7.59 ലക്ഷത്തിന്റെ സ്കോഡ എസ്‌യുവി വാങ്ങാൻ വരുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്, കാരണക്കാരൻ നെക്സോൺ
കഴിഞ്ഞ കുറച്ച് കാലമായി എടുക്കുന്ന തീരുമാനങ്ങളെല്ലാം ശരിയാണെന്ന് തെളിയിച്ച് മുന്നോട്ട് കുതിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഇന്ത്യക്കായി ഇന്ത്യയിൽ നിർമിച്ച മൂവർ സംഘം നല്ല പേര് സമ്പാദിച്ച് കൊടുത്തതിന് പുറമെ വിൽപ്പനയിലും ബ്രാൻഡിന് നേട്ടമുണ്ടാക്കി കൊടുക്കുന്നുണ്ട്. നിലവിൽ സ്കോഡയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന വാഹനം കൈലാക് എന്ന കോംപാക്‌ട് എസ്‌യുവിയാണ്. ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെൻ്റ് ഭരിക്കുന്ന ടാറ്റ നെക്സോണിനെയും മാരുതി സുസുക്കി ബ്രെസയെയും വെല്ലുവിളിക്കാൻ എത്തിയ പടക്കുതിരയ്ക്ക് നിലവിൽ അരലക്ഷത്തിലധികം സന്തോഷവാൻമാരായ ഉടകളുമുണ്ട്.
താങ്ങാനാവുന്ന വില, അന്യായ സേഫ്റ്റി, നല്ല ടിഎസ്ഐ പെട്രോൾ എഞ്ചിൻ, മോഡേൺ ഫീച്ചറുകൾ എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്ന കൈലാക് പലരുടേയും ഡ്രീം കാറുകളിൽ ഒന്നാണ്. പക്ഷേ കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഞെട്ടിത്തരിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. വളരെ അപ്രതീക്ഷിതമായി എസ്‌യുവിയുടെ വിൽപ്പനയിൽ ഇടിവ് സംഭവിച്ചതാണ് ഇതിന്റെ കാരണം.

2026 ഏപ്രിൽ മാസത്തിൽ സ്കോഡ കൈലാക്കിന്റെ 4,089 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിയത്. ഇത് 2025 ഏപ്രിൽ മാസം നിരത്തിലെത്തിച്ച 5,364 യൂണിറ്റുകളേക്കാൾ കുറവാണ്. വാർഷിക വിൽപ്പന താരതമ്യം ചെയ്യുമ്പോൾ കോംപാക്‌ട് എസ്‌യുവിയുടെ വിൽപ്പനയിൽ 24 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. സ്കോഡയുടെ ആദ്യത്തെ സബ്-4 മീറ്റർ എസ്‌യുവിയാണ് കൈലാക്കിന് അപ്രതീക്ഷിതമായാണ് ഇടിവുണ്ടായിരിക്കുന്നത് എന്നതിനാൽ ഇത് നികത്താനുള്ള ശ്രമവും ബ്രാൻഡിന്റെ ഭാഗത്തുനിന്നുമുണ്ടായേക്കും.
ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിൻ്റെ നിർമാണ ശേഷി മാരുതിയെയും ടാറ്റയെയും വെച്ച് താരതമ്യപ്പെടുത്താനാവാത്തതാണ്. വളരെ ചെറിയ അളവിൽ മാത്രം നിർമാണ ശേഷിയുള്ളതിനാൽ നെക്സോണും ബ്രെസയും വിൽക്കുന്ന അത്രയും വലിയ സംഖ്യകളിൽ ഒരിക്കലും വിൽക്കാനാവില്ലെന്ന ഉറച്ച ബോധമുണ്ട്. ഓരോ മാസവും 4,000 മുതൽ 5,000 വരെയാണ് സ്കോഡ ഉന്നംവെക്കുന്ന വിൽപ്പന കണക്കുകൾ. എന്തായാലും അത് മറികടക്കാൻ കമ്പനിക്കാവുന്നുമുണ്ട്.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിന്നുള്ള നിരവധി ഇന്ത്യൻ മോഡലുകൾക്ക് അടിസ്ഥാനമായിരിക്കുന്ന MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് കൈലാക്കും നിർമിച്ചിരിക്കുന്നത്. സ്കോഡയുടെ മോഡേൺ സോളിഡ് ഡിസൈൻ തത്വങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്കും നൽകാനാവും.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിക്ക് വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്നതാണ്. ടോപ്പ് സ്പീഡ് 188 കിലോമീറ്ററായി ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ നിജപ്പെടുത്തിയിട്ടുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കിയിട്ടുള്ള വാഹനം സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, TPMS പോലുള്ള സേഫ്റ്റി ഫീച്ചറുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യുന്നുമുണ്ട്. സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയുടെ ടോപ്പ് വേരിയൻ്റുകളിൽ 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ആരേയും നിരാശപ്പെടുത്താത്ത രീതിയിലാണ് വാഹനത്തെ കമ്പനി ഒരുക്കിയിരിക്കുന്നത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയെല്ലാം മോഡലിലുണ്ട്.
ഇതുകൂടാതെ വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവയും സ്കോഡ കൈലാക്കിൽ ഒരുക്കിവെച്ചിട്ടുണ്ട്. 7.59 ലക്ഷം മുതൽ 13.65 ലക്ഷം വരെയാണ് മോഡലിന് വരുന്ന എക്സ്ഷോറൂം വില. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ എന്നിവയെ കൂടാതെ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയോടും കൈലാക് മത്സരിക്കുന്നുണ്ട്.


Click it and Unblock the Notifications