പുതിയ നേട്ടത്തിൽ സ്കോഡയുടെ ചക്രവർത്തി, 1 ലക്ഷം കുടുംബങ്ങളെ ഹാപ്പിയാക്കി കുഷാഖിന്റെ തേരോട്ടം
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് കാലങ്ങൾക്ക് മുമ്പേ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ഒരു ചക്രവർത്തിയെ അവതരിപ്പിക്കുകയുണ്ടായി. നല്ല സേഫ്റ്റിയും യൂറോപ്യൻ നിർമാണ നിലവാരവും രണ്ട് കിടിലൻ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമെല്ലാമായി എത്തിയ കുഷാഖായിരുന്നു അത്. പ്രാദേശികമായി ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ മോഡൽ പലരുടേയും ഫേവറീറ്റ് വണ്ടികളിൽ ഒന്നാണ്. വലിയ ഭീമാകാരമായ എസ്‌യുവിയൊന്നും വേണ്ട, നല്ല പെർഫോമൻസും സുരക്ഷയുമുള്ള മോഡൽ തേടിയിറങ്ങുന്നവർക്കുള്ള ഉത്തരം കൂടിയായിരുന്നു കുഷാഖ്. ഇപ്പോഴിതാ വിൽപ്പനയിൽ സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് മോഡൽ.
2021 ജൂൺ 28-ന് പുറത്തിറങ്ങിയ സ്കോഡ കുഷാഖ് 1 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ലാണ് താണ്ടിയിരിക്കുന്നത്. ഹ്യുണ്ടായിയും മാരുതിയും പോലെ വലിയ നിർമാണ ശേഷിയൊന്നും രാജ്യത്ത് ഇല്ലാത്തതിനാൽ വിപണിയിലെത്തി 5 വർഷങ്ങൾക്കിപ്പുറമാണ് എസ്‌യുവി ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. ഇതുവരെ 4,500 യൂണിറ്റിലധികം കയറ്റുമതി വിപണികൾക്കായും ബാക്കി ആഭ്യന്തര നിരത്തുകൾക്കുമായാണ് സ്കോഡ വിറ്റഴിച്ചിരിക്കുന്നത്.

ഉയർന്ന പ്രാദേശികവൽക്കരിച്ച മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്കോഡയുടെ ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിലുള്ള ആദ്യ മോഡലായ കുഷാഖ് ഇന്ത്യൻ വിപണിക്കായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്. കൂടാതെ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ചെക്ക് കാർ നിർമാതാവിന്റെ ആദ്യ പ്രൊഡക്ഷൻ മോഡൽ കൂടിയാണിത്. വിൽപ്പന ആരംഭിച്ച 2022 സാമ്പത്തിക വർഷത്തിൽ കുഷാഖിന്റെ 21,427 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്.
ഇത് സ്കോഡ ഇന്ത്യയുടെ എസ്‌യുവി വിൽപ്പനയുടെ മൊത്തം 98.05 ശതമാനമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിനുശേഷം 2023 സാമ്പത്തിക വർഷം കുഷാഖിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച വർഷമായി രേഖപ്പെടുത്തുകയും ചെയ്‌തി. അക്കാലയളവിൽ മോഡലിന്റെ 25,300 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2024 സാമ്പത്തിക വർഷത്തിൽ ആദ്യമായി വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. വാർഷികാടിസ്ഥാനത്തിൽ 7.53 ശതമാനം ഇടിവ് രേഖപ്പെടുത്തി 23,396 യൂണിറ്റുകളായി കച്ചോടം ചുരുങ്ങി.

2025 സാമ്പത്തിക വർഷത്തിലും വിൽപ്പനയിൽ ഇടിവ് തുടർന്നത് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് നിരാശ സമ്മാനിക്കുന്നതായിരുന്നു. ഇക്കാലയളവിൽ വിൽപ്പന 26 ശതമാനം ഇടിഞ്ഞ് 17,363 യൂണിറ്റായാണ് കുറഞ്ഞത്. 2026 സാമ്പത്തിക വർഷത്തിൽ കുഷാഖിന്റെ ഏറ്റവും കുറഞ്ഞ വാർഷിക വിൽപ്പന 10,191 യൂണിറ്റായി രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41 ശതമാനം ഇടിവാണ്. ആദ്യ തലമുറ കുഷാഖിന് അടുത്തിടെ 2026 മാർച്ചിൽ ഒരു മുഖംമിനുക്കലും ലഭിച്ചിരുന്നു.
ഇതിനുശേഷം വിൽപ്പനയുടെ വേഗം കൂടുകയും ചെയ്‌തിട്ടുണ്ട്. 2026 മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ സ്കോഡ അപ്ഡേറ്റ് ചെയ്ത കുഷാക്കിന്റെ 5,468 യൂണിറ്റുകൾ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിലേക്ക് അയച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 2,324 യൂണിറ്റുകളേക്കാൾ 135 ശതമാനത്തിന്റെ വർധനവാണ് ഇതിലൂടെ നേടിയെടുക്കാൻ ബ്രാൻഡിനായത്. അടുത്തിടെ മുഖംമിനുക്കിയെത്തിയ കുഷാഖ് സെഗ്മെന്റിലെ പല മോഡലുകളേക്കാളും വിലക്കുറവിൽ വാങ്ങിക്കാനാവും.

മാത്രമല്ല, ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും ബേസ് മോഡൽ മുതൽ അലോയ് വീലുമെല്ലാം നൽകുന്ന മറ്റൊരു എസ്‌യുവി വിപണിയിൽ വേറിയില്ലെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നീ അഞ്ച് വേരിയന്റുകളിലാണ് മോഡൽ തെരഞ്ഞെടുക്കാനാവുന്നത്. 10.69 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് പുത്തൻ സ്കോഡ കുഷാഖിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങൾ, കൂടുതൽ സവിശേഷതകൾ, പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് പോലുള്ള വമ്പൻ മാറ്റങ്ങളോടെയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അരങ്ങത്തേക്ക് എത്തിയിരിക്കുന്നതും. 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാറ്റമുണ്ട്. 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സുകള്‍ക്ക് പുറമെ പുതിയ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടി കുഷാഖിലേക്ക് അവതരിപ്പിച്ചത് ശ്രദ്ധേയമായ കാര്യമാണ്.


Click it and Unblock the Notifications