മാരുതിക്ക് പോലും 3 വർഷമേയുള്ളൂ... സ്കോഡ കാറുകൾക്ക് ഇനി 4 വർഷം സ്റ്റാൻഡേർഡ് വാറണ്ടി; മടിക്കാതെ വാങ്ങിച്ചോ
ഇന്ത്യയിൽ വലിയൊരു തിരിച്ചുവരവിൻ്റെ പാതയിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. പണ്ട് ഉയർന്ന മെയിൻ്റനെൻസ് കോസ്റ്റിൻ്റെ പേരിൽ ഏറെ പഴി കേട്ടിരുന്ന കമ്പനി ഇപ്പോൾ മെയ്‌ഡ് ഇൻ ഇന്ത്യ മോഡലുകളുമായാണ് കളംനിറഞ്ഞുനിൽക്കുന്നത്. ഒക്‌ടാവിയ, സൂപ്പർബ്, ഫാബിയ, റാപ്പിഡ് തുടങ്ങിട പഴയ പടക്കുതിരകളെയെല്ലാം നിരയിൽ നിന്നും ഒഴിവാക്കി കുഷാഖ്, സ്ലാവിയ, കൈലാക് എന്നീ ത്രിമൂർത്തികളിലൂടെ വീണ്ടും വാഴ്ത്തപ്പെട്ടവനായി സ്കോഡ മാറിയിട്ടുണ്ട്. ഒപ്പം പ്രീമിയം കാറുകളായ ഒക്‌ടാവിയ RS, കൊഡിയാക് എന്നിവരേയും കൂട്ടി എല്ലാത്തരം ആളുകളേയും സ്കോഡ വശത്താക്കിയെന്ന് പറയാം.
ഇനിയും കൂടുതൽ ആളുകളെ ചാക്കിലാക്കാനുള്ള പദ്ധതികളും അണിനിരത്തി കുതിച്ചുപായാനുള്ള തയാറെടുപ്പിലാണ് ചെക്ക് ബ്രാൻഡ്. അതിൻ്റെ ഭാഗമായി ഇപ്പോഴിതാ മോഡൽ നിരയിൽ സ്റ്റാൻഡേർഡായി 4 വർഷത്തെ വാറണ്ടിയും നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം സ്കോഡ ഓട്ടോ ഇന്ത്യ 'സ്കോഡ സൂപ്പർ കെയർ' എന്ന പുതിയ സർവീസ്, ഓണർഷിപ്പ് പ്രോഗ്രാമും അവതരിപ്പിച്ചിരിക്കുകയാണ്.

വാറന്റി, റോഡ്‌സൈഡ് അസിസ്റ്റൻസ്, ഷെഡ്യൂൾഡ് സർവീസ് ആനുകൂല്യങ്ങൾ എന്നിവ ഒരൊറ്റ ഘടനയിലേക്ക് സംയോജിപ്പിക്കുകയാണ് ഈ സംരംഭത്തിൻ്റെ പ്രധാന ഉദ്ദേശം. അതുവഴി വാഹന ഉടമസ്ഥാവകാശം ലളിതമാക്കാനും ഉപഭോക്താക്കൾക്ക് ചെലവ് പ്രവചിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും സ്കോഡ ഓട്ടോ ലക്ഷ്യമിടുകയാണ്. ഈ പദ്ധതി പ്രകാരം, ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്കോഡ വാഹനങ്ങൾക്കും നാല് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടി, നാല് വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, നാല് ലേബർ-ഫ്രീ സർവീസുകൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.
'സ്കോഡ സൂപ്പർ കെയറിന്' കീഴിലുള്ള 4 ലേബർ-ഫ്രീ സർവീസുകളിൽ 15,000 കിലോമീറ്ററിലും 30,000 കിലോമീറ്ററിലും പീരിയോഡിക് മെയിൻ്റനൻസ് സർവീസുകളും 1,000 കിലോമീറ്ററിലും 7,500 കിലോമീറ്ററിലും പുതുതായി അവതരിപ്പിച്ച രണ്ട് സ്കോഡ ചെക്ക്-ഇൻ സർവീസുകളും ഉൾപ്പെടും. വാഹന ഡെലിവറി കഴിഞ്ഞാലുടൻ ഒരു ഘടനാപരമായ സർവീസ് റിലേഷൻഷിപ്പ് സ്ഥാപിക്കുന്നതിനാണ് ഈ ചെക്ക്-ഇന്നുകൾ വഴി ഉദ്ദേശിക്കുന്നതെന്ന് കമ്പനി പറയുന്നു.

സർവീസ് ചെലവുകളിൽ സുതാര്യത നൽകുന്നതിനും മോഡൽ ലൈനപ്പിലുടനീളം സ്ഥിരതയുള്ള സർവീസ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമാണ് സംയോജിത കവറേജ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ പറഞ്ഞു. എന്തായാലും ആളുകൾക്ക് സ്കോഡ കാറുകൾ വാങ്ങുമ്പോഴുണ്ടാവുന്ന എല്ലാത്തരം ആശങ്കകളും അകറ്റാൻ പുതിയ തീരുമാനങ്ങൾ സഹായിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.
സാധാരണക്കാർക്ക് പോലും ഏറെ ഉപകാരപ്പെടുന്ന ഈ തീരുമാനങ്ങൾ കൈയടി അർഹിക്കുന്നുമുണ്ട്. ഈ കവറേജിനു പുറമേ സ്കോഡ സൂപ്പർ കെയർ സർവീസ് പ്രവർത്തനങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. എളുപ്പത്തിലുള്ള സർവീസ് ബുക്കിംഗ്, ഇനം തിരിച്ചുള്ള ബില്ലിംഗ്, വേഗത്തിലുള്ള ടേൺഅറൗണ്ട് സമയങ്ങൾ, സർവീസ് സ്റ്റാറ്റസിനെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ എന്നിവ ഈ പ്രോഗ്രാമിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്കോഡയുടെ അംഗീകൃത സർവീസ് സെൻ്ററുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, കമ്പനിയുടെ കോൾ സെൻ്റർ എന്നിവയിലൂടെ ഉപഭോക്തൃ പിന്തുണ ലഭ്യമാകും. പുതിയ നീക്കങ്ങളിലൂടെ കൂടുതൽ ആളുകളെ ആകർഷിക്കാനാവുമെന്നാണ് ബ്രാൻഡ് അനുമാനിക്കുന്നത്. 2025 കലണ്ടർ വർഷത്തിൽ എക്കാലത്തേയും മികച്ച വിൽപ്പന കണക്കുകളാണ് സ്കോഡ ഇന്ത്യയിൽ നിന്നും കരസ്ഥമാക്കിയത്. പോയ വർഷം 72,665 കാറുകളാണ് ആഭ്യന്തര വിപണിയിൽ മാത്രം വിപണനം ചെയ്‌തത്.
ഇത് 2024 കലണ്ടർ വർഷത്തിൽ വിറ്റഴിക്കാൻ കഴിഞ്ഞതിൻ്റെ ഇരട്ടിയിലധികമാണ്. ആ വർഷം സ്കോഡയുടെ മൊത്തത്തിലുള്ള വിൽപ്പന വെറും 35,166 യൂണിറ്റുകളായിരുന്നു. ഇത് വാർഷിക വളർച്ചയിൽ 107 ശതമാനത്തിൻ്റെ വർധനവാണ് കാണിക്കുന്നത്. കൈലാക് എന്ന കോംപാക്‌ട് എസ്‌യുവിയുടെ വരവാണ് കമ്പനിയുടെ നേട്ടങ്ങൾക്ക് കാരണമായിരിക്കുന്നത്. ചെറിയ വിലയിലെത്തിയ മിടുക്കനെ ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയുണ്ടായതിൻ്റെ തെളിവാണ് ഈ വലിയ കണക്കുകൾ.


Click it and Unblock the Notifications








