50,000 രൂപയുടെ ഓഫറിനൊപ്പം മെയിൻ്റനെൻസിന് 50% ഡിസ്‌കൗണ്ട്! കൈലാക് ഇപ്പോൾ വാങ്ങിയാൽ വൻലാഭം
കോംപാക്‌ട് എസ്‌യുവി സെഗ്മെൻ്റിൽ കൈലാക് (Skoda Kylaq Compact SUV) എന്ന മിടുമിടുക്കനുമായി മത്സരത്തിനിറങ്ങിയ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ജയിച്ച് കയറിയിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചിരിക്കുന്ന വിഭാഗത്തിൽ അത്രവേഗമൊന്നും വെന്നിക്കൊടി പാറിക്കാൻ സാധിക്കില്ലെന്ന് സ്കോഡയ്ക്ക് നല്ലതുപോലെ അറിയാമായിരുന്നു. അതിനാൽ രൂപംകൊടുത്ത വാഹനം നിസാരക്കാരനല്ലെന്ന് ഉറപ്പുവരുത്തിയാണ് കമ്പനി ഇങ്ങെത്തിച്ചത്. താങ്ങാനാവുന്ന വില, അന്യായ സേഫ്റ്റി, നല്ല ടിഎസ്ഐ പെട്രോൾ എഞ്ചിൻ, മോഡേൺ ഫീച്ചറുകൾ എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്ന കൈലാക് ഹിറ്റടിക്കാൻ വേറെ കാരണം അന്വേഷിക്കേണ്ടതില്ലല്ലോ.
കൈലാക്കിൻ്റെ നിർമാണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ 50,000 യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിടാനും സ്കോഡയ്ക്ക് സാധിച്ചു. ഈ സന്തോഷം ആഘോഷിക്കുവാനായി മോഡലിന് കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുമ്പോട്ട് എത്തിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ്. അതും വാങ്ങാൻ എത്തുന്നവരെ ചാക്കിലാക്കുന്ന കിടിലൻ പ്രഖ്യാപനങ്ങളാണ് സ്കോഡ നടത്തിയിരിക്കുന്നത് കേട്ടോ.

സ്കോഡ കൈലാക് വാങ്ങുന്നവർക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങളും ഒരു വർഷത്തെ മെയിൻ്റനെൻസ് പാക്കേജിൽ 50 ശതമാനം ഡിസ്‌കൗണ്ടുമാണ് സ്കോഡ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, കൈലാക് വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഉറപ്പായ ഒരു സമ്മാനം ലഭിക്കും. ഈ ഓഫറുകൾ 2026 ഫെബ്രുവരി 28 വരെ സാധുവാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും വാഹനം പുറത്തിറക്കിയതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു ഓഫർ ലഭിക്കുന്നത്.
സ്കോഡയുടെ ഏറ്റവും താങ്ങാനാവുന്നതും വിൽപ്പനയിലുള്ളതുമായ ഒരേയൊരു മോഡലാണ് കൈലാക്. കഴിഞ്ഞ വർഷത്തെ ബ്രാൻഡിൻ്റെ വിൽപ്പനയുടെ ഏകദേശം 62 ശതമാനവും സംഭാവന ചെയ്‌തത് ഈ കുഞ്ഞൻ എസ്‌യുവിയായിരുന്നുവെന്നതാണ് രസകരമായ കാര്യം. കഴിഞ്ഞ വർഷത്തെ ജിഎസ്ടി പരിഷ്ക്കാരങ്ങൾ 4 മീറ്ററിൽ താഴെയുള്ള കാറുകളുടെ നികുതി നിരക്ക് കുറയ്ക്കുകയും അതിൻ്റെ ഭാഗമായി കൈലാക് കൂടുതൽ വില കുറഞ്ഞതായി മാറുകയും ചെയ്‌തിരുന്നു.

ഇത് കൈലാക്കിൻ്റെ വിൽപ്പന വർധിക്കാൻ സഹായിച്ചു. വെറും 13 മാസത്തിനുള്ളിലാണ് എസ്‌യുവി 50,000 യൂണിറ്റ് വിൽപ്പനനാഴികക്കല്ല് കൈവരിക്കുന്നത്. ഈയൊരു നേട്ടം ഇത്ര വേഗത്തിൽ കൈവരിക്കുന്ന സ്കോഡയുടെ ആദ്യ കാറാണിത്. കൈലാക്കിനായുള്ള ഡിമാൻ്റ് നിലനിർത്തുന്നതിനായി സ്കോഡ ചക്കാൻ പ്ലാൻ്റിൻ്റെ ഉൽപാദന ശേഷി 30 ശതമാനം വർധിപ്പിക്കുകയും ചെയ്‌തിരുന്നു. അടുത്തിടെ ചെക്ക് കാർ നിർമാതാവ് വാഹനത്തിനായി രണ്ട് പുതിയ ട്രിമ്മുകൾ അവതരിപ്പിച്ചു.
ഇത് മോഡൽ ശ്രേണിയിലെ ലോവർ, മിഡ് സ്പെക്ക് വേരിയൻ്റുകളെ കൂടുതൽ ഫീച്ചർ റിച്ചാക്കുന്നതിനോടൊപ്പം മൂല്യവും കൊണ്ടുവന്നു. സ്കോഡ ഈ വർഷം അവസാനം കൈലാക്കിൻ്റെ ഒരു പുതിയ ടോപ്പ്-ഓഫ്-ലൈൻ സ്പോർട്‌ലൈൻ പതിപ്പും പുറത്തിറക്കും, ഇത് കോസ്മെറ്റിക് മാറ്റങ്ങളോടെയുള്ള കൂടുതൽ സ്പോർട്ടിയർ ലുക്കിംഗ് വേരിയൻ്റായിരിക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയിൽ ലഭ്യമാവുകയുള്ളൂ.

6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. ടോപ്പ് സ്പീഡ് 188 കിലോമീറ്ററായി ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ നിജപ്പെടുത്തിയിട്ടുണ്ട്.
കൈലാക്കിന് നിലവിൽ 7.59 ലക്ഷം മുതൽ 12.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിന്നുള്ള നിരവധി ഇന്ത്യൻ മോഡലുകൾക്ക് അടിസ്ഥാനമായിരിക്കുന്ന MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് കൈലാക്കും നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മാരുതി ഫ്രോങ്ക്സ് എന്നിവയോടാണ് സ്കോഡ കൈലാക്കിൻ്റെ മത്സരം.


Click it and Unblock the Notifications








