ക്രെറ്റക്കുള്ള അടുത്ത 'പണി' മാര്‍ച്ച് 21-ന്; ഇന്ത്യയില്‍ എസ്‌യുവികളെ തട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിയാകുമല്ലോ.
ഒന്നിന് പിറകെ ഒന്നായി പുത്തന്‍ ലോഞ്ചുകളുമായി ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി (Midsize SUV) വിപണിയില്‍ മത്സരം മുറുകുന്നു. റെനോ ഡസ്റ്ററിന് (2026 Renault Duster) പിന്നാലെ ചെക്ക് ബ്രാന്‍ഡായ സ്‌കോഡയുടെ ജനപ്രിയ മോഡലായ കുഷാഖാണ് ആദ്യ മുഖംമിനുക്കലിന് ശേഷം പുറത്തിറങ്ങുന്നത്. വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന കുഷാഖ് ഫെയ്സ്ലിഫ്റ്റിന്റെ (Skoda Kushaq Facelift) വില വിവരങ്ങള്‍ 2026 മാര്‍ച്ച് 21-ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തും. 2021-ല്‍ പുറത്തിറങ്ങിയ ശേഷം കുഷാഖിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് ഇത്.
കുഷാഖിന്റെ ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങളാണ് ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ വരുത്തിയിരിക്കുന്നത്. ക്ലാസിക് പ്ലസ്, സിഗ്‌നേച്ചര്‍, സ്പോര്‍ട്ട്ലൈന്‍, പ്രസ്റ്റീജ്, മോണ്ടെ കാര്‍ലോ എന്നീ അഞ്ച് ട്രിമ്മുകളിലാണ് 2026 കുഷാഖ് ലഭ്യമാകുക. എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 2026 ഏപ്രില്‍ മാസം മുതല്‍ പുതിയ സ്‌കോഡ കുഷാഖിന്റെ ഡെലിവറി തുടങ്ങുമെന്നാണ് സൂചന.

ഫെയ്‌സ്‌ലിഫ്റ്റഡ് കുഷാഖിന്റെ പവര്‍ട്രെയിനില്‍ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല. രണ്ട് കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് കുഷാഖില്‍ തുടര്‍ന്നും സേവനമനുഷ്ഠിക്കുക. ആദ്യത്തെ 1.0 ലിറ്റര്‍ TSI എഞ്ചിന്‍ 115 hp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിനോടൊപ്പം 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന് പുറമെ പുതിയതായി 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുഷാഖിന്റെ ഡ്രൈവിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ നീക്കം സഹായിക്കും. കൂടുതല്‍ പെര്‍ഫോമന്‍സ് ആവശ്യമുള്ളവര്‍ക്ക് 150 hp പവറും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ TSI എഞ്ചിന്‍ തെരഞ്ഞെടുക്കാം. 7-സ്പീഡ് ഡിസിടി (DCT) ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. സ്‌പോര്‍ട്ടിയര്‍ മോഡലായ മോണ്ടെ കാര്‍ലോയിലും ഈ എഞ്ചിനായിരിക്കും ലഭ്യമാകുക.

വാഹനത്തിന്റെ പുറംമോഡിയില്‍ സ്‌കോഡ കോഡിയാക്കിന് സമാനമായ ഡിസൈന്‍ ഘടകങ്ങള്‍ കാണാന്‍ സാധിക്കും. എല്‍ഇഡി ലൈറ്റിംഗ്, കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഇല്യൂമിനേറ്റഡ് സ്‌കോഡ ലെറ്ററിംഗോട് കൂടിയ കണക്റ്റഡ് ടെയില്‍ ലാമ്പുകള്‍ എന്നിവ വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. ബേസ് വേരിയന്റില്‍ പോലും 6 എയര്‍ബാഗുകള്‍, അലോയ് വീലുകള്‍, ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, റിയര്‍ വൈപ്പര്‍, സീക്വന്‍ഷ്യല്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സുപ്രധാന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അകത്തളത്തില്‍ ഗൂഗിള്‍ പവേര്‍ഡ് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മസാജ്, വെന്റിലേഷന്‍ ഫംഗ്ഷനോട് കൂടിയ റിയര്‍ സീറ്റുകള്‍ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറായി 2026 കുഷാഖില്‍ ഇടംപിടിച്ചിരിക്കുന്നു. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഇതിലുണ്ട്. എന്നാല്‍ 360 ഡിഗ്രി ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവ ഇതില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

ഏകദേശം 12 ലക്ഷം രൂപ മുതല്‍ 19 ലക്ഷം രൂപ വരെയാണ് സ്‌കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, മാരുതി വിക്‌ടോറിസ്, ഹോണ്ട എലിവേറ്റ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ടാറ്റ സിയറ എന്നിവയടക്കമുള്ള കരുത്തന്‍മാരോടാണ് കുഷാഖ് മല്ലിടേണ്ടത്. മാര്‍ച്ച് 21-ന് നടക്കുന്ന പുത്തന്‍ എസ്‌യുവിയുടെ ലോഞ്ച് വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നുറപ്പാണ്.
വിപണി സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളില്‍ ഒന്നായ കുഷാഖ് ഇപ്പോള്‍ അപ്‌ഡേറ്റ് ചെ്‌യ്തിരിക്കുന്നത്. കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും പുതിയ ട്രാന്‍സ്മിഷന്‍ ഓപ്ഷനും ആഡംബര ഫീച്ചറുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കുഷാഖ് ഫെയ്സ്ലിഫ്റ്റിന്റെ വിലയും മറ്റ് വിവരങ്ങളും ലോഞ്ചിന് പിന്നാലെ ഞങ്ങളുടെ വെബ്സൈറ്റിലൂടെ വായിക്കാം.


Click it and Unblock the Notifications








