ക്രെറ്റക്കായുള്ള അടുത്ത 'പണി' തുടങ്ങി, മസാജ് ചെയ്‌ത് യാത്ര ചെയ്യാവുന്ന എസ്‌യുവിയുടെ നിർമാണം ആരംഭിച്ചു
ഇന്ത്യൻ വാഹന വിപണിയിൽ പുതിയ പ്രതിഛായ നേടാൻ സ്കോഡയെ സഹായിച്ചവരിൽ പ്രമുഖനാണ് കുഷാഖ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വമ്പൻമാർ ആധിപത്യം സ്ഥാപിച്ചിരുന്ന സമയത്താണ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ഇവൻ എത്തുന്നത്. അന്ന് മാരുതി സുസുക്കിയും ടൊയോട്ടയും പോലുള്ള ബ്രാൻഡുകൾ പോലും ഈ സെഗ്മെൻ്റിൽ എത്തിയിട്ടില്ലായിരുന്നുവെന്നതാണ് സത്യം. യൂറോപ്യൻ നിലവാരത്തോടെ ഇന്ത്യയിൽ നിർമിച്ച എസ്‌യുവി വലിയ തരംഗമാവുകയും ചെയ്‌തിരുന്നു. അഡാറ് സേഫ്റ്റി, നല്ല രണ്ട് പെട്രോൾ എഞ്ചിനുകൾ, വൃത്തിയുള്ള ഡിസൈൻ, താരതമ്യേമന കുറഞ്ഞ വില അങ്ങനെ നിരവധി ഘടകങ്ങൾ ഒത്തുചേരുന്നതായിരുന്നു കുഷാഖ്.
പിന്നീട് ന്യൂജെൻ മോഡലുകൾക്കിടയിൽ പെട്ട് വിൽപ്പന കാര്യമായി കുറയുകയും ചെയ്‌തിരുന്നു. എന്നാൽ കുഷാഖിന് മേക്കേവർ സമ്മാനിച്ചുകൊണ്ട് ഈയിടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. സെഗ്മെന്റിലെ പല മോഡലുകളും നാണിച്ചുപോവുന്ന തരത്തിലുള്ള കിടിലൻ ഫീച്ചറുകളും പുതിയ ഡിസൈനും സമ്മാനിച്ചാണ് സ്കേഡ തങ്ങളുടെ ചക്രവർത്തിയെ പുതുക്കിപണിതിരിക്കുന്നത്.

ഇപ്പോഴിതാ പൂനെയിലെ സ്കോഡ-ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ലോകോത്തര ചക്കൻ പ്ലാന്റിൽ പുതിയ കുഷാഖിന്റെ ഉത്പാദനം ആരംഭിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയുടെ വൈവിധ്യമാർന്ന ഡ്രൈവിംഗ് സാഹചര്യങ്ങൾക്കും വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ മോഡലായിരുന്നു കുഷാഖ്.
പുതിയ കുഷാഖ് നവീകരിച്ച യൂറോപ്യൻ ഡ്രൈവിംഗ് ഡൈനാമിക്സ്, നൂതന ഫീച്ചറുകൾ, യാത്രക്കാരുടെ സുഖം, സുരക്ഷ എന്നിവ ആകർഷകമായ മൂല്യവുമായി സംയോജിപ്പിക്കുന്നുവെന്നാണ് സ്കോഡ പറയുന്നത്. കാഴ്ചയില്‍ സ്‌കോഡ കൊഡിയാക്കിനെ അനുസ്മരിപ്പിക്കുന്ന സ്‌റ്റൈലിംഗാണ് കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ കാണാനാവുക. ലംബമായി അടുക്കിയ ക്രോം സ്ലാറ്റുകളുള്ള റീഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, സെഗ്‌മെന്റഡ് എൽഇഡി ഡിആർഎൽ എന്നിവ മുൻവശത്തിന് ആഡംബര ഫീലാണ് നൽകുന്നത്.

വശക്കാഴ്ച്ചയിൽ 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് കുഷാഖിൻ്റെ പുതുമോഡലിനെ ഗ്ലാമറാക്കുന്നത്. പിൻഭാഗത്ത് സെഗ്‌മെൻ്റഡ് എൽഇഡി ടെയിൽ ലാമ്പുകളാണ് എസ്‌യുവിയിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നീ വ്യത്യസ്‌ത വേരിയൻ്റുകളിലായാണ് എസ്‌യുവിയുടെ വരവ്. ഇൻ്റീരിയറിലും വലിയ നവീകരണങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വലിയ പനോരമിക് സൺറൂഫ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, സീക്വൻഷ്യൽ റിയർ ടേൺ ഇൻഡിക്കേറ്ററുകൾ, മസാജ് ഫംഗ്ഷൻ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാൽ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് സമ്പന്നമായി. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ആദ്യമായി റിയര്‍ സീറ്റ് മസാജ് ഫങ്ഷന്‍ ലഭിക്കുന്ന കാറായി കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മാറിയതും ശ്രദ്ധേയമാണ്.
പ്രീമിയം ലെതറെറ്റ് സീറ്റുകളും 6 വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകളും യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖസൗകര്യം വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സൗകര്യവുമുണ്ടെന്നും സ്കേഡ പറയുന്നു. എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാറ്റമുണ്ട്.
6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സുകള്‍ക്ക് പുറമെ പുതിയ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടി സ്കേഡയുടെ മിഡ്-സൈസ് എസ്‌യുവിയിലേക്ക് വന്നെത്തിയിട്ടുണ്ട്. കുഷാഖിന് സ്‌കോഡ 4 വര്‍ഷത്തെ സൂപ്പര്‍ കെയര്‍ വാറണ്ടി സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ഇത് 6 വര്‍ഷം വരെ നീട്ടാനും കഴിയുമെന്നതിനാൽ ഉടമസ്ഥാവകാശ ചെലവ് തലവേദനയാവില്ല കേട്ടോ.


Click it and Unblock the Notifications








