വില പ്രഖ്യാപിക്കുന്നതിന് മുമ്പേ വെറും 6 മിനിറ്റിൽ വിറ്റുതീർന്നു! സ്കോഡയെ പോലും ഞെട്ടിച്ച് പുത്തൻ 7-സീറ്റർ
ഒരു കാർ വിപണിയിലെത്തിക്കഴിഞ്ഞാൽ വലിയ സ്വീകാര്യത ലഭിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ ബുക്കിംഗ് ആരംഭിച്ച് ആദ്യം കൊണ്ടുവന്ന 50 എണ്ണം വെറും 6 മിനിറ്റിൽ വിറ്റഴിഞ്ഞത് കണ്ട് വണ്ടറടിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. അതും വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ കമ്പനി അവതരിപ്പിക്കാനിരിക്കുന്ന പുത്തൻ 7-സീറ്റർ പെർഫോമൻസ് എസ്‌യുവി ഇന്ത്യക്കാർ വാങ്ങി എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്നലെയാണ് സ്കോഡ തങ്ങളുടെ കൊഡിയാക് RS 7-സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കുന്നത്. ഇതിന് ശേഷം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഇന്ത്യക്കായി അനുവദിച്ച എല്ലാ യൂണിറ്റുകളും വിറ്റഴിഞ്ഞുവെന്നാണ് സ്കോഡ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം വെറും 20 മിനിറ്റിനുള്ളിൽ വിറ്റുതീർന്ന ഒക്ടാവിയ RS സെഡാനേക്കാൾ വേഗത്തിൽ പെർഫോമൻസ് എസ്‌യുവി വിറ്റഴിഞ്ഞുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ജനങ്ങളുടെ പൾസറിഞ്ഞ് പ്രവർത്തിക്കാൻ സ്കോഡയ്ക്ക് സാധിക്കുന്നുണ്ട് എന്നതും വലിയ കാര്യമാണ്. 3 ലക്ഷം രൂപയാണ് കൊഡിയാക് RS ബുക്കിംഗിനായി ടോക്കൺ തുകയായി നിശ്ചയിച്ചിരുന്നത്. വരും ആഴ്ച്ചയിൽ എസ്‌യുവിക്കായുള്ള വില കമ്പനി പ്രഖ്യാപിക്കുന്നതായിരിക്കും.

പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കൊഡിയാക് RS പതിപ്പിന്റെ 50 യൂണിറ്റുകളായിരിക്കും ആദ്യ ബാച്ചിൽ എത്തുക. വലിയ സ്വീകരണം ലഭിച്ചതിനാൽ രണ്ടാമത്തെ ബാച്ചും കൊണ്ടുവരാൻ സ്കോഡ നിർബന്ധിതരാവുമെന്നതിൽ സംശയമൊന്നും വേണ്ട. ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലിന് സമാനമായ രൂപമാണ് കൊഡിയാക് RS വഹിക്കുന്നതെങ്കിലും പുതുമയ്ക്കായി അല്ലറ ചില്ലറ മാറ്റങ്ങൾ കാണാം.
ഗ്രിൽ, ഒആർവിഎമ്മുകൾ, റൂഫ് റെയിലുകൾ, വിൻഡോ ലൈൻ എന്നിവയ്‌ക്കെല്ലാം ഒരു ബ്ലാക്ക്-ഔട്ട് ട്രീറ്റ്‌മെന്റ് ലഭിക്കുന്നത് സ്പോർട്ടി ഫീൽ ഉയർത്താൻ സഹായിച്ചിട്ടുണ്ട്. കൂടാതെ ചുവന്ന ബ്രേക്ക് കാലിപ്പറുകൾ ഉള്ള വലിയ 20 ഇഞ്ച് അലോയ് വീലുകളും കൂടിയാവുമ്പോൾ സ്പോർട്ടിനെസ് തുളുമ്പിനിൽക്കും. സ്റ്റീൽ ഗ്രേ, വെൽവെറ്റ് റെഡ്, മാജിക് ബ്ലാക്ക്, മൂൺ വൈറ്റ് എന്നിവയുൾപ്പെടെ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് സ്കോഡ ഒക്‌ടാവിയ RS വാഗ്ദാനം ചെയ്യുക.

ഇന്റീരിയറിലേക്ക് കയറിയാൽ കറുത്ത ലെതർ അപ്ഹോൾസ്റ്ററി, റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, അലുമിനിയം പെഡലുകൾ, സ്കഫ് പ്ലേറ്റുകൾ, ഷിഫ്റ്റ് പാഡിൽസുള്ള സ്പോർട് ത്രീ-സ്പോക്ക് ലെതർ മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയിലൂടെയാണ് പെർഫോമൻസ് പതിപ്പ് വേറിട്ടുനിൽക്കുന്നത്. 26.03 സെന്റിമീറ്റർ വെർച്വൽ കോക്ക്പിറ്റ് ഒന്നിലധികം ലേഔട്ടുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. അതേസമയം ഇന്റീരിയർ ആംബിയന്റ് മൂഡ് ലൈറ്റിംഗ് ഡാഷ്‌ബോർഡ്, ഫുട്‌വെൽ, ഫ്രണ്ട് ഡോറുകൾ, റിയർ ഡോറുകൾ എന്നിവയിലേക്ക് വ്യാപിക്കുന്നതും കാണാൻ ചേലാണ്.
സ്ലൈഡിംഗ് പനോരമിക് സൺറൂഫും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. കൊഡിയാക് RS പതിപ്പിൽ അക്കൗസ്റ്റിക് ഫ്രണ്ട് സൈഡ് വിൻഡോകൾ, അധിക അക്കൗസ്റ്റിക് ഇൻസുലേഷൻ, ത്രീ-സോൺ ക്ലൈമട്രോണിക് എസി, വെന്റിലേഷനോടുകൂടിയ ഫ്രണ്ട് സ്‌പോർട്‌സ് സീറ്റുകൾ, ഹീറ്റിംഗ്, പവർ അഡ്ജസ്റ്റ്‌മെന്റ്, മെമ്മറി ഫംഗ്ഷൻ, തൈ സപ്പോർട്ട് എക്സ്റ്റെൻഡർ എന്നിവയും ഉൾപ്പെടുന്നുണ്ട്. രണ്ടാം നിരയിൽ സ്ലൈഡിംഗ്, റീക്ലൈനിംഗ് സീറ്റുകൾ, മൂന്ന് ഹെഡ്‌റെസ്റ്റുകൾ, 40:20:40 സ്പ്ലിറ്റ്-ഫോൾഡിംഗ് ബാക്ക്‌റെസ്റ്റ്, രണ്ട് കപ്പ്‌ഹോൾഡറുകളുള്ള ഒരു ആംറെസ്റ്റ് എന്നിവയുണ്ട്.

സ്റ്റിയറിംഗ് കോളം-മൗണ്ടഡ് ഗിയർ സെലക്ടർ, കസ്റ്റമൈസ് ചെയ്യാനാവുന്ന സെന്റർ ഡയലുള്ള സ്മാർട്ട് ഡയലുകൾ, കെസ്സി അഡ്വാൻസ്ഡ് കീലെസ് എൻട്രി, വെർച്വൽ പെഡലുള്ള ഇലക്ട്രിക് ടെയിൽഗേറ്റ്, രണ്ടാം നിരയ്ക്കായി ബൂട്ടിൽ റിമോട്ട് ഫോൾഡിംഗ് പുൾ ഹാൻഡിൽ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ഏരിയ വ്യൂ ക്യാമറ, ഇന്റലിജന്റ് പാർക്ക് അസിസ്റ്റ്, ഓട്ടോ-ഡിമ്മിംഗ് ഫ്രെയിംലെസ് ഇന്റീരിയർ മിറർ കൂടിയാവുമ്പോൾ സംഗതി ഉഷാറായി.
1,984 സിസി ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൊഡിയാക് RS എസ്‌യുവി ഉപയോഗിക്കുന്നത്. 7 സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 265 bhp പവറും 400 Nm ടോർക്കും വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 4×4 സിസ്റ്റം സ്റ്റാൻഡേർഡായി വരുന്നതിനാൽ ഡ്രൈവിംഗ് അടിപൊളിയാവും. എസ്‌യുവിക്ക് 6.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം ടോപ്പ് സ്പീഡ് ഇലക്ട്രോണിക്കലായി 231 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.


Click it and Unblock the Notifications