വിക്ടോറിസും സിയറയുമെല്ലാം കരുതിയിരുന്നോ, സ്കോഡയുടെ പുത്തൻ എസ്‌യുവിയുടെ വില നാളെ അറിയാം
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് പുത്തൻ എസ്‌യുവിയുമായി സ്കോഡ നാളെ എത്തും. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാണിരുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് മാരുതി വിക്ടോറിസിനും ഗ്രാൻഡ് വിറ്റാരയ്ക്കും ടൊയോട്ട ഹൈറൈഡറിനുമെല്ലാം മുമ്പെത്തിയ കുഷാഖാണ് പുതുരൂപവുമായി മാർച്ച് 21-ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. വിപണിയിലെത്തിയതിന് ശേഷം ഇതാദ്യമായാണ് കുഷാഖിന് ഒരു മുഖംമിനുക്കൽ ലഭിക്കുന്നത്. ചെറിയ പരിഷ്ക്കാരങ്ങൾക്ക് പകരം വമ്പൻ മാറ്റങ്ങളോടെയാണ് ചെക്ക് റിപ്പബ്ലിക്കൻ ചക്രവർത്തി ഒരുങ്ങിയിറങ്ങുന്നത്. രൂപവും ഭാവവും ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വില പ്രഖ്യാപനത്തിനായാണ് ആളുകൾ ഇതുവരെ കാത്തിരുന്നത്.
പഴയ എതിരാളികൾക്കൊപ്പം ടാറ്റ സിയറ, ന്യൂജെൻ റെനോ ഡസ്റ്റർ പോലുള്ള പുതുമുഖങ്ങളേയും വിറപ്പിക്കാൻ പാകത്തിനുള്ള വില നിർണയും സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുകയാണെങ്കിൽ ബ്രാൻഡിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. അഡാറ് സേഫ്റ്റി, നല്ല രണ്ട് പെട്രോൾ എഞ്ചിനുകൾ, വൃത്തിയുള്ള ഡിസൈൻ, താരതമ്യേമന കുറഞ്ഞ വില അങ്ങനെ നിരവധി ഘടകങ്ങൾ ഒത്തുചേരുന്നതായിരുന്നു പഴയ കുഷാഖ്.

ഇതുതന്നെ പുത്തൻ ആവർത്തനത്തിലും കാത്തുസൂക്ഷിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. പൂനെയിലെ സ്കോഡ-ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ലോകോത്തര ചക്കൻ പ്ലാന്റിൽ പുതുമോഡലിനായുള്ള നിർമാണം ഇതിനകം തന്നെ ആരംഭിച്ചതിനാൽ ബുക്ക് ചെയ്‌തവർ കാത്തിരുന്ന് മുഷിയില്ല. ഔദ്യോഗിക വില പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നവീകരിച്ച യൂറോപ്യൻ ഡ്രൈവിംഗ് ഡൈനാമിക്സ്, നൂതന ഫീച്ചറുകൾ, യാത്രക്കാരുടെ സുഖം, സുരക്ഷ എന്നിവ ആകർഷകമായ മൂല്യവുമായി സംയോജിപ്പിക്കുന്നുവെന്നാണ് സ്കോഡ പറയുന്നത്. എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് ശ്രദ്ധേയമായ ഡിസൈൻ പരിഷ്ക്കാരങ്ങൾ ലഭിക്കുന്നത് കാണാം. റീഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതുക്കിയ എൽഇഡി ഡിആർഎൽ, പുതിയ ബമ്പർ, പുതുക്കിയ അലോയ് വീലുകൾ എന്നിവയെല്ലാം മുഖംമിനുക്കിയ മോഡലിന്റെ പ്രധാന സവിശേഷതകളാണ്.

പിന്നിൽ ഇലുമിനേറ്റഡ് സ്കോഡ ലെറ്ററിംഗുള്ള കണക്റ്റഡ് ടെയിൽലാമ്പ് സജ്ജീകരണവും പുതുക്കിയ ബമ്പറും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. മൊത്തത്തിൽ കാഴ്ചയില്‍ സ്‌കോഡ കൊഡിയാക്കിനെ അനുസ്മരിപ്പിക്കുന്ന സ്‌റ്റൈലിംഗാണ് കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ കാണാനാവുക. ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നീ വ്യത്യസ്‌ത വേരിയൻ്റുകളിലായാണ് എസ്‌യുവിയുടെ വരവ്.
എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലായാലും യാതൊരു വിധ കുറവുകളുമില്ലാതെയാണ് സ്കോഡ കുഷാഖിന്റെ പുതുമോഡലിനെ പണിതിറക്കുന്നത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വലിയ പനോരമിക് സൺറൂഫ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, സീക്വൻഷ്യൽ റിയർ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം എസ്‌യുവിയുടെ പ്രീമിയംനെസിനെ ഉയർത്തിക്കാട്ടുന്നുണ്ട്.

ഇതുകൂടാതെ മസാജ് ഫംഗ്ഷൻ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാൽ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് സമ്പന്നമായി. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ആദ്യമായി റിയര്‍ സീറ്റ് മസാജ് ഫങ്ഷന്‍ ലഭിക്കുന്ന എസ്‌യുവിയായി കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മാറുന്നുമുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖസൗകര്യം വാഗ്ദാനം ചെയ്യുന്നതിനായി പ്രീമിയം ലെതറെറ്റ് സീറ്റുകളും 6 വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകളും വരെ കമ്പനി ഒരുക്കിയിട്ടുണ്ട്.
ഫ്രണ്ട് സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സൗകര്യവുമുണ്ടെന്നും സ്കോഡ പറയുന്നു. എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാറ്റമുണ്ട്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സുകള്‍ക്ക് പുറമെ പുതിയ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടി എസ്‌യുവിയിലേക്ക് വന്നെത്തിയിട്ടുണ്ട്.
കുഷാഖിന് 4 വര്‍ഷത്തെ സൂപ്പര്‍ കെയര്‍ വാറണ്ടി സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ഇത് 6 വര്‍ഷം വരെ നീട്ടാനും കഴിയുമെന്നതിനാൽ ഓണർഷിപ്പ് കൂടുതൽ എളുപ്പമാവും. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, ടാറ്റ സിയറ, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, മാരുതി ഗ്രാൻഡ് വിറ്റാര, സിട്രൺ എയർക്രോസ് പോലുള്ള വമ്പൻമാരുമായാണ് സ്കോഡയുടെ മോഡൽ മത്സരിക്കേണ്ടത്. ഒപ്പം റെനോ ഡസ്റ്റർ, നിസാൻ ടെക്റ്റൺ എന്നിവരും വെല്ലുവിളി ഉയർത്തും.


Click it and Unblock the Notifications








