കഴിഞ്ഞ മാസം വിറ്റത് വെറും 434 എണ്ണം, എസ്‌യുവിയുടെ വിൽപ്പനയിൽ വമ്പൻ നഷ്‌ടം സഹിച്ച് സ്കോഡ
ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ ഇന്ത്യയിലെ ഉയർത്തെഴുന്നേൽപ്പിന് കാരണക്കാരനായ മോഡലുകളിൽ ഒന്നാണ് കുഷാഖ്. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാണിരുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെത്തിയ കുഷാഖ് തൻ്റേതായ രീതിയിൽ വേറിട്ടുനിൽക്കാൻ എപ്പോഴും ശ്രമിച്ചിരുന്നു. സേഫ്റ്റിയുടെ കാര്യത്തിൽ പോലും ഉയർന്ന മാർക്ക് നേടി വിജയിച്ച എസ്‌യുവി പക്ഷേ വിൽപ്പനയിൽ വലിയ സംഖ്യകളൊന്നും സ്വന്തമാക്കിയിട്ടില്ല. എങ്കിലും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിച്ചിരുന്ന കുഷാഖിൻ്റെ 2026 ജനുവരി മാസത്തെ വിൽപ്പന കണക്കുകൾ കമ്പനിയെ വരെ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം എസ്‌യുവിയുടെ വെറും 434 യൂണിറ്റുകൾ മാത്രമാണ് സ്കോഡയ്ക്ക് വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷം ജനുവരിയിൽ നിരത്തിലെത്തിച്ച 1,371 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പന കണക്കുകളിൽ കുഷാഖിന് 68 ശതമാനത്തിൻ്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ഞെട്ടിക്കുന്ന കണക്കുകളാണെന്നതിൽ സംശയമൊന്നുമില്ല. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചതിനാൽ നിലവിലെ മോഡലിൻ്റെ കച്ചോടം പരിമിതപ്പെടുത്തിയതിനാലാവാം ഇത്രയും കുറഞ്ഞ സംഖ്യകളിലേക്ക് നയിച്ചതെന്നാണ് അനുമാനം.

അടുത്ത മാസം സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണനത്തിന് എത്തുന്നതായിരിക്കും. ഇതുവരെ വില പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ആളുകളെല്ലാം കാത്തിരിക്കുന്നത് ഇതിനായാണ്. ലുക്കിലായാലും ഫീച്ചറുകളിലായാലും ഫോറിൻ എസ്‌യുവികളോട് കിടിപിടിക്കുന്ന രീതിയിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ തങ്ങളുടെ ചക്രവർത്തിയെ ഒരുക്കിയിറക്കിയിരിക്കുന്നത്. വില കൂടി കിടിലമാക്കിയാൽ കൈലാക് പോലെ മറ്റൊരു ഹിറ്റ് പ്രതീക്ഷിക്കാം.
സ്കോഡയുടെ ഗ്ലോബൽ മോഡലുകളിൽ കാണുന്ന സ്റ്റൈൽ ആളുകൾക്ക് എന്തായാലും ഇഷ്‌ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. 2021-ൽ ഇന്ത്യൻ വിപണിയിൽ എത്തിയതിന് ശേഷമുള്ള ആദ്യത്തെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരമാണിത്. അതിനാൽ തന്നെ വമ്പൻ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ കമ്പനി യാതൊരു വിധ മടിയും കാണിച്ചിട്ടില്ല. മൊത്തത്തിലുള്ള രൂപഘടനയും വലിപ്പവും മുൻഗാമിക്ക് സമാനമാണെങ്കിലും കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ നിരവധി പരിഷ്ക്കാരങ്ങളാണ് എത്തിയിരിക്കുന്നത്.

ലംബമായി അടുക്കിയ ക്രോം സ്ലാറ്റുകളുള്ള റീഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, സെഗ്‌മെന്റഡ് എൽഇഡി ഡിആർഎൽ എന്നിവ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് മാറ്റേകുന്നുണ്ട്. 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് വശക്കാഴ്ച്ചയിൽ മിഡ്-സൈസ് എസ്‌യുവിയെ ഗ്ലാമറാക്കുന്നത്. പിൻഭാഗത്ത് സെഗ്‌മെൻ്റഡ് എൽഇഡി ടെയിൽ ലാമ്പുകളാണ് വാഹനത്തിലെ പ്രധാന ഹൈലൈറ്റ്.
എക്സ്റ്റീരിയർ പോലെ തന്നെ അകത്തളത്തിലും പുതുമോഡൽ മാറ്റങ്ങൾ അവതരിപ്പിക്കുന്നുണ്ട് കേട്ടോ. വലിയ പനോരമിക് സൺറൂഫ്, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആംബിയൻ്റ് ലൈറ്റിംഗ്, സീക്വൻഷ്യൽ റിയർ ടേൺ ഇൻഡിക്കേറ്ററുകൾ, മസാജ് ഫംഗ്ഷൻ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാൽ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് സമ്പന്നമായി.

ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നീ വേരിയൻ്റുകളിലായിരിക്കും സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് വിപണനത്തിന് എത്തുക. എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റങ്ങളൊന്നും ഇല്ല. മുമ്പുണ്ടായിരുന്ന അതേ 1.0 ലിറ്റർ TSI പെട്രോൾ, 1.5 ലിറ്റർ TSI പെട്രോൾ തന്നെയാണ് മിഡ്-സൈസ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പുതിയ ഗിയർബോക്‌സ് ഓപ്ഷനും മോഡലിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 114 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിൻ 6 സ്പീഡ് മാനുവലുമായി വാങ്ങാം. മുമ്പത്തെ 6 സ്പീഡ് ടോർക്ക് കൺവെർട്ടറിന് പകരമായി ഇപ്പോൾ ഒരു പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കുഷാഖിൽ എത്തിയിട്ടുണ്ട്. മറുവശത്ത് 1.5 ലിറ്റർ എഞ്ചിൻ 148 bhp പവറോളം നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇതിൽ പക്ഷേ 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമാവും ലഭ്യമാവുക.


Click it and Unblock the Notifications








