത്. റെനോയുടെ ഏറ്റവും പുതിയ ആഗോള ബ്രാന്‍ഡ് ഐഡന്റിറ്റി വ്യക്തമാക്കുന്ന ഡിസൈനുമായാണ് 2026 മോഡൽ ക്വിഡ് ഇപ്പോൾ വിപണനത്തിന് എത്തുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ശക്തമായ റോഡ് പ്രസന്‍സുമുള്ള ബോള്‍ഡ് എസ്‌യുവി രൂപം ആരേയും ആകർഷിക്കുന്ന വിധത്തിലുള്ളതാണ്. വീല്‍ ആര്‍ച്ച് ക്ലാഡിംഗും പരുക്കന്‍ ബോഡി സ്‌റ്റൈലിംഗും എസ്‌യുവി ആകര്‍ഷണം ഉയർത്തുന്നുണ്ട്.

ഈ പുത്തന്‍ പരിഷ്‌കാരങ്ങള്‍ ക്വിഡിനെ കൂടുതൽ പ്രീമിയമാക്കുന്നുണ്ട് എന്നതിൽ സംശയമൊന്നും വേണ്ട. പെര്‍ഫോമന്‍സും ഇന്ധനക്ഷമതയും ഒരേപോലെ നല്‍കുന്ന കരുത്തുറ്റ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ക്വിഡിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിനൊപ്പം 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, ഈസി R എഎംടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ട്. ഡ്രൈവിംഗ് എളുപ്പമാക്കാന്‍ എഎംടി വേരിയന്റുകളില്‍ റോട്ടറി ഡയല്‍ ഗിയര്‍ സെലക്ടര്‍ നല്‍കിയിട്ടുണ്ട്.
പെർഫോമൻസിലേക്ക് നോക്കിയാൽ 999 സിസി, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 67 bhp കരുത്തിൽ പരമാവധി 91 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാരുതി സുസുക്കി ആൾട്ടോ K10, മാരുതി സുസുക്കി എസ്-പ്രെസോ, ടാറ്റ ടിയാഗോ തുടങ്ങിയ രാജ്യത്തെ എൻട്രി ലെവൽ കാറുകളോടാണ് റെനോ ക്വിഡ് ഇപ്പോഴും മത്സരിക്കുന്നത്. പുതിയ രൂപവും ഭാവവും വിൽപ്പന കൂട്ടാൻ സഹായിക്കുമെന്നാണ് ഫ്രഞ്ച് ബ്രാൻഡിന്റെ വിശ്വാസം. ഒപ്പം ഓഫറുകളും കൂടിയാവുമ്പോൾ ആളുകൾ വേഗത്തിൽ ആകൃഷ്ടരായേക്കാം.


Click it and Unblock the Notifications