വാറണ്ടി കൂട്ടിത്തന്നത് ഇതിനായിരുന്നോ? കണ്ണിൽച്ചോരയില്ലാതെ ജനപ്രിയരുടെ വില കൂട്ടി സ്കോഡ
പുതുവർഷപ്പിറവിയോടെ മോഡൽ നിരയിൽ വില വർധിപ്പിക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ വാഹന നിർമാതാക്കളെല്ലാം. മാരുതി സുസുക്കി ജനുവരി 14 മുതൽ വില വർധിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഹ്യുണ്ടായി പോലുള്ള വലിയ കമ്പനികളെല്ലാം ഒന്നാം തീയതി മുതൽ സംഭവം നടപ്പിലാക്കി കഴിഞ്ഞു. ഇപ്പോഴിതാ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡയും മോഡൽ നിരയിൽ വില വർധിപ്പിച്ചിരിക്കുകയാണ്. എൻട്രി ലെവൽ മോഡലായ കൈലാക്കിന് വില കൂട്ടിയതിന് പിന്നാലെ കുഷാഖ്, സ്ലാവിയ എന്നിവയുടെ പുതുക്കിയ വിലകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 34,000 രൂപയോളമാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയിട്ടുള്ളത്.
സ്കോഡയുടെ മിഡ്-സൈസ് സെഡാനായ സ്ലാവിയയുടെ പുതുക്കിയ വില എങ്ങനെയാണെന്ന് ആദ്യം നോക്കാം. ബേസ് വേരിയൻ്റിൻ്റെ വിലയിൽ കൈവെക്കാതെയാണ് കമ്പനി കാറിൻ്റെ വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന മറ്റ് വേരിയൻ്റുകളെ അനുസരിച്ച് 16,000 രൂപ മുതൽ 34,000 രൂപ വരെയാണ് സ്ലാവിയയ്ക്ക് കൂടിയിരിക്കുന്നത്. മുകളിൽ പറഞ്ഞതുപോലെ ബേസ് മോഡൽ 10 ലക്ഷത്തിന് തുടർന്നും വാങ്ങാം.

ക്ലാസിക് ബേസ് മോഡലിന് പുറമെ മൂന്ന് സ്ലാവിയ വേരിയൻ്റുകൾക്ക് വിലയിൽ മാറ്റമില്ല. 15 ലക്ഷം രൂപ വിലയുള്ള മോണ്ടി കാർലോ മാനുവൽ, പ്രസ്റ്റീജ് മാനുവൽ എന്നിവയാണ് പഴയ വിലയിൽ തന്നെ വാങ്ങാനാവുന്നവ. അങ്ങനെ ഇനി മുതൽ സ്കോഡ സ്ലാവിയ വാങ്ങാനിരിക്കുന്നവർ 10 ലക്ഷം മുതൽ 17.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. സെഗ്മെൻ്റിൽ ഏറ്റവും കൂടുതൽ സേഫ്റ്റിയും പെർഫോമൻസും നൽകുന്ന മോഡലുകളിൽ ഒന്നാണ് സ്കോഡ സ്ലാവിയ.
സ്കോഡയുടെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ കുഷാഖിൻ്റെ കാര്യത്തിലേക്ക് വന്നാൽ സിഗ്നേച്ചർ മാനുവൽ ബേസ് മോഡലിന് 5,000 രൂപ ഉയർന്ന് 10.66 ലക്ഷം രൂപയായി പുതിയ എക്സ്ഷോറൂം വില. 5,000 മുതൽ 7,000 രൂപ വരെയുള്ള ചെറിയ വില വർധനവ് മാത്രമാണ് മോഡലിന് മൊത്തത്തിൽ ലഭിച്ചിരിക്കുന്നത്. അങ്ങനെ നിലവിൽ 10.66 ലക്ഷം മുതൽ 18.49 ലക്ഷം വരെയാണ് കുഷാഖിനായി നൽകേണ്ടി വരുന്ന പുതുക്കിയ എക്സ്ഷോറൂം വില.

സ്കോഡ കുഷാഖിന് 2026 ജനുവരിയിൽ തന്നെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിൻ്റെ പ്രീമിയം എസ്‌യുവിയായ കൊഡിയാക്കിൻ്റെ വിലയിൽ മാറ്റമൊന്നും ലഭിച്ചിട്ടില്ല കേട്ടോ. നിലവിൽ 39.99 ലക്ഷം മുതൽ 45.96 ലക്ഷം രൂപ വരെയാണ് മോഡലിനായി മടുക്കേണ്ടി വരുന്ന വില. ഇക്കഴിഞ്ഞ ദിവസം മോഡൽ നിരയിൽ സ്റ്റാൻഡേർഡായി 4 വർഷത്തെ വാറണ്ടിയും നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
ഇതോടൊപ്പം സ്കോഡ ഓട്ടോ ഇന്ത്യ 'സ്കോഡ സൂപ്പർ കെയർ' എന്ന പുതിയ സർവീസ്, ഓണർഷിപ്പ് പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്. വാറണ്ടി, റോഡ്‌സൈഡ് അസിസ്റ്റൻസ്, ഷെഡ്യൂൾഡ് സർവീസ് ആനുകൂല്യങ്ങൾ എന്നിവ ഒരൊറ്റ ഘടനയിലേക്ക് സംയോജിപ്പിക്കുകയാണ് ഈ സംരംഭത്തിൻ്റെ പ്രധാന ഉദ്ദേശം. ഈ പദ്ധതി പ്രകാരം, ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്കോഡ വാഹനങ്ങൾക്കും നാല് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടി, നാല് വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, നാല് ലേബർ-ഫ്രീ സർവീസുകൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.

'സ്കോഡ സൂപ്പർ കെയറിന്' കീഴിലുള്ള 4 ലേബർ-ഫ്രീ സർവീസുകളിൽ 15,000 കിലോമീറ്ററിലും 30,000 കിലോമീറ്ററിലും പീരിയോഡിക് മെയിൻ്റനൻസ് സർവീസുകളും 1,000 കിലോമീറ്ററിലും 7,500 കിലോമീറ്ററിലും പുതുതായി അവതരിപ്പിച്ച രണ്ട് സ്കോഡ ചെക്ക്-ഇൻ സർവീസുകളും ഉൾപ്പെടും. എന്തായാലും ഈ തീരുമാനം കൂടുതൽ ആളുകളെ ഷോറൂമിലെത്തിക്കാൻ സഹായിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.
വില വർധവിന് പിന്നാലെ സ്റ്റാൻഡേർഡ് വാറണ്ടി 4 വർഷമാക്കിയത് ആളുകൾക്ക് ആശ്വാസമാവുന്ന കാര്യമാണ്. 2025 കലണ്ടർ വർഷത്തിൽ എക്കാലത്തേയും മികച്ച വിൽപ്പന കണക്കുകളാണ് സ്കോഡ ഇന്ത്യയിൽ നിന്നും കരസ്ഥമാക്കിയത്. പോയ വർഷം 72,665 കാറുകളാണ് വിറ്റഴിച്ചത്. ഇത് 2024 കലണ്ടർ വർഷത്തിൽ വിറ്റഴിക്കാൻ കഴിഞ്ഞതിൻ്റെ ഇരട്ടിയിലധികമാണ്. ആ വർഷം സ്കോഡയുടെ മൊത്തത്തിലുള്ള വിൽപ്പന വെറും 35,166 യൂണിറ്റുകളായിരുന്നു. അങ്ങനെ കൂടുതൽ ജനകീയ തീരുമാനങ്ങൾ എടുത്തുകൊണ്ട് കമ്പനി മുമ്പോട്ട് പോവുകയാണ്.


Click it and Unblock the Notifications








