ഫോർച്യൂണറിനെ ഒഴിവാക്കി ഈ 7-സീറ്റർ വാങ്ങിയവർക്ക് പണികിട്ടി, പേടിക്കേണ്ട ഫ്രീയായി നന്നാക്കി തരാമെന്ന് സ്കോഡ
ഒക്‌ടാവിയ, റാപ്പിഡ്, സൂപ്പർബൈ തുടങ്ങിയ ഇതിഹാസ സെഡാനുകളിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറിപ്പാർത്തവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. നിലവിൽ കൈലാക്, കുഷാഖ്, സ്ലാവിയ എന്നീ മിടുക്കൻമാരിലൂടെ കുതിച്ചുപായുന്ന ബ്രാൻഡ് അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലായ കൊഡിയാക്കിലൂടെയും നേട്ടമുണ്ടാക്കുന്നുണ്ട്. അന്യായ ലുക്കും ഫീച്ചറുകളുമെല്ലാമായി എത്തിയ ന്യൂജെൻ പതിപ്പ് ആളുകൾക്കിടയിൽ കാര്യമായ മതിപ്പുണ്ടാക്കിയെടുത്തിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ പോലുള്ള ഫുൾ-സൈസ് എസ്‌യുവികളോട് മത്സരിക്കുന്ന വാഹനത്തിന് വേണ്ടവിധത്തിലുള്ള സ്വീകാര്യത നേടിയെടുക്കാനായതിൽ സ്കോഡയും ഹാപ്പിയാണ്.
എന്നാൽ ഇതിനിടയിൽ സ്കോഡ കൊഡിയാക്കിന് ചെറിയ നിർമാണ തകരാർ ബാധിച്ചിരിക്കുകയാണ്. പക്ഷേ എഞ്ചിനിലോ മറ്റ് മെക്കാനിക്കൽ ഭാഗങ്ങളിലോ അല്ല, മറിച്ച് മുൻ സീറ്റിന്റെ ഉൾവശത്തെ ഫ്രെയിമിലെ തകരാറാണ് വാങ്ങിയവർക്ക് തലവേദനയായിരിക്കുന്നത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് കൊഡിയാക്ക് എസ്‌യുവി തിരിച്ചുവിളിക്കുകയും ചെയ്‌തിരിക്കുകയാണ് ഇപ്പോൾ. 2025 മാർച്ച് 10-നും ഡിസംബർ 8-നും ഇടയിൽ നിർമിച്ച കൊഡിയാക്കുകൾക്കാണ് തിരിച്ചുവിളിക്കൽ ബാധകമാവുക.

എസ്‌യുവിയുടെ 221 യൂണിറ്റുകളെയാണ് ഈ പ്രശ്‌നം ബാധിച്ചതായി കാർ ആൻഡ് ബൈക്ക് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. സീറ്റ് ഫ്രെയിമിലെ തകരാർ അപ്രതീക്ഷിതമായ കൂട്ടിയിടിയിൽ സൈഡ് എയർബാഗ് നൽകുന്ന സേഫ്റ്റിയെ ബാധിക്കുമെന്നും ഇത് പരിക്കിന്റെ സാധ്യത വർധിപ്പിക്കുമെന്നുമാണ് സ്കോഡ പറയുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ വെബ്‌സൈറ്റിൽ തകരാർ സംബന്ധിച്ച വിവരണം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് സ്കോഡ രണ്ടാം തലമുറ കൊഡിയാക് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കുന്നത്. ലോഞ്ച്, സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് എന്നിങ്ങനെ മൂന്നോളം വേരിയന്റുകളിൽ വാഹനം ലഭ്യമാവുകയും ചെയ്യും. വിലയുടെ കാര്യത്തിലേക്ക് വന്നാൽ 39.99 ലക്ഷം മുതൽ 45.96 ലക്ഷം രൂപ വരെയാണ് മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൊഡിയാക്കിന്റെ ഹൃദയം.

7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന ഈ ടർബോ പെട്രോൾ എഞ്ചിന് 201 bhp പവറിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. അതായത് മുൻഗാമിയെ അപേക്ഷിച്ച് പവർകണക്കുകളിൽ 14 bhp അധികമായി ലഭിക്കുമെന്ന് സാരം. പുതിയ കൊഡിയാക്കിന് ലിറ്ററിന് 14.86 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനുമാവും. അങ്ങനെ നോക്കുമ്പോൾ കൊടുക്കുന്ന കാശിന് വസൂലാണ് വണ്ടി.
മൊത്തത്തിൽ 4,758 മില്ലിമീറ്റർ നീളമുള്ള പുത്തൻ സ്കോഡ കൊഡിയാക്കിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് 61 മില്ലിമീറ്റർ നീളം അധികമായുണ്ട്. ഇതുകൂടാതെ 1,864 മില്ലിമീറ്റർ വീതി, 1,659 മില്ലീമീറ്റർ ഉയരം, 2,971 മില്ലീമീറ്റർ വീൽബേസ് എന്നിവയും കൂടിയാവുമ്പോൾ വാഹനം അതിന്റെ പാരമ്യത്തിൽ എത്തുന്നു. ആഡംബര പൂർണമായ ഇൻ്റീരിയർ തന്നെയാണ് സെഗ്മെന്റിൽ കൊഡിയാക്കിനെ വേറിട്ടുനിർത്തുന്ന മറ്റൊരു ഘടകം.

13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്മാർട്ട് ഡയലുകൾ, റോട്ടറി നോബുകൾ, ക്ലൈമറ്റ്, മീഡിയ ഫംഗ്‌ഷനുകൾക്കായുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പ്രീമിയം 14-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ് എന്നിവ പോലുള്ള സവിശേഷതകളെല്ലാം കുത്തിനിറച്ചുകൊണ്ടാണ് പ്രീമിയം എസ്‌യുവിയുടെ വരവ്.
സേഫ്റ്റിയുടെ കാര്യമെടുത്താൽ 9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് അസിസ്റ്റ് എന്നിവ പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം സ്കോഡ കൊഡിയാക്കിലുണ്ട്. ഇതുകൂടാതെ ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സഹിതമാണ് കൊഡിയാക് എസ്‌യുവി വരുന്നത് എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്.


Click it and Unblock the Notifications








