5.76 ലക്ഷത്തിന്റെ 7-സീറ്ററിന് ഒടുവിൽ ടർബോ എഞ്ചിൻ വരുന്നു, ഇനി എർട്ടിഗയുടെ കച്ചോടം കുറയും കട്ടായം
സാധാരണക്കാരന്റെ മനസറിഞ്ഞ് പ്രവർത്തിക്കുന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ക്വിഡ്, ട്രൈബർ, കൈഗർ, ഡസ്റ്റർ എന്നീ നാല് മോഡലുകൾ നിലവിൽ വിൽക്കുന്ന കമ്പനി പോക്കറ്റ് കീറാത്ത വിലയ്ക്കാണ് ഈ കാറുകളെല്ലാം വിപണിയിലെത്തിക്കുന്നത്. ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് ഒരു 7 സീറ്റർ എംപിവി വിൽക്കുന്ന വേറെ ഏത് ബ്രാൻഡ് ഉണ്ട്. നമ്മുടെ മാരുതിക്ക് പോലും കഴിയാത്ത കാര്യമാണ് റെനോ എളുപ്പത്തിൽ സാധിച്ചെടുത്തത്. എന്നാൽ നല്ലൊരു എഞ്ചിൻ ട്രൈബറിൽ ഇല്ലെന്നത് വളരെ സത്യമാണ്. അണ്ടർപവർ ആയിട്ടുള്ള 1.0 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഓടിക്കാൻ അത്ര സുഖമൊന്നുമില്ല.
ഒരു നല്ല ടർബോ എഞ്ചിനുണ്ടായിരുന്നേൽ ഇപ്പോഴുള്ള കച്ചോടത്തിന്റെ ഇരട്ടി ട്രൈബറിലേക്ക് എത്തുമായിരുന്നു. ഇത് മനസിലാക്കിയ റെനോ ഇപ്പോഴിതാ ആളുകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ പോവുകയാണെന്ന സന്തോഷ വാർത്ത ജനങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. 2019-ൽ റെനോ ട്രൈബർ പുറത്തിറക്കുന്നതിന് മുമ്പുതന്നെ കൂടുതൽ ശക്തമായ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷൻ പിന്നീട് അവതരിപ്പിക്കുമെന്ന് റെനോ വ്യക്തമാക്കിയിരുന്നു.

എന്നാൽ എഞ്ചിൻ ബേയിൽ മാറ്റം വരുത്തേണ്ടിയിരുന്നതിനാൽ പദ്ധതി വൈകുകയായിരുന്നു. ആയതിനാൽ എഞ്ചിൻ പുതിയ കൈഗർ കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തി. ട്രൈബറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തിയപ്പോഴും പലരും ടർബോ കരുത്ത് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബ്രാൻഡ് നൽകിയില്ല. എന്നാൽ ഇപ്പോൾ കാത്തിരിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് 7 സീറ്റർ മോഡലിന് ഈ വർഷം തന്നെ പുതിയ കരുത്തൻ എഞ്ചിൻ എത്തും.
ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഈ വർഷം സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ റെനോ ട്രൈബറിലേക്ക് എത്തുമെന്നാണ് വിവരം. അതും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഇതിലുണ്ടാവുമെന്നതാണ് ഹൈലൈറ്റ്. മാത്രമല്ല, സിഎൻജിയും എംപിവിയുടെ ടർബോ എഞ്ചിനൊപ്പം വാഗ്ദാനം ചെയ്യും. പിന്നെ മറ്റൊരു സന്തോഷ വാർത്ത എന്താണെന്നാൽ HR10 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ട്രൈബറിൽ നിലവിലുള്ള നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന്റെ ടർബോചാർജ്ഡ് പതിപ്പല്ല എന്നതാണ്.

പകരം ഡസ്റ്ററിന്റെ HR13 1.3 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനിൽ നിന്ന് ഉരുത്തിരിഞ്ഞതാവും. പക്ഷേ ഒരു സിലിണ്ടർ കുറവായിരിക്കും. അതായത് വരാനിരിക്കുന്ന ടർബോ എഞ്ചിൻ ഒരു ത്രീ സിലിണ്ടർ ആയിരിക്കുമെന്ന് ചുരുക്കം. എന്തായാലും ടോർക്ക് കൂടിയ ഹൃദയം എത്തുന്നതോടെ 7 പേരേയും വഹിച്ചുകൊണ്ട് പോവാനുള്ള ട്രൈബറിന്റെ കഴിവ് കൂടും. മാനുവൽ, സിവിടി ഗിയർബോക്സുകൾ ലഭിക്കുന്നതിനാൽ വൈവിധ്യമാർന്ന ഉപഭോക്താക്കളേയും എംപിവി ആകർഷിക്കും.
ഒതെന്റിക്, എവലൂഷൻ, ടെക്നോ, ഇമോഷൻ എന്നീ വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന പുതിയ റെനോ ട്രൈബറിന് നിലവിൽ 5.76 ലക്ഷം മുതൽ 8.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പുതിയ ടർബോ എഞ്ചിൻ എത്തുന്നതോടെ വില അൽപം ഉയരാൻ സാധ്യതയുണ്ട്. ഓൺ-റോഡ് വില 10 ലക്ഷത്തിന് അടുത്തോ മുകളിലോ ആവും. ഫീച്ചറുകളും ഇൻ്റീരിയറിലും മാറ്റമൊന്നും വരുത്താൻ സാധ്യതയില്ല.

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീൻ, പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി, റിയർ സീറ്റിലെ യാത്രക്കാർക്കായി റൂഫ് ഫിറ്റഡ് എസി വെന്റുകൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോളുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൈഡ്, കർട്ടൻ എയർബാഗുകൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളെല്ലാം എംപിവിയിൽ അതേപടി നിലനിർത്തിയേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








